വാഷിംഗ്ടൺ ഡിസി: അമേരിക്കൻ കാപിറ്റോളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ അഴിച്ചുവിട്ട കലാപത്തിലും ആക്രമണത്തിലും നാല്‌പേർ മരണമടഞ്ഞതായി വിവരം. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ യു.എസ് കോൺഗ്രസിന്റെ ഇരു സഭകളും ചേരുമ്പോഴാണ് ട്രംപ് അനുകൂലികൾ ഇരച്ചെത്തി കലാപം അഴിച്ചുവിട്ടത്. സംഭവത്തെ ലോകനേതാക്കൾ അപലപിച്ചിട്ടുണ്ട്.
ബാരിക്കേഡ് ചാടിക്കടക്കുന്നതിനിടെ പൊലീസിന്റെ വെടിയേറ്റാണ് ഒരു വനിത മരണമടഞ്ഞതെന്നും മൂന്നുപേർ മറ്റ് കാരണങ്ങളാലാണ് മരിച്ചതെന്നും കലാപം നിയന്ത്രിക്കുന്നതിന് നിയോഗിച്ച പൊലീസ് പറഞ്ഞു. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 4.15ഓടെ കാപിറ്റോൾ മന്ദിരത്തിൽ പ്രവേശിക്കാതെ കലാപകാരികളെ തടയാനായതായി അമേരിക്കൻ ഭരണകർത്താക്കൾ അറിയിച്ചു. നാല് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണിത്. പ്രതിഷേധക്കാരെ തിരികെ അയക്കാൻ ശ്രമിക്കുകയാണ് പൊലീസ് ഇപ്പോൾ. സ്ഥലത്ത് നിശാനിയമം പ്രഖ്യാപിച്ചിരുന്നത് പ്രതിഷേധക്കാർ ലംഘിച്ചതായി വാഷിംഗ്‌ടൺ മേയർ മുറിയേൽ ബൗസർ അറിയിച്ചു.
അതേസമയം ബഹളക്കാരെ ഒഴിപ്പിച്ച ശേഷം ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യോഗം ചേരാൻ യു.എസ് കോൺഗ്രസ് അംഗങ്ങളോട് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ജോർജിയ സംസ്ഥാനത്തെ രണ്ട് യു.എസ് സെനറ്റ് സീറ്റുകളും ഡെമോക്രാറ്റുകൾ സ്വന്തമാക്കി. എന്നാൽ മിഷിഗൻ, നെവാഡ എന്നിവിടങ്ങളിലെ വിജയം റിപബ്ളിക്കൻ പാർട്ടി ചോദ്യം ചെയ്‌തു. സംഭവത്തെ തുടർന്ന് ന്യൂയോർക്കിൽ നിശാനിയമം 15 ദിവസത്തേക്ക് കൂടി നീട്ടിയതായി മേയർ അറിയിച്ചു. ഇതോടെ ജോ ബൈഡൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിന് തൊട്ടടുത്ത ദിവസം വരെയും വാഷിംഗ്ടണിൽ നിശാനിയമം നടപ്പാക്കും.
As a result of the unprecedented and ongoing violent situation in Washington, D.C., we have required the removal of three @realDonaldTrump Tweets that were posted earlier today for repeated and severe violations of our Civic Integrity policy. https://t.co/k6OkjNG3bM
— Twitter Safety (@TwitterSafety) January 7, 2021
കലാപത്തിന് സഹായകമായ പോസ്‌റ്റുകൾ കണ്ടതിനെ തുടർന്ന് ഫേസ്‌ബുക്ക് ട്രംപിന്റെ ഔദ്യോഗിക പേജ് 24 മണിക്കൂർ നേരത്തേക്ക് വിലക്ക് ഏർപ്പെടുത്തി. കലാപത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് ട്വിറ്റർ ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ ട്രംപിന്റെ അക്കൗണ്ട് ലോക് ചെയ്യുമെന്നും ട്വിറ്റർ അധികൃതർ അറിയിച്ചു.