കോഴിക്കോട്: ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടി പിഴയിടാൻ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കിയ ഇ-ചെലാനിൽ കുടുങ്ങിയത് പതിനായിരത്തിലധികം നിയമലംഘനങ്ങൾ. ഓൺലൈൻ സംവിധാനമൊരുക്കി അഞ്ചുമാസമാകുമ്പോഴേക്കും ഇന്നലെ വരെ ജില്ലയിൽ വിവിധ ഇനങ്ങളിലായി രജിസ്റ്റർ ചെയ്തത് 11591കേസുകൾ. 80, 60792 രൂപ പിഴ ഈടാക്കി. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈയിലെ ഇ- പോസ് മെഷീൻ വഴിയാണ് പ്രവർത്തനം. ജില്ലയിലാകെ എട്ട് സ്ക്വാഡുകളെയാണ് വിന്യസിച്ചിരിക്കുന്നത്. വാഹന നമ്പരോ ഡ്രൈവിംഗ് ലൈസൻസ് നമ്പരോ നൽകിയാൽ വാഹനത്തെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും അറിയാൻ കഴിയും. കറൻസി രഹിത പ്രവർത്തനങ്ങളുടെ ആദ്യപടിയായാണ് ഇ-ചെലാൻ സംവിധാനം. കേസുകൾ വെർച്വൽ കോടതിയിലേയ്ക്ക് കൈമാറാനും ഈ സംവിധാനത്തിലൂടെ കഴിയും.
നിലവിൽ വെർച്വൽ കോടതിയിലേയ്ക്ക് കേസുകൾ കൈമാറുന്നത് എറണാകുളത്ത് മാത്രമാണ്.
നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് സോഫ്റ്റ്‌വെയർ തയ്യാറാക്കിയത്. ഫെഡറൽ ബാങ്ക്, ട്രഷറി വകുപ്പ് എന്നിവയുടെ സഹകരണവും പദ്ധതിക്കുണ്ട്. ഇ- പോസ് സംവിധാനം വന്നതോടെ തൊട്ടതിനെല്ലാം കേസെടുക്കുന്നുവെന്ന ആരോപണം ഉണ്ടായിരുന്നു. എന്നാൽ ഫോട്ടോ അടക്കം കൃത്യമായ തെളിവുകൾ സഹിതമാണ് കേസ് രജിസ്റ്റർ ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പരിശോധനകൾ കർശനമാക്കുകയും നടപടികൾ വേഗത്തിലാക്കുകയും ചെയ്തതോടെയാണ് പരാതികൾ കൂടിയതെന്നും അവർ പറയുന്നു.
''പഴയ രീതിയാണെങ്കിൽ കൂടുതൽ നടപടിക്രമങ്ങളും സമയവും ആവശ്യമായിരുന്നു. എന്നാൽ ഇ-ചെലാൻ വന്നതോടെ കാര്യങ്ങൾ വേഗത്തിലായി. പിഴ അടയ്ക്കാനും കയറിയിറങ്ങി ബുദ്ധിമുട്ടേണ്ട. അപ്‌ലോഡായി കഴിഞ്ഞാൽ മാറ്റാനാകില്ല" - ഷബീർ മുഹമ്മദ് ,മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, എൻഫോഴ്സ്മെന്റ്
''വാഹനങ്ങളുടെ രജിസ്ട്രേഷനും മറ്റും 'വാഹൻ' എന്ന പുതിയ സോഫ്റ്റ് വെയറിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ 'സാരഥി' എന്ന സോഫ്റ്റ് വെയറിലേയ്ക്കും മാറ്റി" -സഹീർ, സീനിയർ സൂപ്രണ്ട്,
കേസുകളും പിഴയും
കേസുകൾ -11591
ഈടാക്കിയ പിഴ- 8,60792
ലൈസൻസ് ഇല്ലാതെ
വാഹനമോടിക്കൽ -515
അമിതവേഗം- 7
മൊബൈൽഫോൺ ഉപയോഗം- 155
വെർച്വൽ കോടതിയിലേയ്ക്ക് കൈമാറിയത്- 7
വാഹനങ്ങളിലെ രൂപമാറ്റത്തിന്- 72