പൃഥ്വികാന്ത് അങ്ങനെയാണ്. അദ്ദേഹത്തിന്റെ രീതികൾ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ലോകം ഉറങ്ങുമ്പോൾ ഉണർന്നു പ്രവർത്തിക്കുകയും എല്ലാവരും സംസാരിക്കുവാൻ ഇഷ്ടപ്പെടുമ്പോൾ നിശബ്ദനായ കേൾവിക്കാരനാകാൻ കൊതിക്കുകയും ചെയ്യുന്ന അപൂർവം വ്യക്തികളിലൊരാൾ. എന്റെ പ്രിയസുഹൃത്തായതുകൊണ്ട് അങ്ങനെയൊരു വാദമുഖം നിരത്തുന്നതല്ല. അനേകവർഷങ്ങളിലെ പരിചയത്തിൽ നിന്നും സൗഹൃദത്തിൽ നിന്നും ഞാൻ മനസിലാക്കിയിട്ടുള്ള കാര്യങ്ങളാണ്. ഈയൊരു പ്രത്യേകത കൊണ്ടുതന്നെയായിരിക്കണം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റെ പ്രവർത്തനരംഗത്ത് അദ്വിതീയമായ വിജയങ്ങളും പ്രശസ്തിയും അദ്ദേഹത്തെ തേടിയെത്തിയത്.
ഐ.പി.എസ് വേണ്ടെന്നുവച്ചപ്പോഴും മേലധികാരികളുടെ താന്തോന്നിത്തങ്ങളും വങ്കത്തരങ്ങളും മടുത്ത് ഔദ്യോഗിക സേവനം വലിച്ചെറിഞ്ഞു പുറത്തുവന്നപ്പോഴും അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും അദ്ദേഹത്തെ പഴിക്കുകയുണ്ടായി. എന്നാൽ പിന്നീടുള്ള അഞ്ചുവർഷക്കാലയളവിൽ തന്റെ അസാമാന്യ ധിഷണകൊണ്ടും പ്രവർത്തനമികവുകൊണ്ടും അദ്ദേഹം ആർജ്ജിച്ച നേട്ടങ്ങൾ അവർക്കെല്ലാമുള്ള ചുട്ട മറുപടിയായിരുന്നു. സ്വകാര്യകുറ്റാന്വേഷണം എന്ന ആശയം തന്നെ വേണ്ടത്ര പ്രചാരം നേടിയിട്ടില്ലാത്ത ആരംഭകാലത്ത് അദ്ദേഹം നിരാശനും അലസനുമായി കാണപ്പെട്ടു. ഐ.പി.എസിന്റെ പ്രൗഢിയിൽ ആദ്യകാലത്ത് ചില പ്രൊപ്പോസലുകളുടെ അന്വേഷണങ്ങളും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള കേസുകളും വന്നുവെങ്കിലും തന്റെ ബുദ്ധിക്കും പ്രവർത്തനശേഷിക്കും വെല്ലുവിളിയുയർത്തുന്ന യാതൊന്നും അതിലില്ലെന്നു കണ്ട് അദ്ദേഹം എല്ലാം നിരസിക്കുകയായിരുന്നു. നീണ്ട ഒഴിവു സമയങ്ങളിൽ പുസ്തകങ്ങൾ വായിച്ചും പാട്ടുകൾ കേട്ടും തന്റെ പ്രിയപ്പെട്ട ഗിറ്റാറിൽ പുതിയ ട്യൂണുകൾ പരീക്ഷിച്ചും രാത്രിയിൽ നഗരത്തിലെ തിയേറ്ററുകളിൽ ചലച്ചിത്രങ്ങൾ ആസ്വദിച്ചും ദിവസങ്ങൾ തള്ളിനീക്കി.
ആയിടയ്ക്കാണ് ഒരുനാൾ നഗരത്തെ ഞെട്ടിച്ചുകൊണ്ട് ഒരു വൻ ബാങ്കുകവർച്ച നടന്നത്. പട്ടാപ്പകൽ ഒരു സഹകരണബാങ്കിൽ മുഖംമൂടി ധാരികളായ നാലുപേർ തോക്കുമായെത്തി അഞ്ചു കോടി രൂപ കവർന്നെടുത്തു രക്ഷപ്പെട്ടു. ഡി.വൈ. എസ്പി ഓഫീസിന്റെ മൂക്കിനു താഴെ നടന്ന ഈ സംഭവം അധികാരികളെ ഞെട്ടിച്ചു. കേസന്വേഷണം അഭിമാനപ്രശ്നമായി എടുത്ത പൊലീസ് പക്ഷേ, പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. കേസ് ഒടുവിൽ പൃഥ്വികാന്തിന്റെ മുമ്പിലെത്തി. അന്വേഷണം ഏറ്റെടുത്ത് ആറാം ദിവസം ഗോവയിലെ ഒരു ടൂറിസ്റ്റ് ഹോമിൽ നിന്നും പ്രതികളെ തൊണ്ടിസഹിതം പിടികൂടി അദ്ദേഹം പൊലീസിനേയും നാടിനെത്തന്നെയും അമ്പരിപ്പിച്ചു. പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോണോ മറ്റു വാർത്താവിനിമയോപാധികളോ ഓപ്പറേഷനിടയിൽ ഒരിക്കൽപോലും ഉപയോഗിക്കാതെ വളരെ മുൻകരുതലോടും ബുദ്ധികൂർമ്മതയോടും കൂടിയായിരുന്നു കവർച്ചക്കാരുടെ നീക്കങ്ങൾ. ഒരിടത്തും ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള ഓപ്പറേഷൻ പൊലീസിനെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ചു. എന്നാൽ സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു ദൃക്സാക്ഷിയുടെ മൊഴിയിൽ നിന്നും ലഭിച്ച സൂചനകളെ അടിസ്ഥാനമാക്കി, കൊള്ളക്കാർ സഞ്ചരിച്ച വാഹനങ്ങളെ അതിസമർത്ഥമായി പിന്തുടർന്ന് അദ്ദേഹം ആറാം നാൾ പ്രതികളുടെ അടുത്തെത്തി. സംസ്ഥാനത്ത് വലിയ ചർച്ചാവിഷയമായ കേസായിരുന്നു അത്.
വടക്കൻ കേരളത്തിൽ ചില ഉന്നതന്മാരുടെ ഒത്താശയോടെ അതിരഹസ്യമായി പ്രവർത്തിച്ചിരുന്ന ഒരു വ്യാജനോട്ടടി സംഘത്തെ വളരെ വിദഗ്ദ്ധമായ നീക്കത്തിലൂടെ നിയമത്തിനു മുന്നിലെത്തിച്ച് തന്റെ പ്രവർത്തനമികവ് ഒരിക്കൽകൂടി അദ്ദേഹം തെളിയിച്ചു. അന്വേഷിച്ച കേസുകളെല്ലാം പൂർണവിജയത്തിലെത്തിയതോടെ പൃഥ്വീകാന്ത് ഐ.പി.എസ് എന്ന സ്വതന്ത്രകുറ്റാന്വേഷകന്റെ ഖ്യാതി രാജ്യമെങ്ങും വ്യാപിച്ചു. നഗരത്തിരക്കിൽ നിന്നും ഒഴിഞ്ഞ് നോർത്ത് കോട്ടച്ചേരിയിലെ മൻസൂർ ഹോസ്പിറ്റൽ ജംഗ്ഷനടുത്തുള്ള മൂന്നുനിലകെട്ടിടത്തിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റ് തേടി സാധാരണക്കാർ തൊട്ട് സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങൾ വരെ എത്തിത്തുടങ്ങി.
കുട്ടിക്കാലം മുതൽ സതീർത്ഥ്യരും സുഹൃത്തുക്കളുമായിരുന്ന ഞങ്ങൾ ഇടക്കാലത്ത് പഠനവുമായി ബന്ധപ്പെട്ട് കുറച്ചുവർഷങ്ങൾ വേറിട്ടു താമസിച്ചെങ്കിലും ഒരിടവേളയ്ക്കുശേഷം വീണ്ടും ഒരേ നഗരത്തിലെ അന്തേവാസികളായി. അദ്ദേഹം സിവിൽ സർവീസ് സെലക്ഷൻ ലഭിച്ച് നോർത്തിന്ത്യയിലേക്ക് പോയവർഷം മാത്രമാണ് ഞങ്ങൾ പിരിഞ്ഞുനിന്നിട്ടുള്ളത്. പരിശീലനം കഴിഞ്ഞ് നാട്ടിൽ നിയമനം ആയപ്പോഴും പത്തുവർഷത്തിനുശേഷം സേവനം അവസാനിപ്പിച്ച് സ്വതന്ത്രകുറ്റാന്വേഷണത്തിലേക്ക് തിരഞ്ഞപ്പോഴും കൂട്ടുപിരിയാത്ത സുഹൃത്തുക്കളായി ഒപ്പമുണ്ടായിരുന്നു. പിന്നിട്ട അഞ്ചുവർഷക്കാലം നിരവധി കേസുകൾ തേടിയെത്തിയിട്ടുണ്ടെങ്കിലും അവ ഏറ്റെടുക്കുന്നതിൽ അദ്ദേഹം അങ്ങേയറ്റം ശ്രദ്ധയും നിഷ്കർഷയും പുലർത്തിയതായി ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അസാധാരണവും വിചിത്രവുമായ സമസ്യകൾ പൂരിപ്പിക്കുന്നതിൽ അതീവ തല്പരനും ശ്രദ്ധാലുവുമായ പൃത്ഥീകാന്ത് തന്റെ യുക്തിബോധത്തിനും ചിന്താസരണിക്കും യോജിക്കുന്നുവെന്ന് പൂർണബോധ്യമുള്ള അന്വേഷണങ്ങൾ മാത്രമേ ഏറ്റെടുക്കാറുള്ളൂ. അങ്ങനെയുള്ള കേസുകൾ കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ ഒരു ഡസനിലധികം ഉണ്ടായിട്ടുണ്ടെങ്കിലും അതിലും എണ്ണപ്പെട്ട ചിലതുമാത്രമേ ഞാൻ എന്റെ കുറിപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. അതെ, കേസുകൾ ഏറ്റെടുക്കുന്നതിൽ അദ്ദേഹം എത്രമാത്രം സെലക്ടീവ് ആയിരുന്നുവോ, അത്രതന്നെ അവ രേഖപ്പെടുത്തുന്നതിൽ ഞാനും നിഷ്കർഷ കാണിച്ചിട്ടുണ്ട്.
കഥയിലേക്ക് കടക്കുമുമ്പ് അല്പം ചില കാര്യങ്ങൾ എന്നെക്കുറിച്ചും പറഞ്ഞുകൊള്ളട്ടെ. അഞ്ചുവർഷം മുമ്പ് അതായത് ഇവിടെ വിവരിക്കാൻ പോകുന്ന സംഭവങ്ങൾ നടക്കുന്ന കാലത്ത് ഈ നഗരത്തിൽ തന്നെയുള്ള 'സിറ്റി നെറ്റ് വർക്ക്" എന്ന പ്രാദേശിക ടെലിവിഷൻ ചാനലിന്റെ എം.ഡി, ചീഫ് എക്സിക്യുട്ടീവ്, ചീഫ് റിപ്പോർട്ടർ എന്നിങ്ങനെ ബഹുമുഖമായ സ്ഥാനമാനങ്ങൾ അലങ്കരിച്ച്, സുഹൃത്തുക്കൾ കളിയാക്കിപ്പറയുന്നതുപോലെ 'ആൾ ഇൻ വൺ" ആയി വിലസിനടക്കുകയായിരുന്നു ഞാൻ. സാമാന്യം തരക്കേടില്ലാത്ത സാമ്പത്തികാടിത്തറയും പബ്ലിസിറ്റിയും പരസ്യദാതാക്കളുമൊക്കെയുള്ള സ്ഥാപനമായിരുന്നു സിറ്റി നെറ്റ് വർക്ക്. കുറച്ചുകാലം മലയാളത്തിലെ ഒന്നുരണ്ടു പ്രമുഖ ചാനലുകളിൽ റിപ്പോർട്ടറായും സബ് എഡിറ്ററായുമൊക്കെ പ്രവർത്തിച്ച് തൃപ്തി പോരാഞ്ഞ് നാട്ടിലേക്ക് വണ്ടി കയറിയതാണ്. അതിനുശേഷമാണ് ചിരകാലാഭിലാഷ സാക്ഷാത്ക്കാരം പോലെ, ഒരു സുഹൃത്തിനെ ഫിനാൻഷ്യൽ പാർട്ണറാക്കി കൂടെ കൂട്ടി പുതിയ ടി.വി ചാനൽ ആരംഭിച്ചത്. സംഗതി ഏതായാലും പെട്ടെന്നു ക്ലച്ചു പിടിച്ചു. അതിനകം പ്രശസ്തനായിക്കഴിഞ്ഞിരുന്ന പൃത്ഥ്വിയുടെ കേസുകളുടെ വൃത്താന്തം, ത്രസിപ്പിക്കുന്ന ക്രൈം സ്റ്റോറികളായി വന്നതോടെ ചാനലിന്റെ പോപ്പുലാരിറ്റിയും എന്റെ ബാങ്കുബാലൻസും അനുദിനം വർദ്ധിച്ചുകൊണ്ടിരുന്നു.
ഞാൻ നീട്ടിപ്പരത്തുന്നില്ല. നമുക്ക് സംഭവത്തിലേക്ക് കടക്കാം. 2015 ഡിസംബർ അവസാനം അതായത്, ക്രിസ്മസ് അവധിക്കാലം തുടങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഒരു ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. നല്ല തണുപ്പുള്ള രാത്രി. മണി ഒമ്പതാവുന്നതേയുള്ളൂ. അത്താഴം നേരത്തേ കഴിച്ച് അന്നത്തെ കേരള കൗമുദി പത്രത്തിലെ ഒരു തലക്കെട്ടിന്റെ ആനുകാലിക പ്രസക്തിയെപ്പറ്റി പൃഥ്വിയും ഞാനും ചൂടുപിടിച്ച വാദപ്രതിവാദത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കാളിംഗ്ബെൽ അടിച്ചത്. ഞങ്ങളുടെ സംഭാഷണം നിന്നു. പതിവനുസരിച്ച് ഞാൻ വാതിൽ തുറന്നു. ഒരു മുൻകരുതൽ എന്ന നിലയ്ക്ക് വാതിൽ തുറക്കുന്നതും അതിഥികളെ സ്വീകരിക്കുന്നതും ഞാൻ തന്നെയാണ്. ആ സമയം പിറകിൽ കൈത്തോക്കിന്റെ ട്രിഗറിൽ വിരലമർത്തി ജാഗരൂകനായി പൃഥ്വി നിൽക്കുന്നുണ്ടാകും.
വാതിൽ തുറന്നപ്പോൾ സുമാർ നാല്പതു വയസ് തോന്നിക്കുന്ന രണ്ടു ചെറുപ്പക്കാർ പുറത്തെ മങ്ങിയ വെളിച്ചത്തിൽ നിൽക്കുന്നതു കണ്ടു. അതിലൊരാൾ 'ഇതുതന്നെയല്ലേ പൃത്ഥ്വികാന്ത് സാറിന്റെ വീട്?" എന്ന് ചോദിച്ചപ്പോൾ 'അതെ"യെന്നു തലയാട്ടി ഞാൻ അവരെ അകത്തേക്ക് ക്ഷീണിച്ചു.
അകത്തെ തെളിഞ്ഞ വെളിച്ചത്തിൽ ആഗതരെ ഞാൻ ആകെയൊന്നു നോക്കി. കാഴ്ചയിൽ തന്നെ ഗ്രാമീണരായ സാധാരണ തൊഴിലാളികളാണെന്നു മനസിലായി. വെളുത്ത് പൊക്കം കൂടിയ ഒന്നാമൻ ചാരനിറമുള്ള പാന്റ്സും തോൾപ്പട്ടയുള്ള ഷർട്ടുമാണ് ധരിച്ചിരുന്നത്. ഏതോ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണെന്നുതോന്നുന്നു. അപരൻ കാവി നിറമുള്ള മുണ്ടും ടീ ഷർട്ടും ധരിച്ച തടിച്ചു കുറുകിയ ഒരാളായിരുന്നു.
''എന്റെ പേര് മാധാവൻ നായർ. ഇതിന്റെ ചേച്ചിയുടെ മകൻ മണികണ്ഠൻ...""
പാന്റ്സിട്ടയാൾ പരിചയപ്പെടുത്തി.
'സാർ ടീവിൽ വാർത്ത വായിക്കുന്ന ഉണ്ണികൃഷ്ണൻ സാറല്ലേ?"
പിറകിൽ നിന്നയാൾ എന്നെ വിടർന്ന കണ്ണുകളോടെ നോക്കി ചോദിച്ചു.
ഞാൻ അതെയെന്നു തലയാട്ടി അയാൾക്കൊരു പുഞ്ചിരി സമ്മാനിച്ചു. 'സെക്യൂരിറ്റിക്കാരൻ" എന്നെയും പൃത്ഥ്വിയേയും മാറി മാറി നോക്കി. ചാനലുകളിൽ പ്രത്യക്ഷപ്പെടാറുള്ള എന്റെ മുഖം പൊതുവേ ആളുകൾക്ക് പരിചിതമായിരുന്നു. എന്നാൽ പൃത്ഥ്വിയുടെ കാര്യം നേരെ മറിച്ചാണ്. കേട്ടറിയുമെന്നല്ലാതെ നേരിട്ടറിയുന്നവർ വളരെ ചുരുക്കം. പ്രശസ്തി ഒട്ടും ആഗ്രഹിക്കാത്തതിനാൽ അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുഖം കൊടുത്തിരുന്നില്ല, പേരും പ്രശസ്തിയും എപ്പോഴും ഭാരമാണെന്ന അഭിപ്രായക്കാരനായിരുന്നു മൂപ്പർ.
ഞാൻ അതിഥികളോട് ഇരിക്കാനാവശ്യപ്പെട്ടപ്പോഴേക്കും വിരലുകൾക്കിടയിൽ പുകഞ്ഞുകൊണ്ടിരുന്ന പാതിതീർന്ന സിഗരറ്റ് ആഷ്ട്രേയിൽ തിരുകി പൃഥ്വി എണീറ്റുവന്നു. ഈ സമയം ആഗതൻ ഉള്ളംകൈയിൽ 'ചുരുട്ടിക്കളിച്ചു"കൊണ്ടിരുന്ന ചെറുതുണ്ടുകടലാസ് അലക്ഷ്യമായി ജനാലയ്ക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞെങ്കിലും അത് ഗ്രില്ലിൽത്തട്ടി മുറിക്കുള്ളിലേക്ക് തന്നെ വീണു. പൃഥ്വി അത് കുനിഞ്ഞെടുത്ത് ഒന്നുനോക്കിയശേഷം മേശക്കിടയിലുള്ള ചവറ്റുകുട്ടയിൽ നിക്ഷേപിച്ചു.
ആഗതർ അദ്ദേഹത്തെ തൊഴുതു. ഞാൻ വാതിലടച്ചു തഴുതിട്ട് അവരുടെ അടുത്തേക്ക് വന്നു.
''പള്ളിക്കരയിൽ നിന്നാണ് വരുന്നത് അല്ലേ! പക്ഷേ, നിങ്ങൾ ഇന്നാട്ടുകാരനല്ലല്ലോ! ഈ രാത്രിയിൽ ധൃതിപിടിച്ച് ലാസ്റ്റ് ബസ് കയറി ഇവിടെവരെ വരണമെങ്കിൽ ഏതോ ഗുരുതരമായ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടാകണം. പറയൂ. എന്താണ് കാര്യം?""
ആഗതരേയും ഒപ്പം എന്നെയും അമ്പരപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ചോദ്യം അപ്രതീക്ഷിതമായിരുന്നു. അതിഥികൾ പരസ്പരം നോക്കി. കുട്ടികളെ വിസ്മയിപ്പിക്കുന്ന ഒരു മാന്ത്രികന്റെ ജാലവിദ്യപോലെ ചില നമ്പരുകൾ ഇടയ്ക്ക് അദ്ദേഹം പ്രയോഗിക്കാറുണ്ട്. തന്നെ കാണാൻ വരുന്ന കക്ഷികളിൽ ആത്മവിശ്വാസം വളർത്തുക എന്ന മനഃശാസ്ത്രപരമായ ഒരു ലക്ഷ്യം അതിനുപിന്നിലുണ്ടായിരുന്നു. ഇതും അതുപോലുള്ള ഒരു വിദ്യയായിരിക്കുമെന്നു മനസിലായതോടെ എന്റെയുള്ളിൽ ചിരി വിടർന്നു.
''മിഴിച്ചുനോക്കണ്ട!""പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു.
''നിങ്ങൾ വലിച്ചെറിഞ്ഞ ബസ് ടിക്കറ്റ് ഞാൻ നോക്കി. കഴിഞ്ഞ ഇരുപത്തിയെട്ടു വർഷമായി മുടക്കമില്ലാതെ ഈ റൂട്ടിലോടുന്ന ശാന്ത് ബസ് എല്ലാവർക്കും സുപരിചിതമാണ്. വടക്കുനിന്നും ഈ നഗരത്തിലേക്ക് വരുന്ന ലാസ്റ്റ് ബസ് അതാണെന്നുമറിയാം. പതിനൊന്നുരൂപാ ടിക്കറ്റിന് ഞാൻ പറഞ്ഞസ്ഥലം വരെ മാത്രമേ യാത്ര ചെയ്യാനൊക്കൂ... പിന്നെ നിങ്ങളുടെ ഭാഷാ പ്രയോഗത്തിൽ നിന്നും ഈ നാട്ടുകാരനല്ലെന്നും മനസിലായി. പയ്യന്നൂരിന് തെക്കുള്ള ഏതോ സ്ഥലത്തെ താമസക്കാരനാണ് നിങ്ങൾ; ശരിയല്ലേ?""
''അതേ...""
ഉമിനീരിറക്കി അയാൾ പറഞ്ഞു.
''പഴയങ്ങാടിക്കടുത്ത്...""
''പഴയങ്ങാടിക്കാരൻ വടക്കുനിന്നുള്ള ലാസ്റ്റ് ബസിന് എങ്ങനെ ഇവിടെയെത്തി?""
''പറയാം സാർ! എല്ലാം പറയാം...പക്ഷേ, അതിനുമുമ്പ് ഞാൻ പെട്ടിട്ടുള്ള മരണക്കെണിയിൽ നിന്നും എന്നെ രക്ഷിക്കാമെന്ന് സാറെനിക്ക് വാക്ക് തരണം.""
''മരണക്കെണിയോ?അതെന്ത്?""
ആശ്ചര്യത്തോടെ അദ്ദേഹം ചോദിച്ചു.
അയാൾ മേശപ്പുറത്ത് വെള്ളം നിറച്ചുവച്ചിരിക്കുന്ന കണ്ണാടിപ്പാത്രത്തിലേക്ക് നോക്കുന്നത് കണ്ട് ഞാൻ ഗ്ലാസിനോടൊപ്പം അത് അയാളുടെ അടുത്തേക്ക് നീക്കിവച്ചുകൊടുത്തു. ഗ്ലാസിലേക്ക് നോക്കുകപോലും ചെയ്യാതെ കൂജ ഇരുകൈകളിലുമെടുത്ത് ആർത്തിയോടെ കുടിച്ചശേഷം അത് സ്നേഹിതന് കൈമാറി. പൃഥ്വികാന്ത് അവരെ അടിമുടി നിരീക്ഷിക്കുന്നത് ഞാൻ കണ്ടു.
ഇടക്ക് അർത്ഥസൂചകമായി അദ്ദേഹം എന്നെ നോക്കിയപ്പോൾ കാര്യം ഗ്രഹിച്ച ഞാൻ മേശയ്ക്കടിയിൽ ഘടിപ്പിച്ച ടേപ്പ് റെക്കോർഡറിന്റെ ബസറിൽ വിരലമർത്തി.
''എന്റെ പേര് മാധവൻ നായർ..."" അയാൾ ഒരിക്കൽകൂടി ആവർത്തിച്ചു.
''പഴയങ്ങാടിക്കടുത്താണ് സ്വദേശമെങ്കിലും കഴിഞ്ഞ ആറുകൊല്ലമായി ചെറുവത്തൂരാണ് താമസം. ഇവിടെയടുത്ത് പൂച്ചക്കാട് എന്ന സ്ഥലത്ത് ഒരിരുമ്പുകടയിൽ നൈറ്റ് വാച്ച്മാനുമായി ജോലി നോക്കുന്നു...""
ഷർട്ടിന്റെ കീഴറ്റം ഉയർത്തി നെറ്റിയിലെ വിയർപ്പ് തുടച്ചശേഷം അയാൾ തുടർന്നു;
''ജോലിക്ക് ചേർന്നിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ. കഴിഞ്ഞ പതിനഞ്ചു കൊല്ലം നാട്ടിൽ ഒരു ഗോഡൗണിൽ ചുമട്ടിറക്കായിരുന്നു പണി. കഴിഞ്ഞകൊല്ലം ജോലിക്കിടയിൽ കാൽതെറ്റിവീണ് നടുവിനും വലതുകാലിനും പരിക്കുപറ്റി. ആറുമാസത്തോളം ചികിത്സയും മറ്റുമായി കഴിഞ്ഞെങ്കിലും ഏനക്കേട് ഇപ്പോഴുമുണ്ട്. പഴയതുപോലെ നടക്കാനും ജോലിചെയ്യാനുമൊന്നും പറ്റാത്ത അവസ്ഥയാണ്. ഭാര്യയും പന്ത്രണ്ടും ഒമ്പതും വയസുള്ള രണ്ടു കുട്ടികളുമുണ്ട്. ജോലി പോയതോടെ വീട്ടിലെ കാര്യം കഷ്ടത്തിലായി. കൈയിലുണ്ടായിരുന്ന ചെറിയ സമ്പാദ്യം ചികിത്സയ്ക്കു ചെലവാക്കുകയും ചെയ്തു. സർക്കാർ പതിച്ചുതന്ന അഞ്ചുസെന്റിൽ കൊച്ചുവീട്ടിലാണ് താമസം. ഭാര്യ കുറച്ചുകാലം തൊഴിലുറപ്പിനും കൂലിപ്പണിക്കുമൊക്കെ പോയിട്ടാണ് വീട്ടിലെ കാര്യം വലിയ ബുദ്ധിമുട്ടില്ലാതെ നടന്നുപോയത്. പക്ഷേ, അവൾക്ക് ആസ്തമായുടെ ശല്യമുള്ളതിനാൽ സ്ഥിരമായി പണിക്കുപോകാൻ പറ്റാതായതോടെ കാര്യം അവതാളത്തിലായി. ഞങ്ങളുടെ ഇല്ലായ്മയും വല്ലായ്കയും പറഞ്ഞ് സാറിനെ മുഷിപ്പിക്കുന്നതിൽ ക്ഷമിക്കണം പറഞ്ഞുവരുമ്പോൾ എല്ലാം ആദ്യം മുതൽ പറയണമല്ലോ എന്നു കരുതി പറഞ്ഞതാണ്...""
അയാൾ ഒരു മുഷിഞ്ഞ ചിരിയോടെ ഒന്നു നിർത്തി പിന്നെയും പറയാൻ തുടങ്ങി.
''അങ്ങനെയിരിക്കുമ്പോഴാണ് ഒരുദിവസം ദൈവദൂതനെപ്പോലെ ഒരാൾ ഞങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. അയാൾ എനിക്കൊരു ജോലി ശരിയാക്കിതന്നു. ചെറിയ ശമ്പളമാണെങ്കിലും ആ ജോലി ഞങ്ങൾക്ക് ലോട്ടറി കിട്ടയതുപോലെയായിരുന്നു. പട്ടിണി കൂടാതെ കഴിയാമല്ലോ. നൈറ്റ് വാച്ച്മാന്റെ ജോലിയാണ്. വലിയ ബുദ്ധിമുട്ടില്ലാത്ത പണി. വൈകിട്ട് ആറുമണിക്കെത്തിയാൽ പിറ്രേന്ന് രാവിലെ തിരിച്ചുപോകാം. എന്നെ സംബന്ധിച്ച് ഏറ്റവും യോജിച്ച പണി. അതിനിടയിൽ ഒരു കാര്യം പറയാൻ വിട്ടുപോയി. എനിക്ക് രാത്രിയിൽ ഉറക്കം കുറവാണ്. ഇൻസോമ്നിയ എന്ന അസുഖമുണ്ട്. അതുകൊണ്ടാണ് ഇത് എനിക്ക് യോജിച്ച പണിയെന്നു പറഞ്ഞത്.""അയാൾ ഒന്നു നിറുത്തി.
''സർക്കാർ പതിച്ചുതന്ന അഞ്ച് സെന്റ് സ്ഥലത്താണ് വീടെന്നു പറഞ്ഞല്ലോ!അഞ്ചെട്ടുകൊല്ലം മുമ്പേ....അനുവദിച്ചുകിട്ടിയതാണ്. സൗകര്യങ്ങൾ കുറവായതുകാരണം പലരും സ്ഥലം ഉപേക്ഷിച്ചുപോയി. കുടിവെള്ളമില്ല. വൈദ്യുതിയും റോഡുമില്ല. റെയിൽപ്പാളത്തോട് ചേർന്നുകിടക്കുന്ന സ്ഥലമായതുകൊണ്ട് ട്രെയിൻ കടന്നുപോകുമ്പോൾ വീടൊന്നുകുലുങ്ങും. ആദ്യകാലങ്ങളിൽ വലിയ ശല്യമായിരുന്നു. രാത്രി ഭാര്യയും കുട്ടികളും ഉറക്കത്തിൽ ഞെട്ടിയുണരും. പിന്നെപ്പിന്നെ അത് ശീലമായി ഞങ്ങൾ താമസം തുടങ്ങി. അഞ്ചാറുമാസം കഴിഞ്ഞപ്പോൾ മറ്റൊരു പാർട്ടികൂടി എത്തി. ബാർബർ മാധവനും കുടുംബവും. വീടുപണി ഞങ്ങൾ ഒരുമിച്ചാണ് തുടങ്ങിയതെങ്കിലും മാധവൻ ഇടയ്ക്ക് പണി നിറുത്തി സ്ഥലം വിട്ടു. പക്ഷേ, കുറച്ചുകഴിഞ്ഞപ്പോൾ വീണ്ടുംവന്ന് വീട് പൂർത്തിയാക്കി താമസവും തുടങ്ങി. അങ്ങനെ വിജനമായിരുന്ന ആ സ്ഥലത്ത് ഞങ്ങൾ രണ്ടു കുടുംബം പൊറുപ്പാരംഭിച്ചു. വടക്കും കിഴക്കും വിശാലമായ ചതുപ്പ്. തെക്കുഭാഗത്ത് വയലും പടിഞ്ഞാറ് റെയിൽപ്പാളവും. ആകെക്കൂടി ലോകത്തിന്റെ അറ്റത്തെവിടെയോ ഉള്ള ഒരു വിജനദ്വീപിൽ അകപ്പെട്ടതുപോലെ കഴിഞ്ഞിരുന്ന ഞങ്ങൾക്ക് വലിയൊരാശ്വാസമായിരുന്നു പുതിയ താമസക്കാരുടെ വരവ്.
(തുടരും)