വാഷിംഗ്‌ടൺ: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനെ വിജയിയായി യു എസ് കോൺഗ്രസ് അംഗീകരിച്ചു. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്‌ട്രൽ വോട്ടുകൾ മറികടന്നതോടെയാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. യു എസ് കാപ്പിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുകൂലികൾ കടന്നുകയറി അക്രമം അഴിച്ചുവിട്ടതിനു ശേഷം സഭ വീണ്ടും ചേർന്നാണ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചത്.
306 ഇലക്‌ട്രൽ വോട്ടുകളാണ് ഡെമോക്രാറ്റ് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിയായ ബൈഡന് ലഭിച്ചത്. 232 വോട്ടുകളാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ ഡൊണൾഡ് ട്രംപിന് ലഭിച്ചത്. റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആണ് വിജയം ഔദ്യോഗികമായി അംഗീകരിച്ചത്.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ സമ്മേളിച്ച പാർലമെന്റിലേക്ക് നടന്ന ആക്രമണത്തിൽ ഒരു സ്ത്രീയടക്കം നാല് പേരാണ് മരിച്ചത്. തന്റെ അനുയായികളോട് അമേരിക്കൻ പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് മാർച്ച് നടത്താൻ ട്രംപ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ക്യാപിറ്റോളിന് പുറത്ത് തടിച്ചുകൂടിയ ട്രംപ് അനുകൂലികൾ സമ്മേളനം നടക്കുന്നതിനിടെ പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ച് അകത്ത് കടക്കുകയായിരുന്നു. കലാപകാരികളെ പിരിച്ച് വിടാനായി പൊലീസ് കണ്ണീർവാതകം ഉപയോഗിച്ചു.