തിരുവനന്തപുരം: കേരള സർവകലാശാല സ്‌പോട്ട് അഡ്‍മിഷൻ നിർത്തിവച്ചു. കൊവിഡ് മാനദണ്ഡം പാലിക്കാതെ ആളുകൾ തടിച്ച് കൂടിയതിനാലാണ് നടപടി. പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് കേരള സർവകലാശാല അറിയിച്ചു. ബി എ, ബി എസ് സി, ബി കോം കോഴ്സുകളിലേക്കായിരുന്നു കേരള സർവകലാശാലയുടെ സ്‌പോട്ട് അഡ്‌മിഷൻ.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ ഒഴികെയുളളവരെ ഒരേ ദിവസം വിളിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. രാവിലെ എട്ട് മുതൽ പത്ത് വരെയായിരുന്നു രജിസ്ട്രേഷൻ സമയം. തിരക്ക് നിയന്ത്രണാതീതമായതോടെ ബി എസ് സിക്കാരുടെ അഡ്മിഷൻ ഉച്ചത്തേക്ക് മാറ്റി. അതോടെ ദൂരെ നിന്ന് വന്നവരടക്കം തിരിച്ചുപോകാതെ സർവകലാശാലയിൽ തന്നെ കാത്തിരിക്കേണ്ട ഗതികേടിലായി.
നേരത്തെ കോളേജുകളിൽ തന്നെ നടത്തിയിരുന്ന സ്‌പോട്ട് അഡ്മിഷൻ പരാതികൾ വ്യാപകമായതോടെയാണ് സർവകലാശാലയിലേക്ക് മാറ്റിയത്. ജനറൽ കാറ്റഗറിക്കാരുടെ അഡ്മിഷനായതുകൊണ്ടാണ് തിരക്കെന്നും കൊല്ലം, പത്തനംതിട്ട ജില്ലകൾക്കായി അടുത്ത ദിവസം സമയം അനുവദിച്ചിട്ടുണ്ടെന്നുമാണ് സർവകലാശാല അധികൃതരുടെ വിശദീകരണം.