ലീഡ്റോജർ മൂർ ജെയിംസ് ബോണ്ടായി അഭിനയിച്ച എ വ്യൂ ടു എ കിൽ എന്ന ചിത്രത്തിൽ നായികയായതോടെയാണ് ടാന്യ റോബർട്സ് ഹോളിവുഡിൽ താരമായി മാറിയത്
ഹോളിവുഡ് നടി ടാന്യ റോബർട്‌സ് ലോക സിനിമയോട് വിടപറഞ്ഞു. തിങ്കളാഴ്ചയായിരുന്നു അന്ത്യം. ക്രിസ്മസ് രാത്രി തന്റെ വളർത്തു നായയുമായി നടക്കാനിറങ്ങിയ താരം കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചതായിരുന്നു. താരം മരിച്ചെന്ന തരത്തിൽ നേരത്തെ വ്യജ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രിയോടെ ടാന്യ മരണത്തിന് കീഴടങ്ങിയെന്ന് നടിയുടെ അടുത്തവൃത്തങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് മൂലമാണ് മരിച്ചതെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും , നടിയ്ക്ക് കൊവിഡ് ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.65 വയസായിരുന്നു പ്രായം.
മോഡലായാണ് ടാന്യയുടെ കരിയറിന്റെ തുടക്കം. വിക്ടോറിയ ലേ ബ്ലം എന്നായിരുന്നു അവരുടെയഥാർത്ഥ നാമം.1975 ൽ ഫോഴ്‌സ്ഡ് എൻട്രിയിലൂടെ ഹോളിവുഡിൽ വരവറിയിച്ചു. എന്നാൽ പ്രശസ്തിയിലെത്തിച്ചത് 1985 ൽ റോജർ മൂറിനൊപ്പം എ വ്യൂ ടു എ കിൽ എന്ന ജയിംസ് ബോണ്ട് ചിത്രത്തിൽ നായികയായി എത്തിയപ്പോഴായിരുന്നു.അതോടെ ഹോളിവുഡിൽ വലിയ ആരാധകനിര സ്വന്തമായി. റാക്വെറ്റ് (1977), ദ് ബീസ്റ്റ് മാസ്റ്റർ (1982), ഷീന: ദ് ക്വീൻ ഓഫ് ജംഗിൾ (1984), നൈറ്റ് അയ്‌സ് (1990) എന്നിവയാണ് ടാന്യയുടെ പ്രധാന ചിത്രങ്ങൾ. സിനിമകൾക്ക് പുറമെ പ്രമുഖ സീരീസുകളിലും അവർ നിറസാന്നിധ്യമായിരുന്നു. 2005ൽ പുറത്തിറങ്ങിയ ബാർബർ ഷോപ്പെന്ന സീരിസിലാണ് അവസാനം അഭിനയിച്ചത്. പരേതനായ ബാരി റോബർട്‌സ് ആണ് ഭർത്താവ്.