ന്യൂഡൽഹി: ഇത്തവണത്തെ റിപബ്ളിക് ദിന പരേഡിന് മുഖ്യാതിഥിയായി ഇന്ത്യ നിശ്ചയിച്ചിരുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണായിരുന്നു. എന്നാൽ ബ്രിട്ടനിൽ പരിവർത്തനം വന്ന കൊവിഡ് സ്ഥിതിഗതികൾ മാറ്റിമറിച്ചു. അവസാന നിമിഷം തനിക്ക് എത്താനാകില്ലെന്ന് ബോറിസ് ജോൺസൺ കേന്ദ്രസർക്കാരിനെ അറിയിച്ചു. ഈ വർഷം നരേന്ദ്രമോദി ജി-7 ഉച്ചകോടിയ്‌ക്ക് ബ്രിട്ടനിൽ എത്തുംമുൻപ് താൻ ഇന്ത്യയിലെത്തുമെന്നാണ് ജോൺസൺ ഇപ്പോൾ നൽകിയിരിക്കുന്ന വിവരം. ജോൺസൺ വന്നിരുന്നെങ്കിൽ 28 വർഷത്തിന് ശേഷം റിപബ്ളിക് ദിനാഘോഷത്തിന് എത്തുന്ന രണ്ടാമത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായേനെ അദ്ദേഹം. 1993ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ജോൺ മേജർ മുഖ്യാതിഥിയായി എത്തിയിരുന്നു.
ഇന്ത്യയുടെ റിപബ്ളിക് ദിനാഘോഷ ചരിത്രത്തിൽ രണ്ട് തവണയെങ്കിലും ഇതുപോലെ പകരം മുഖ്യാതിഥിയെ കണ്ടെത്തേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. 2013ൽ മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് ഒമാൻ സുൽത്താനായ ക്വാബൂസ് ബിൻ സൈദ് അൽ സൈദിനെ മുഖ്യാതിഥിയായി ക്ഷണിച്ചു. എന്നാൽ അദ്ദേഹം ക്ഷണം നിരസിച്ചു. തുടർന്ന് അന്നത്തെ വിദേശകാര്യമന്ത്രിയായ സൽമാൻ ഖുർഷിദ് ഭൂട്ടാൻ സന്ദർശന സമയത്ത് രാജാവായ ജിഗ്‌മേ ഖേസർ നാംഗ്യെൽ വാങ്‌ചുക്കിനെ മുഖ്യാതിഥിയായി ക്ഷണിച്ചു. അദ്ദേഹം റിപബ്ളിക് ദിന പരേഡിൽ പങ്കെടുത്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ 2019ലെ റിപബ്ളിക് ദിന പരേഡിൽ മുഖ്യാതിഥിയായി 2018ൽ ക്ഷണിച്ചതാണ് രണ്ടാമത് സംഭവം. ഔദ്യോഗികമായി ക്ഷണിച്ചില്ലെങ്കിലും ആദ്യം വരാമെന്നേറ്റ ട്രംപ് പിന്നീട് എത്തില്ലെന്ന് അറിയിച്ചു.തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണ പ്രകാരം ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ ആണ് ആ വർഷം മുഖ്യാതിഥിയായത്.
അതിഥികളാരുമില്ലാതെയും ഇന്ത്യയിൽ റിപബ്ളിക് ദിന പരേഡ് നടന്നിട്ടുണ്ട്. മൂന്ന് തവണയാണ് അങ്ങനെയുണ്ടായത്. 1952,1953, 1966 എന്നീ വർഷങ്ങളിൽ. രണ്ടോ അതിലധികമോ അതിഥികളുണ്ടായ വർഷവുമുണ്ട്. 1956,1968,1974 എന്നീ വർഷങ്ങളിലാണത്, 2018ൽ പത്ത് അസിയാൻ രാജ്യ തലവന്മാരായിരുന്നു ഇന്ത്യയുടെ റിപബ്ളിക്ദിന പരേഡിലെ വിശിഷ്‌ടാതിഥികൾ.