tp-ramakrishnan

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്‌ണൻ. അടിസ്ഥാന വിലയിൽ ഏഴ് ശതമാനം വില വർദ്ധനയെന്ന് നിർദേശമാണിപ്പോൾ കിട്ടിയിട്ടുളളതെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ബിവറേജസ് കോർപറേഷനെടുക്കും. അസംസ്‌കൃത വസ്‌തുക്കളുടെ വില കൂടിയ സാഹചര്യത്തിലാണ് പുതിയ നീക്കമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

മദ്യവിലയുടെ കാര്യത്തിൽ ബെവ്കോയുടെ തീരുമാനം ഉടൻ അംഗീകരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം ചേർന്ന ബെവ്കോ ഡയറ‌ക്‌ടർ ബോർഡ് യോഗമാണ് വിതരണക്കാരിൽ നിന്നും മദ്യം വാങ്ങുന്നതിനുളള അടിസ്ഥാന വിലയിൽ ഏഴ് ശതമാനം വർദ്ധനക്ക് തീരുമാനമെടുത്തത്. നയപരമായ കാര്യമായതിനാൽ അന്തിമ തീരുമാനം സർക്കാരിന് വിട്ടിരിക്കുകയാണ്. ആനുപാതിക നികുതി വർദ്ധന കണക്കിലെടുക്കുമ്പോൾ ലിറ്ററിന് കുറഞ്ഞത് 100 രൂപയുടെ വർദ്ധനവുണ്ടാകും. ഇതും ഉപഭോക്താവ് വഹിക്കേണ്ടി വരും.

ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വർദ്ധന ഉറപ്പായിരിക്കുകയാണ്. മദ്യം ഉത്പാദിപ്പിക്കുന്നതിനുളള എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില കണക്കിലെടുത്താണ് ബിവറേജസ് കോർപ്പറേഷൻ മദ്യം വാങ്ങുന്നതിനുളള കരാർ ഉറപ്പിക്കുന്നത്.

സ്‌പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോൾ ഉറപ്പിച്ച ടെൻഡറനുസരിച്ചാണ് ഇപ്പോഴും ബെവ്കോക്ക് മദ്യം ലഭിക്കുന്നത്. എന്നാൽ സ്‌പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളിൽ നിന്നും വാങ്ങുന്ന മദ്യത്തിന് വിലകൂട്ടിയിരുന്നില്ല. വിതരണക്കാരുടെ തുടർച്ചയായ നിവേദനങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം രണ്ട് തവണ ടെൻഡർ പുതുക്കാൻ നടപടി തുടങ്ങിയെങ്കിലും കൊവിഡ് കണക്കിലെടുത്ത് നീട്ടിവയ്‌ക്കുകയായിരുന്നു. അതിനിടെ കൊവിഡ് കാലത്തെ വരുമാന നഷ്‌ടം കണക്കിലെടുത്ത് മദ്യത്തിന്റെ എക്‌സൈസ് നികുതി 35 ശതമാനം ഉയർത്തുകയും ചെയ്‌തു.