ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണം ശരിവച്ച് ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ട്. രാജ് കുമാർ കൊല്ലപ്പെട്ടത് ക്രൂര മർദ്ദനമേറ്റെന്നാണ് ജുഡീഷ്യൽ കമ്മിഷന്റെ കണ്ടെത്തൽ. പൊലീസുകാർക്കെതിരെ സ്വീകരിക്കേണ്ട നടപടിയും ശുപാർശ ചെയ്‌തിട്ടുണ്ട്. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അൽപ്പസമയത്തിനകം റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും.
ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം ആരംഭിച്ച് ഒന്നര വർഷത്തിനിടെ രാജ്കുമാർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 73 സാക്ഷികളെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തി. നെടുങ്കണ്ടം സ്റ്റേഷനിലെ എസ് ഐയുടെ മുറിയിൽ വച്ചും ഒന്നാം നിലയിലെ വിശ്രമമുറിയിൽ വച്ചും മർദ്ദിച്ചതായുളള സാക്ഷി മൊഴികൾ വസ്‌തുതാപരമാണെന്നാണ് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത്.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ വിശ്രമമുറി, പൊലീസ് സ്റ്റേഷനിലെ എസ് ഐയുടെ മുറികൾ, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, രാജ് കുമാറിന്റെ വാഗമണ്ണിലെ വീട് തുടങ്ങിയിടങ്ങളിൽ നിന്ന് തെളിവെടുത്തു. രാജ് കുമാറിന്റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും പിന്നെ മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്‌തുതകളും കഴിഞ്ഞ ഒന്നര വർഷത്തിനുളളിൽ പൂർണമായി പരിശോധിച്ചു.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉൾപ്പടെ ഉണ്ടായിട്ടുളള വീഴ്‌ചകൾ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതൽ സ്വീകരിക്കണം എന്നിവ ഉൾക്കൊളളിച്ച നിർദേശങ്ങളും സർക്കാരിന് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിലുണ്ട്.
2019 ജൂലായ് 21നാണ് പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രാജ്കുമാർ മരണപ്പെടുന്നത്. കസ്റ്റഡി മരണത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ പല പോരായ്‌മകളും കണ്ടെത്തിയതിനെ തുടർന്ന് റീ പോസ്റ്റുമോർട്ടം വരെ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് നടത്തി.