capitol-protest

വാഷിംഗ്ടൺ: ജോ ബൈഡന്റെ വിജയത്തെ ചോദ്യം ചെയ്ത് ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ യു.എസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിലേക്ക് അതിക്രമിച്ച് കയറിയപ്പോൾ തലകുനിച്ചത് ജനാധിപത്യം തന്നെയായിരുന്നു. ബൈഡനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കാനുള്ള അന്തിമ നടപടിയിലേക്ക് കടക്കും മുമ്പായിരുന്നു പാർലമെന്റ് മന്ദിരത്തിലേക്കുള്ള കടന്നുകയറ്റം.

ഹൗസ് ഓഫ് ചേംബറിലേക്ക് അതിക്രമിച്ച് കയറിയ ട്രംപ് അനുകൂലികളെ നേരിടാൻ പൊലീസ് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. സംഭവത്തിൽ നാല് പേർ മരിച്ചു. 52ലധികം പേർ ഇതുവരെ അറസ്റ്റിലായെന്നാണ് റിപ്പോർട്ടുകൾ. ലോക പൊലീസെന്ന് സ്വയം കരുതുന്ന അമേരിക്ക ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ നാണം കെടുന്ന സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

 കലാപകലുഷിതം: ആരംഭം ഇങ്ങനെ,

ഒരുമിച്ച് നിന്ന് പ്രതിയോഗികൾ

പ്രതിഷേധ സംഘം സുരക്ഷാ ഉദ്യോഗസ്ഥരുമായി കയ്യാങ്കളിയിൽ ഏർപ്പെട്ടതോടെയാണ് കലാപത്തിന്റെ തുടക്കം. ബാരിക്കേഡുകൾ മറികടന്ന പ്രതിഷേധക്കാർ പൊലീസിന്റെ റയട്ട് ഷീൽഡ് ഉപയോഗിച്ച് ജനൽച്ചില്ലുകൾ തകർത്തു. ഇതുവഴിയാണ് പ്രതിഷേധക്കാരിലേറെയും മന്ദിരത്തിലേക്കു കടന്നത്. സംഘർഷം നിയന്ത്രണാതീതമായതോടെ സെനറ്റും സഭയും നിറുത്തിവച്ച് കോൺഗ്രസ് അംഗങ്ങളെ സുരക്ഷത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രതിഷേധക്കാരെ നേരിടാൻ ഡമോക്രാറ്റ്–റിപബ്ലിക്കൻ പ്രതിനിധികൾ ഒരുമിച്ചു നിന്നു.

ആഷ്ലി ബാബിറ്റ് എന്ന വനിതയാണ് ആദ്യം കൊല്ലപ്പെട്ടത്. ചേംബറിലെ കോണിപ്പടികൾക്കു സമീപമായിരുന്നു ഇവരുടെ മൃതദേഹം. സമൂഹമാദ്ധ്യമങ്ങളിൽ സംഭവത്തിന്റെ ദൃശ്യങ്ങളുമുണ്ട്. എന്നാൽ, എന്ത് കൊണ്ടാണ് വെടിവച്ചതെന്നും ആരാണ് അതിന് പിന്നിലെന്നുമുള്ള കാര്യങ്ങൾ വ്യക്തമല്ല.

 കണ്ണീർവാതകം, വെടി, പുക

കാപ്പിറ്റോൾ മന്ദിരത്തിലൂടെ അക്രമികൾ നടക്കുന്നതിന്റെയും ചേംബറുകൾക്കുള്ളിൽ കയറുന്നതിന്റേയും മറ്റും വീഡിയോകളും വൈറലായി. അർദ്ധനഗ്നരായി വരെ പലരും ചേംബറിനകത്തുനിന്ന് ചിത്രങ്ങൾ പകർത്തുകയും അട്ടഹസിക്കുകയും ചെയ്തു. കാപിറ്റോളിനുള്ളിൽ അക്രമികളുടെ വിളയാട്ടമായിരുന്നു നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് സഭാംഗങ്ങളുടെ തൊട്ടടുത്തു വരെ പ്രതിഷേധക്കാരെത്തി. ചിലർ ഫയർ എക്സ്റ്റ്വിംഗിഷർ വലിച്ചെറിഞ്ഞു. പ്രതിഷേധക്കാരിൽ ചിലർ സഭാംഗങ്ങളെ ഹൗസ് ഒഫ് റെപ്രസന്റേറ്റിവ്സ് ചേംബറിനകത്തുനിന്ന് പുറത്തിറങ്ങാൻ സമ്മതിച്ചില്ല. വാതിലിൽ ആഞ്ഞടിച്ച ഇവർ രക്ഷാകവാടങ്ങളും ഉപരോധിച്ചു. ചേംബറിന്റെ വാതിലിനു പിന്നിൽ ഫർണിച്ചറുകൾ കയറ്റിവച്ചും തോക്ക് ചൂണ്ടി വിരട്ടിയുമാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്.

ചേംബറിനകത്തുണ്ടായിരുന്നവർ പുറത്ത് സ്ഫോടന ശബ്ദം കേട്ടതോടെ നിലത്തു കിടന്നു. അത്സമയം, വലിയ സ്ഫോടനമല്ല ചെറിയ പൊട്ടിത്തെറികളാണുണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. 15 മിനിറ്റ് നേരത്തെ ഭീകരാന്തരീക്ഷത്തിന് ശേഷം ശേഷം ഒരു വിധത്തിൽ സഭാംഗങ്ങളെ ചേംബറിനു പുറത്തേക്ക് കൊണ്ടു വന്ന് തുരങ്കങ്ങളിലൂടെ സുരക്ഷാസ്ഥാനത്ത് എത്തിച്ചു. മണിക്കൂറുകളോളമാണ് സഭാംഗങ്ങൾക്ക് സുരക്ഷാ സ്ഥാനത്ത് കഴിയേണ്ടി വന്നത്.

ഞാൻ സുരക്ഷിതൻ

വിസ്കോൻസിനിൽനിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി മൈക്ക് ഗല്ലാഗെറിന് 'താൻ ഓഫീസിൽ സുരക്ഷിതനാണെന്ന' വീഡിയോ സന്ദേശം പുറത്തുവിടേണ്ടി വന്നു. രാജ്യം രാഷ്ട്രീയപരമായി അസ്ഥിരപ്പെട്ടുവെന്നു സൂചിപ്പിക്കുന്ന ‘ബനാന റിപ്പബ്ലിക്’ എന്ന പദമാണ് കാപ്പിറ്റോൾ സംഘർഷത്തെ വിശേഷിപ്പിക്കാൻ അദ്ദേഹം പ്രയോഗിച്ചത്. പ്രശ്നങ്ങൾ കെട്ടടങ്ങിയ ശേഷം സഭാ നടപടികൾ പുനഃരാരംഭിച്ചെങ്കിലും മന്ദിരത്തിന്റെ ചുറ്റും ആയുധങ്ങളുമായി അക്രമികൾ കറങ്ങി നടന്നിരുന്നുവെന്ന് അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.