തിരുവനന്തപുരം: സാറയുടെ അച്ഛന് പാർലമെന്റിലെ സുരക്ഷാ ചുമതലയാണ്. അമ്മയ്ക്ക് ജോലി കാശ്മീരിലും. തന്റെ രണ്ട് സഹോദരങ്ങൾക്കൊപ്പം കേരള പൊലീസ് ഡോഗ് സ്ക്വാഡിലുളള സാറ എന്ന നായ ഇപ്പോൾ നാട്ടിലെല്ലാം വലിയ പേരായി. കൊലക്കേസ് പ്രതിയെമണംപിടിച്ച് തിരിച്ചറിഞ്ഞതോടെയാണ് സാറ സ്റ്റാറായത്. പോത്തൻകോട് അയിരൂപ്പാറയിൽ രാധാകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനിൽകുമാറിന്റെ വീടാണ് സാറയെന്ന പൊലീസ് നായ മണംപിടിച്ചെത്തി കണ്ടെത്തിയത്.
കൊലനടന്ന സ്ഥലത്തുനിന്ന് ലഭിച്ച വെട്ടുകത്തിയുടെ മണം പിടിച്ചാണ് സമർത്ഥമായി സാറ കൊലപാതകിയെ കണ്ടെത്തിയത്.സാറയുടെ
പരിശീലനചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരായ വിഷ്ണു ശങ്കറും ധനേഷും ഒപ്പമുണ്ടായിരുന്നു.വയലും പുരയിടങ്ങളും ഇടവഴിയും താണ്ടിയാണ് അനിൽ കുമാറിന്റെ മൈലാടുംമുകളിലുള്ള വീടായ രോഹിണി ഭവനിൽ കൃത്യമായി സാറയെത്തിയത്. കൊലപാതക സമയത്ത് അനിൽകുമാർ ഉപയോഗിച്ച രക്തക്കറ പുരണ്ട കൈലി കട്ടിലിന്റെ അടിയിൽ നിന്നാണ് സാറ കണ്ടെത്തിയത്.ഷർട്ട് ഹാളിൽ നിന്നും. ഇരുവസ്ത്രങ്ങളും കടിച്ചെടുത്തുകൊണ്ട് പുറത്തുവന്ന് കുരച്ചാണ് സാറ തെളിവ് ഹാജരാക്കിയത്. നിരീക്ഷണത്തിലായിരുന്ന പ്രതിയെ അതിന് ശേഷമാണ് പൊലീസ് അറസ്റ്റുചെയ്തത്.
വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിലെ മുന്നൂറ്റിഒൻപതാം നമ്പർ ട്രാക്കർ ഡോഗാണ് ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട സാറ.ഗ്വാളിയാറിൽ നിന്നു കൊണ്ടുവന്ന സാറ ബി.എസ്.എഫിന്റെ പരിശീലനം നേടിയ കൂർമ്മ ബുദ്ധിയുള്ള നായയാണ്.