ബൈഡന്റെയും കമലയുടെയും വിജയം അംഗീകരിച്ച് കോൺഗ്രസ്
സംഘർഷത്തിലും പൊലീസ് വെടിവയ്പിലും നാല് മരണം
യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാവീഴ്ച
വാഷിംഗ്ടൺ: തിരഞ്ഞെടുപ്പ് പരാജയത്തിൽ നിലതെറ്റിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അട്ടിമറിക്കാൻ ഇളക്കിവിട്ട അനുയായികൾ ആയുധങ്ങളുമായി യു.എസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരം ആക്രമിച്ചതിന്റെ നാണക്കേടിൽ അമേരിക്ക. പുതുവർഷത്തിൽ ലോകത്തെ ഞെട്ടിക്കുകയും ജനാധിപത്യത്തിന് തീരാക്കളങ്കമേല്പിക്കുകയും ചെയ്ത സംഭവത്തിൽ അക്രമികളെ തുരത്താൻ പൊലീസ് നടത്തിയ വെടിവയ്പിൽ യു.എസ് എയർ ഫോഴ്സ് മുൻ ഉദ്യോഗസ്ഥ ആഷ ്ലി ബാബിറ്റ് (35) കൊല്ലപ്പെട്ടു. മറ്റ് മൂന്നു പേർ ആരോഗ്യ കാരണങ്ങളാലും മരണമടഞ്ഞു. 52 പേർ അറസ്റ്റിലായി. ബുധനാഴ്ച വൈകിയായിരുന്നു സംഭവം.
സ്ഥിതി നിയന്ത്രണവിധേയമായ ശേഷം ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളും ചേർന്ന് പ്രസിഡന്റ് ബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും വിജയം അംഗീകരിച്ചു. 20 ന് ഇരുവരും അധികാരമേൽക്കും. അക്രമങ്ങൾക്കു ശേഷം, അനുയായികളോട് വീടുകളിൽ പോകാൻ അഭ്യർത്ഥിച്ച ട്രംപ് പരാജയം അംഗീകരിക്കാൻ തയ്യാറായില്ലെങ്കിലും അധികാര കൈമാറ്റത്തിന് സന്നദ്ധത പ്രകടിപ്പിച്ചു.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ പ്രതിനിധി സഭയുടെയും സെനറ്റിന്റെയും സംയുക്ത സമ്മേളനം നടക്കുമ്പോഴാണ് ട്രംപ് പറഞ്ഞുവിട്ട അക്രമികൾ ഇരച്ചുകയറിയത്.
കോൺഗ്രസ് അംഗങ്ങൾ പരക്കം പാഞ്ഞു
കോൺഗ്രസ് അംഗങ്ങൾ ഇലക്ടറൽ വോട്ടുകൾ അംഗീകരിക്കുന്ന നടപടിക്രമങ്ങളിലായിരുന്നു. ആക്രോശിച്ചെത്തിയ അക്രമികൾ കാപ്പിറ്റോൾ മന്ദിരത്തിന്റെ ജനാല തല്ലിപ്പൊളിച്ചും മറ്റും അകത്തുകടന്ന് അഴിഞ്ഞാടിയതോടെ കോൺഗ്രസ് അംഗങ്ങൾ പരക്കംപാഞ്ഞു. സെനറ്റ് അദ്ധ്യക്ഷനും വൈസ് പ്രസിഡന്റുമായ മൈക്ക് പെൻസും പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയും ഉൾപ്പെടെയുള്ളവരെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റേണ്ടിവന്നു. സ്പീക്കറുടെ കസേര കൈയടക്കിയ അക്രമികൾ ഫർണിച്ചറും മൈക്കുമുൾപ്പെടെ കണ്ണിൽക്കണ്ടതെല്ലാം നശിപ്പിച്ചു.
ആഗോള വൻശക്തിയും ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യവുമായ അമേരിക്കയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് സമ്മാനിച്ചാണ് ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ അനുയായികൾ പാർലമെന്റ് ആക്രമിച്ചത്. അത് അമേരിക്കയെ പരിഹാസ്യരാക്കുന്ന സുരക്ഷാ വീഴ്ചയുടെ അദ്ധ്യായവുമായി.
അക്രമത്തിന് ട്രംപിന്റെ ആഹ്വാനം
ബുധനാഴ്ച കോൺഗ്രസിന്റെ സമ്മേളനത്തിനു മുമ്പ്, തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാൻ മൈക്ക് പെൻസിനു മേൽ ട്രംപ് സമ്മർദ്ദം ചെലുത്തിയിരുന്നു. വഴങ്ങാത്ത പെൻസിനെ ധൈര്യമില്ലാത്തവനെന്ന് ആക്ഷേപിച്ചു. അതിനു പിന്നാലെ വൈറ്റ്ഹൗസ് അങ്കണത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് അനുയായികളോട് കാപ്പിറ്റോൾ മന്ദിരത്തിലേക്ക് മാർച്ച് ചെയ്യാൻ ട്രംപ് ആഹ്വാനം ചെയ്യുകയായിരുന്നു. തുടർന്നായിരുന്നു അക്രമസംഭവങ്ങൾ.