speaker

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനെ തടസപ്പെടുത്തില്ലെന്ന് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. ചട്ടം അനുസരിച്ച് ഇതിന് അനുമതി വേണ്ടതുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസിന് കത്ത് നൽകിയതെന്നും സ്‌പീക്കർ വ്യക്തമാക്കി.

നിയമസഭയുടെ പരിധിയിലുളള ഒരാളുമായി ബന്ധപ്പെട്ട നിയമ പ്രക്രിയക്ക് സ്‌പീക്കറുടെ അനുമതി വേണമെന്നാണ് ചട്ടം 165 പറയുന്നത്. ഇത് എം എൽ എമാർക്ക് മാത്രമല്ല, സ്റ്റാഫിനും ബാധകമാണ്. തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയിൽ നിന്ന് കസ്റ്റംസ് വിവരങ്ങൾ ആരായുന്നതിൽ പ്രശ്‌നമില്ല. ചട്ടം പാലിച്ച് വേണമെന്ന് മാത്രമേ പറയുന്നുളളൂവെന്നും സ്‌പീക്കർ പറഞ്ഞു.

നാൽപ്പത് വർഷമായി പൊതു രംഗത്തുളളയാളാണ് താൻ. ഇക്കാലത്തിനിടയിലൊന്നും ഒരു രൂപയുടെ കൈക്കൂലി ആരോപണം പോലും ഉയർന്നിട്ടില്ല. തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന ഉറച്ച ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ ഒരു ഭയവുമില്ല. തനിക്കെതിരെ വരുന്ന വാർത്തകളൊന്നും ശരിയല്ല. വിവാദങ്ങളിൽ കൂടുതൽ വിശദീകരണത്തിനില്ലെന്നും സ്‌പീക്കർ പറഞ്ഞു.

സ്‌പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ഈ സമ്മേളനത്തിൽ ചർച്ചയ്‌ക്കെടുക്കും. നോട്ടീസിൽ സഭ യുക്തമായ തീരുമാനമെടുക്കും. ചട്ടം അനുസരിച്ച് സ്റ്റാഫിനെ ചോദ്യം ചെയ്യാൻ സ്‌പീക്കറുടെ അനുമതി വേണമെന്നതിനാലാണ് കസ്റ്റംസിന് കത്ത് അയച്ചതെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

സ്‌പീക്കറുടെ സ്റ്റാഫ് അംഗത്തെ ചോദ്യം ചെയ്യണമെങ്കിൽ സ്‌പീക്കറുടെ അനുമതി വേണമെന്ന് വ്യക്തമാക്കി ഇന്നലെയാണ് നിയമസഭ സെക്രട്ടറി കത്ത് നൽകിയത്. നിയമസഭയുടെ പരിധിയിൽ വരുന്നയാൾക്ക് നോട്ടീസ് നൽകണമെങ്കിൽ സ്‌പീക്കറുടെ അനുമതി വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.