pm-modi

ന്യൂഡൽഹി: യുഎസ് കാപ്പിറ്റോളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ നടത്തിയ ആക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേണ്ടത് സമാധാനപരമായ അധികാര കൈമാറ്റമാണെന്നും, ജനാധിപത്യ നടപടികളെ പ്രതിഷേധങ്ങളിലൂടെ അട്ടിമറിക്കാൻ പാടില്ലെന്നും മോദി പ്രതികരിച്ചു.

കാപ്പിറ്റോളിലെ പ്രതിഷേധം തന്നെ അങ്ങേയറ്റം വിഷമിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മോദിയുടെ പ്രതികരണം. 'വാഷിംഗ്ടണിലെ അതിക്രമങ്ങളെ കുറിച്ചുളള വാർത്തകൾ കണ്ടപ്പോൾ അങ്ങേയറ്റം സങ്കടം തോന്നി. സമാധാനപരമായ ഭരണ കൈമാറ്റം നിർബന്ധമായും തുടരേണ്ടതുണ്ട്. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ നടപടികൾ തകർക്കാൻ പാടില്ല.' മോദി ട്വീറ്റ് ചെയ്തു.

Distressed to see news about rioting and violence in Washington DC. Orderly and peaceful transfer of power must continue. The democratic process cannot be allowed to be subverted through unlawful protests.

— Narendra Modi (@narendramodi) January 7, 2021

മോദിയെ കൂടാതെ മറ്റ് ലോക നേതാക്കളും യുഎസിൽ നടന്ന പ്രതിഷേധങ്ങളെ അപലപിച്ചു. അപമാനകരമായ സംഭവമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രതികരണം. ട്രംപും അനുയായികളും അമേരിക്കൻ വോട്ടർമാരുടെ തീരുമാനം അംഗീകരിക്കണമെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് ട്വീറ്റ് ചെയ്തു.

ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ട്രംപ് അനുകൂലികൾ യുഎസ് കാപ്പിറ്റോള്‍ കെട്ടിടത്തില്‍ അതിക്രമിച്ചു കയറിയത്.തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി.പ്രതിഷേധത്തിനിടെ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും നിര്‍ത്തിവയ്ക്കുകയും, കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വാഷിംഗ്ടണിൽ കർഫ്യൂ പ്രഖ്യാപിച്ചു.