speaker

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്‌പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് നോട്ടീസ് നൽകി കസ്‌റ്റംസ്. ഇത്തവണ വീട്ടിലേക്കാണ് നോട്ടീസ് നൽകിയത്. നേരത്തെ നോട്ടീസ് അയച്ചത് ഓഫീസ് വിലാസത്തിലായിരുന്നു. അടുത്ത ദിവസം തന്നെ ഹാജരാകണമെന്നാണ് കസ്‌റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആദ്യം ഹാജരാകാൻ ആവശ്യപ്പെട്ട് കസ്‌റ്രംസ് നൽകിയ നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു കെ.അയ്യപ്പൻ പ്രതികരിച്ചത്. തുടർന്ന് ബുധനാഴ്‌ച രാവിലെ 10ന് ഹാജരാകാൻ ആവശ്യപ്പെട്ട് ചൊവ്വാഴ്‌ച നോട്ടീസ് നൽകി. പക്ഷെ നിയമസഭ ചേരുന്നതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്നും ജോലി തിരക്കുള‌ളതിനാൽ മ‌റ്റൊരു ദിവസം ഹാജരാകാമെന്നും ചൊവ്വാഴ്‌ച കെ.അയ്യപ്പൻ അറിയിച്ചു. അയ്യപ്പൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് അതേസമയം കസ്‌റ്റംസിന്റെ നിലപാട്. ഇന്ന് നൽകിയ നോട്ടീസിനും ഹാജരാകാതിരുന്നാൽ അയ്യപ്പനെതിരെ വാറണ്ട് അടക്കമുള‌ള നടപടിയിലേക്ക് കസ്‌റ്റംസിന് നീങ്ങേണ്ടിവരും.

അതേസമയം താൻ തെ‌റ്റൊന്നും ചെയ്‌തിട്ടില്ലെന്നും കെ. അയ്യപ്പനെതിരായ അന്വേഷണം തടസ്സപ്പെടുത്തില്ലെന്നും സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ അറിയിച്ചു. തന്നെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകിയത് സഭയിൽ ചർച്ച ചെയ്യുമെന്നും കത്ത് നൽകിയത് ചട്ടപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപയുടെ അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തനം നിർത്തുമെന്നും സ്‌പീക്കർ അറിയിച്ചു.