ജലവാർ: കഞ്ചാർ സമുദായത്തിൽപ്പെട്ട മൂപ്പത്തിയാറോളം സ്ത്രീകളെയും കുട്ടികളെയും മദ്ധ്യപ്രദേശിൽ നിന്നെത്തിയ അക്രമി സംഘം തട്ടിക്കൊണ്ടുപോയി. രാജസ്ഥാനിലെ ജലവാർ ജില്ലയിലാണ് സംഭവം. ഉൻഹെൽ പൊലീസ് സ്റ്റേഷന് കീഴിലുള്ള ബമാൻ ദേവ്രിയ, ഹജ്ദിയ എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്.
മദ്ധ്യപ്രദേശിലെ രത്‌ലാം ജില്ലയിലെ അലോട്ട് തഹ്‌സിലിലെ കൽസിയ ഗ്രാമത്തിൽ നിന്നെത്തിയവരാണ് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് എല്ലാവരെയും രക്ഷിച്ചു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആയുധങ്ങളുമായെത്തിയ അക്രമി സംഘം മിനി ബസുകളിലും, സ്വകാര്യ വാഹനങ്ങളിലുമൊക്കെയാണ് സ്ത്രീകളെയും, കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അക്രമികളുടെ വാഹനം പൊലീസ് പിന്തുടരുകയായിരുന്നു. അറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പട്ടികജാതി / പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പടെയുള്ള ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം 94 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൽസിയ ഗ്രാമത്തിൽ പതിവായി മോഷണങ്ങൾ നടക്കുന്നു. ജലവർ ഗ്രാമത്തിലുള്ളവരാണ് ഇതിന് പിന്നിലെന്ന സംശയമാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് സൂചന.