കടക്കെണിയിലായ കേരളത്തെപ്പറ്റി ബഡ്ജറ്റ് വേളകളിൽ ധനമന്ത്രിമാർ നിയമസഭയിൽ വിഷമം പറയാറുണ്ട്.പക്ഷേ സർക്കാരിന്റെ കടം ഓരോവർഷവും കൂടിക്കൊണ്ടേയിരിക്കുന്നു. 1957 മുതൽ 2016 വരെയുള്ള 49 വർഷം കൊണ്ട് ഉണ്ടായ ഏകദേശം 1,60,000 കോടി രൂപയുടെ കടം ഈ സർക്കാരിന്റെ കാലത്തു മാത്രം 3, 20,000 കോടിയായി മാറി.
നാലര വർഷം കൊണ്ട് കേരളത്തിന്റെ പൊതുകടം ഇരട്ടിയായിരിക്കുകയാണ്. നിലവിലെ രീതിയിൽ ഇതു കൂടുകയേയുള്ളൂ. വരുമാനത്തിന്റെ 72.45 ശതമാനം ഭാഗവും ശമ്പളവും പെൻഷനും നൽകാനും പലിശ അടയ്ക്കാനും (ശമ്പളം 33.94 ശതമാനം; പെൻഷൻ 20.47 ശതമാനം; പലിശ 18.04 ശതമാനം; മറ്റെല്ലാ ആവശ്യങ്ങൾക്കുമായി 27.55ശതമാനം) വിനിയോഗിക്കുന്ന സംസ്ഥാനത്ത് ഇനിയുള്ള കടമെടുക്കലുകൾ മുഴുവൻ ഈ മൂന്നു കാര്യങ്ങൾക്കു വേണ്ടി മാത്രമായാലും അത്ഭുതപ്പെടാനില്ല.
കടത്തിന്റെ കാരണങ്ങൾ
കടഭാരത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സർക്കാരിന്റെ ധൂർത്താണ്. അനാവശ്യ തസ്തികകൾ സൃഷ്ടിച്ച് എങ്ങുമില്ലാത്ത ശമ്പളത്തോടെ പിൻവാതിൽ നിയമനം നടത്തുന്ന ഇൗ സർക്കാർ അക്കാര്യത്തിൽ റെക്കാഡ് സൃഷ്ടിച്ചിരിക്കുന്നു. രണ്ടാമത്തെ പ്രധാന കാരണം, സർക്കാരുകൾ ജീവനക്കാർക്കുവേണ്ടി മാത്രം നിലകൊള്ളുന്നു എന്നതാണ്. ഇന്ത്യയിൽ എല്ലായിടത്തും പത്തുവർഷത്തിൽ ശമ്പള വർദ്ധന നടപ്പാക്കുമ്പോൾ കേരളത്തിൽ അത് അഞ്ചു വർഷത്തിലാണ്. സംഘടിത ന്യൂനപക്ഷത്തിനുവേണ്ടി അസംഘടിത ഭൂരിപക്ഷത്തിനുമേൽ സർക്കാരുകൾ നടത്തുന്ന കടന്നാക്രമണമാണ് ഓരോ അഞ്ചു വർഷത്തിലും നടപ്പാക്കുന്ന അശാസ്ത്രീയ ശമ്പള വർദ്ധന. 20 ശതമാനം ക്ഷാമബത്ത സഹിതം കേരളത്തിലെ ഏറ്റവും കുറഞ്ഞ ശമ്പളം 19,800 രൂപയും ഉയർന്ന ശമ്പളം 1,44,000 രൂപയുമാണ്. കേന്ദ്രം പ്രഖ്യാപിച്ച അഞ്ച് ശതമാനം ക്ഷാമബത്ത കൂടി വന്നാൽ ഇത് യഥാക്രമം 21,120 രൂപയും 1,53,600 രൂപയും ആകും. കുറഞ്ഞ വാർഷിക വർദ്ധന 500 രൂപയും കൂടിയത് 2400 രൂപയും ആണ്.
കേന്ദ്രം പ്രഖ്യാപിക്കുന്നതിന്റെ ചുവടുപിടിച്ച് ശതമാനക്കണക്കിൽ ക്ഷാമബത്ത കൂടി നൽകുമ്പോൾ ഉയർന്ന ശമ്പളക്കാരന് ഉണ്ടാകുന്ന വർദ്ധന അതിഭീമമാണ്. അഞ്ച് ശതമാനം ക്ഷാമബത്ത നൽകുമ്പോൾ 20,000 രൂപ ശമ്പളക്കാരന് 1000 രൂപയാണ് കൂടുന്നത്. എന്നാൽ, 1,20,000 ശമ്പളക്കാരന് 6000 രൂപ കൂടുന്നു. ക്ഷാമബത്ത നൽകുന്നതിനു പറയുന്ന ന്യായം ദേശീയ വിലസൂചികയിലെ കയറ്റമാണ്. എല്ലാവർക്കും അവശ്യസാധന വിലകൾ കയറുന്നത് ഒരുപോലെ ആണെന്നിരിക്കെ ശതമാനക്കണക്കിലെ ക്ഷാമബത്ത അനീതിയും ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം വർദ്ധിപ്പിക്കുന്നതുമാണ്. ശതമാനക്കണക്കിലെ ക്ഷാമബത്തയുടെയും വ്യത്യസ്ത തുകയുടെ വാർഷിക വർദ്ധനയുടെയും കാര്യത്തിൽ, കഴിഞ്ഞ മൂന്നു ശമ്പള കമ്മിഷനുകളും പൊതുജന അഭിപ്രായം തേടിയിരുന്നു. പക്ഷേ ആ അഭിപ്രായം തേടലിന് കേവലം വഴിപാട് എന്നതിനപ്പുറം പ്രാധാന്യം അവർ നൽകാറില്ല. എല്ലാവർക്കും ഒരേരീതിയിൽ (ഉദാ: 800 അല്ലെങ്കിൽ 1000) ശമ്പള വർദ്ധനയും ശതമാന ക്ഷാമബത്തയ്ക്ക് പകരം എല്ലാവർക്കും നിശ്ചിത തുകയും നൽകുന്ന രീതി വേണമെന്ന് പല സന്നദ്ധ - സാമൂഹ്യ സംഘടനകളും വ്യക്തികളും സർക്കാരിനോട് ആവശ്യപ്പെടാറുണ്ടെങ്കിലും നടക്കാറില്ല. അശാസ്ത്രീയമായ ഈ ശമ്പള ഘടന മൂലം, കുറഞ്ഞതും കൂടിയതുമായ ശമ്പളങ്ങളുടെ വ്യത്യാസം ഓരോവർഷവും കൂടിവരികയും ചെയ്യുന്നു.
ഒരുദാഹരണം ഇതാ. 2009ലെ പരിഷ്കരണത്തിൽ, +2 സീനിയർ അദ്ധ്യാപകരുടെ ശമ്പളം 11,070 നിന്ന് 73.80 ശതമാനം കൂട്ടി 19,240 ആക്കി. സമാന ശമ്പളം ഉണ്ടായിരുന്ന എ.ഇ.ഒ, ഹൈസ്കൂൾ എച്ച്.എം, കൃഷി ഓഫീസർ, വെറ്ററിനറി ഡോക്ടർ തുടങ്ങിയവർക്ക് സ്ഥാപന മേധാവികൾ എന്ന നിലയിൽ, ചിലരുടെ താത്പര്യപ്രകാരം, അന്ന് 500 രൂപ വീതമുള്ള രണ്ട് ഇൻക്രിമെന്റ് കൂടി ചേർത്ത് 20,240 ആക്കി. റിപ്പോർട്ട് ഇറങ്ങിയ ഉടനെ + 2 സീനിയർ അദ്ധ്യാപകരെക്കൊണ്ട് ഒരുദിവസം സമരം നടത്തിച്ചു. അവരുടെയും മറ്റുള്ളവരുടെയും ശമ്പളം മൂന്ന് ഇൻക്രിമെന്റ് ചേർത്ത് 20,740 ആക്കി തീരുമാനിച്ചു. 87.35 ശതമാനം വർദ്ധന. ഇന്ത്യയിൽ വേറെ എവിടെ ഇത് നടക്കും? 2014 ൽ അത് 39,500 ആയി. യഥാർത്ഥത്തിൽ അവരുടെയെല്ലാം ശമ്പളം മൂന്നുവാർഷിക ഇൻക്രിമെന്റ് കുറച്ച് 36,600 ൽ നിൽക്കേണ്ടതായിരുന്നു. കണക്കില്ലാതെ ശമ്പളവും പെൻഷനും നൽകി എത്രനാൾ നമുക്ക് മുമ്പോട്ടുപോകാൻ കഴിയും?
സർക്കാർ ശമ്പളത്തിന്റെ 95 ശതമാനവും പോകുന്നത് ഉത്പാദനക്ഷമമല്ലാത്ത സേവന മേഖലയ്ക്ക് വേണ്ടിയാണ്. ഇന്ത്യയിൽതന്നെ ഏറ്റവും ഉയർന്ന ശമ്പളവും പെൻഷനുമാണിവിടെ. ഇതിന് നിയന്ത്രണം വന്നേ മതിയാകൂ. താഴ്ന്ന ശമ്പളത്തിൽ മാത്രം അല്പം വർദ്ധന ആകാമെങ്കിലും ഉയർന്ന ശമ്പളക്കാർക്ക് വർദ്ധന പാടില്ല. ശമ്പളത്തിനും പെൻഷനും പരിധി ഉണ്ടാകണം.
മറ്റൊരു പ്രധാന കാരണം ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത എയ്ഡഡ് പ്രതിഭാസമാണ്. സർക്കാരിന്റെ സഞ്ചിത നിധിയിൽനിന്നു ശമ്പളം നൽകുന്ന 5,15,639 ൽ 1,38,574 പേരും സർക്കാരിന് ഒരുവിധ നിയമന നിയന്ത്രണവും ഇല്ലാത്ത എയ്ഡഡ് (സ്കൂൾ, കോളേജ്, പോളി, ആയുർവേദ- ഹോമിയോ കോളേജ്) ജീവനക്കാരാണ്. സർക്കാർ നിരക്കിലാണ് ശമ്പളം. അവർക്കായി മാസം ഏകദേശം 900 കോടി രൂപ വേണം. വിരമിക്കൽ ആനുകൂല്യം നൽകാൻ വർഷം 2000 കോടി വേറെ. സർക്കാർ സർവീസിൽ ശരാശരി പ്രവേശനപ്രായം 34 ആണെങ്കിൽ എയ്ഡഡിൽ 26 ആണ്. സേവന കാലദൈർഘ്യം മൂലം പെൻഷനും കൂടുതൽ.തിരഞ്ഞെടുപ്പുകളിലും അവർക്ക് മത്സരിക്കാം. കാരണം അവർ സർക്കാർ ജീവനക്കാരല്ല.