ക്യാമ്പിംഗ് ഇഷ്ടപ്പെടാത്ത വിനോദ സഞ്ചാരികൾ അപൂർവമാണ്. പ്രകൃതിയെയും മനുഷ്യരെയും ഇണക്കി നിർത്തുന്ന ഒന്നാണ് ക്യാമ്പിംഗ്. രാത്രി മുഴുവൻ കത്തിജ്വലിക്കുന്ന വിറകുകഷ്ണങ്ങളും മൂകസാക്ഷിയായി നിൽക്കുന്ന നക്ഷത്രങ്ങളും ഒക്കെയായി ക്യാമ്പിംഗ് വളരെ മനോഹരമായൊരു അനുഭവം തന്നെയാണ്. എന്നാൽ, ക്യാമ്പിംഗിന്റെ രസം അടങ്ങിയിരിക്കുന്നത് ക്യാംപ് ചെയ്യുന്ന സ്ഥലങ്ങളെ കൂടി ആശ്രയിച്ചാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ചില ക്യാംപിംഗ് ഇടങ്ങളെ അടുത്തറിഞ്ഞാലോ?
സോൻമാർഗ്
ശൈത്യ കാലത്ത് സോൻമാർഗിലെ ക്യാമ്പിംഗ് കുറച്ച് സാഹസികമായി തോന്നുമെങ്കിലും അത് യാത്രക്കാർക്ക് അത്യപൂർവ്വമായ ഒരു അനുഭവം പ്രധാനം ചെയ്യുമെന്ന കാര്യത്തിൽ ലവലേശം സംശയം വേണ്ട. ഹിമാലയത്തോട് ചേർന്ന് വിന്റർ ക്യാംപ് ചെയ്യാൻ പറ്റിയ ഇതിലും നല്ല സ്ഥലം വേറെയില്ല. പർവ്വതങ്ങളെ കണികണ്ടുണരുന്ന പ്രഭാതങ്ങളും നീലാകാശവും രാത്രിയിലെ ശതകോടി നക്ഷത്രങ്ങളും നൽകുന്ന അനുഭവം ഒന്ന് വേറെ തന്നെയാണ്. സ്വർണ്ണത്തിന്റെ പുൽത്തകിടി എന്നറിയപ്പെടുന്ന സോൻമാർഗ് ഇന്ത്യയിലെ ഏറ്റവും മികച്ച വിന്റർ ക്യാമ്പിംഗ് ഡെസ്റ്റിനേഷനുകളിലൊന്നാണ്.
ജയ്സാൽമീർ, രാജസ്ഥാൻ
'ഗോൾഡൻ സിറ്റി ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ജയ്‌സാൽമീർ തീർച്ചയായും ക്യാമ്പിംഗ് ഇഷ്ടപ്പെടുന്ന സഞ്ചാരികൾ പോയിരിക്കേണ്ട ഇടം തന്നെയാണ്. മണൽക്കൂനകളും മരുഭൂമിയുമായി തീർത്തും വ്യത്യസ്തമായൊരു അനുഭവം നല്കുന്ന ക്യാമ്പിംഗാണ് ജയ്സാൽമീറിലേത്. അനാദിയായി കിടക്കുന്ന മരുഭൂമിക്കാഴ്ചകളും അതിനിടയിലൂടെ വരുന്ന സൂര്യനും ഒക്കെയായി കിട്ടുന്ന കാഴ്ചകൾ കൂടുതൽ യാത്രകൾക്കുള്ള ഊർജ്ജം നല്കുമെന്ന് നിസംശയം പറയാം. ജയ്സാൽമീറിലെ മരുഭൂമിയിലെ ക്യാംപിംഗ് സൈറ്റ് 30 ഏക്കർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്.
മസൂറി, ഉത്തരാഖണ്ഡ്
മലകളും കുന്നുകളും താഴ്‌വരകളും ഗ്രാമങ്ങളും ഒക്കെയുള്ളൊരു ക്യാംപിംഗ് സൈറ്റാണ് നിങ്ങളുടെ മനസ്സിലുള്ളതെങ്കിൽ തീർച്ചയായും മസൂറി നിങ്ങൾക്ക് പറ്റിയൊരു സ്ഥലമാണ്. ശുദ്ധമായ വായുവും നന്മയുള്ള ഗ്രാമവും, മികച്ച ക്യാംപിംഗ് അനുഭവങ്ങളും സംയോജിക്കുന്ന ഇവിടം അതിനാൽ തന്നെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
സോലാംഗ് വാലി, ഹിമാചൽ പ്രദേശ്
ക്യാംപിംഗിനെക്കുറിച്ച് പറയുമ്പോൾ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത രണ്ടിടങ്ങളാണ് മണാലിയും സോലാംഗ് വാലിയും. മഞ്ഞു പുതച്ച പർവ്വതങ്ങളും നീലാകാശവുമായി സാഹസിക സഞ്ചാരികൾക്കും യാത്രകളെ പ്രണയിക്കുന്നവർക്കും ഇവിടം വ്യത്യസ്തമായ അനുഭവങ്ങളാണ് പകർന്നു നൽകുന്നത്. ക്യാമ്പിംഗിനൊപ്പം തന്നെ ഇവിടത്തെ ട്രക്കിംഗും പരീക്ഷിക്കേണ്ടതാണ്. കൂടാതെ എവിടെ വേണമെങ്കിലും ക്യാംപ് ചെയ്യാം എന്ന സവിശേഷതയും ഈ പ്രദേശത്തിനുണ്ട്.
സ്പിതി വാലി ഹിമാചൽ പ്രദേശ്
ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാമ്പിംഗ് സൈറ്റുകളിലൊന്നായി സഞ്ചാരികൾ ഒന്നടങ്കം തിരഞ്ഞെടുത്തിരിക്കുന്ന ഇടമാണ് ഹിമാചൽ പ്രദേശിലെ സ്പിതി വാലി. പ്രകൃതിയുടെ മനോഹാരിത അതിന്റെ ഏറ്റവും മഹത്തായ രീതിയിൽ കാണാൻ കഴിയുന്ന സ്പിതി വാലി, ക്യാമ്പിംഗിൽ താല്പര്യമുള്ളവർ നിർബന്ധമായും പോയിരിക്കേണ്ട ഇടമാണ്.
അൻജുന, ഗോവ
ഗോവയിൽ ക്യാമ്പിംഗുനു യോജിച്ച ഏറ്റവും മികച്ച അന്തരീക്ഷം ഒരുക്കുന്ന സ്ഥലമാണ് അൻജുന. ഇവിടെ ക്യാമ്പിംഗിന് പറ്റിയ നിരവധി സ്ഥലങ്ങളുണ്ട്. കടൽത്തീരമായതിനാൽ തന്നെ സൂര്യാസ്തമയ കാഴ്ചകൾ ആസ്വദിക്കാനാണ് സഞ്ചാരികൾക്ക് പ്രിയം. ചക്രവാളത്തിലേക്ക് പറക്കുന്ന പക്ഷികളും ഇളംചൂടും എല്ലാമായി മൊത്തത്തിൽ സുഖകരമായൊരു അന്തരീക്ഷമാണ് ഇവിടെയുള്ളത്. കൂടാതെ, ഇവിടത്തെ വൃത്തിയും ശാന്തതയും എടുത്ത് പറയേണ്ട വസ്തുതകളാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ശൈത്യകാല ക്യാമ്പിംഗ് ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് അഞ്ജുന ബീച്ച്.
ചിക്മംഗ്ളൂർ കർണ്ണാടക
മലമടക്കുകൾക്കിടയിൽ തേയിലത്തോട്ടങ്ങൾക്കും കാപ്പിത്തോട്ടങ്ങൾക്കും അരികിൽ ക്യാമ്പ് ചെയ്യാനാണ് ആഗ്രഹമെങ്കിൽ അതിനു പറ്റിയ ഇടമാണ് ചിക്മംഗ്ളൂർ. പച്ചപുതച്ച കുന്നുകൾക്കു മുകളിലൂടെ ഉദിച്ചുയരുന്ന സൂര്യനും കെട്ടുപിണഞ്ഞു കിടക്കുന്ന ട്രക്കിംഗ് പാതകളും എല്ലാം വൈവിദ്ധ്യമാർന്ന ക്യാമ്പിംഗ് അനുഭവങ്ങളാണ് ക്യാമ്പേഴ്സിന് നല്കുന്നത്.
ഋഷികേശ്
ഇന്ത്യയിൽ ക്യാമ്പിംഗിന് ഏറ്റവും പേരുകേട്ട ഇടമാണ് ഋഷികേശ്. നക്ഷത്രങ്ങളെ സാക്ഷിയാക്കി ഗംഗയുടെ തീരത്ത് ഒരുക്കിയിരിക്കുന്ന നിരവധി ക്യാമ്പ് സൈറ്റുകൾ ഇവിടെ കാണാൻ സാധിക്കും. പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളതെങ്കിലും ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ആർത്തലച്ചൊഴുകുന്ന ഗംഗയുടെ സ്വരം കേട്ട് നക്ഷത്രങ്ങളെ കൊതിതീരെ കണ്ട് തീയുടെ ചുറ്റുമിരുന്നുള്ള രാത്രി ഋഷികേശിനു മാത്രം നൽകാൻ സാധിക്കുന്ന ഒരനുഭവമാണ്.