covid-vaccine

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് നാളെ മൂന്നാംഘട്ട ഡ്രൈറൺ നടക്കും. ഡ്രൈ റണ്ണിന്റെ നിർദ്ദേശങ്ങൾ അടങ്ങിയ മാർഗനിർദ്ദേശം കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഇന്ന് കൈമാറും. ഹരിയാന, ഉത്തർപ്രദേശ് ഒഴികെയുളള രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ജില്ലകളിലാണ് നാളെ ഡ്രൈ റൺ നടക്കുക. മൂന്നാം ഘട്ട ഡ്രൈ റൺ ഈ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം നടന്നതാണ്.

കൊവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്രത്തിൽ നിന്നുളള ഉന്നതതല സംഘം നാളെ കേരളത്തിലെത്തും. നാഷണൽ സെന്റർ ഫോർ ഡീസീസ് കൺട്രോൾ മേധാവി ഡോ എസ് കെ സിംഗിന്റെ നേതൃത്വത്തിലുളള സംഘമാണ് കേരളത്തിലെത്തുക. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പിന്തുണ നൽകുന്നതിനുമാണ് കേന്ദ്രസംഘം സംസ്ഥാനത്ത് എത്തുന്നത്.

അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും. ജനുവരി 13ന് ആരംഭിക്കുന്ന വാക്‌സിൻ വിതരണ പ്രക്രിയയിൽ പാലിക്കേണ്ട മുൻകരുതലുകൾ ഇന്നത്തെ യോഗത്തിൽ സംസ്ഥാനങ്ങൾക്ക് കൈമാറും.