തിരുവനന്തപുരം: എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ കേരളത്തിലേക്ക്. രണ്ടാഴ്‍ചയ്‌ക്കുളളിൽ പവാർ കേരളത്തിലെത്തും. പ്രഫുൽ പട്ടേലും പവാറിനൊപ്പം കേരളത്തിലെത്തും. എൻ സി പി സംസ്ഥാന ഘടകത്തിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് സന്ദർശനം. പാർട്ടിക്കുളളിലെ തർക്കത്തിൽ ശരദ് പവാർ ആർക്കൊപ്പമെന്നത് നിർണായകമാണ്. കേരളത്തിലെത്തി ചർച്ച നടത്തുന്ന പവാർ തിരികെ മുംബയിലെത്തിയ ശേഷമായിരിക്കും മുന്നണി മാറ്റത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
എ കെ ശശീന്ദ്രന് പിന്നാലെ ശരദ് പവാറിനെ കാണാനായി മാണി സി കാപ്പനും പീതാംബരൻ മാസ്റ്ററും സംസ്ഥാന നേതാക്കളെ ഒപ്പം കൂട്ടി ഇന്നലെ മുംബയിൽ എത്തിയിരുന്നു. ഈമാസത്തെ നിയമസഭാ സമ്മേളനത്തിന് ശേഷം ഇടതുമുന്നണി വിടാനാണ് എൻ സി പിയുടെ നീക്കം. എന്നാൽ മുന്നണി വിടുന്നതിനെ ശശീന്ദ്രൻ പക്ഷം ശക്തമായി എതിർക്കുകയാണ്.
പാലയുടെ പേരിൽ മുന്നണി വിട്ടാൽ മറ്റ് സീറ്റുകളുടെ കാര്യത്തിൽ സ്ഥിതി മോശമാവുമെന്നാണ് എ കെ ശശീന്ദ്രന്റെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൂടി കാണിച്ച് എൽ ഡി എഫ് ആണ് കൂടുതൽ സുരക്ഷിത ഇടമെന്നാണ് ശശീന്ദ്രൻ ശരദ് പവാറിനെ അറിയിച്ചത്.