india-cricket

സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിനം മഴയും ആസ്ട്രേലിയൻ ചെറുത്തുനിൽപ്പും

ആസ്ട്രേലിയ 166/2, പുക്കോവ്സ്കിയെ രണ്ടുവട്ടം കൈവിട്ട് റിഷഭ് പന്ത്

സിഡ്നി : ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം അപ്രതീക്ഷിത അതിഥിയായി മഴയെത്തി. മഴയെത്തുംമുമ്പേ തുടങ്ങിയ കളി ഇടവേളയ്ക്ക്ശേഷം പുനരാരംഭിച്ച് ആദ്യ ദിവസം ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ 166/2 എന്ന സ്കോറിലെത്തിയപ്പോൾ സ്റ്റംപെടുത്തു.പരിക്കുമാറി തിരിച്ചെത്തിയ ഡേവിഡ് വാർണറുടെയും (5),ആദ്യ ടെസ്റ്റിനിറങ്ങി അർദ്ധസെഞ്ച്വറി നേടിയ വിൽ പുക്കോവ്സ്കിയുടെയും വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. 67 റൺസുമായി മാർനസ് ലബുഷാംഗെയും 31 റൺസുമായി സ്റ്റീവൻ സ്മിത്തുമാണ് കളി നിറുത്തുമ്പോൾ ക്രീസിൽ.

ടോസ് നേടിയ ആസ്ട്രേലിയൻ ക്യാപ്ടൻ ടിം പെയ്ൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ രണ്ട് ടെസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി ഡേവിഡ് വാർണറും പുക്കോവ്സ്കിയും ചേർന്നാണ് ഓസീസിനായി ഓപ്പണിംഗിനെത്തിയത്. കളി തുടങ്ങി അധികം വൈകാതെതന്നെ ആദ്യ പ്രഹരമേൽപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. നാലാം ഓവറിൽ മുഹമ്മദ് സിറാജ് വാർണറെ ഫസ്റ്റ് സ്ളിപ്പിൽ പുജാരയുടെ കയ്യിലെത്തിക്കുകയായിരുന്നു. തുടർന്ന് ക്രീസിലേക്കെത്തിയ ലബുഷാംഗെ അരങ്ങേറ്റക്കാരൻ പുക്കോവ്സ്കിക്കൊപ്പം ചേർന്ന് ഇന്നിംഗ്സ് കരുപ്പി‌ടിപ്പിക്കാൻ തുടങ്ങി.എന്നാൽ എട്ടാം ഓവറിൽ 21/1 എന്ന സ്കോറിലെത്തിയപ്പോൾ മഴ തുടങ്ങി. ലഞ്ചുസമയവും കഴിഞ്ഞാണ് കളി പുനരാരംഭിക്കാനായത്.

കളി പുനരാരംഭിച്ചപ്പോൾ ഓസീസ് സഖ്യം ചെറുത്തുനിൽക്കുകയായിരുന്നു. ചായസമയത്ത് 93/1 എന്ന നിലയിലായിരുന്നു ആതിഥേയർ. ടീം സ്കോർ 106 റൺസിലെത്തിയപ്പോഴാണ് പുക്കോവ്സ്കിയെ പുറത്താക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയ നവ്ദീപ് സെയ്നിയാണ് ഓസീസിന്റെ അരങ്ങേറ്റക്കാരനെ മടക്കി അയച്ചത്. 110 പന്തുകൾ നേരിട്ട് നാലുബൗണ്ടറികൾ നേടിയ പുക്കോവ്സ്കി എൽ.ബിയിൽ കുരുങ്ങുകയായിരുന്നു.

പകരമിറങ്ങിയ സ്മിത്ത് കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും വീഴ്ചകൾ പരിഹരിക്കാനായി ബോധപൂർവമായ ശ്രമമാണ് നടത്തിയത്. പരമാവധി പ്രതിരോധിച്ചു നിന്ന സ്മിത്ത് തന്റെ സ്ഥിരം അന്തകൻ അശ്വിനെയാണ് ഏറെ ശ്രദ്ധയോടെ നേരിട്ടത്. സ്മിത്ത് താളത്തിലേക്ക് എത്തിയതോടെ ലബുഷാംഗെയിലും ആത്മവിശ്വാസം നിറഞ്ഞു. 60 റൺസാണ് രണ്ടാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തിരിക്കുന്നത്. 149 പന്തുകൾ നേരിട്ട ലബുഷാംഗെ എട്ടുബൗണ്ടറികൾ പായിച്ചുകഴിഞ്ഞു. 64 പന്തുകളിൽ അഞ്ചു ബൗണ്ടറികളടക്കമാണ് സ്മിത്ത് 31 റൺസിലെത്തിയിരിക്കുന്നത്. ഈ സഖ്യം ക്രീസിൽ നിന്നാൽ മികച്ച സ്കോറലേക്ക് എത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഓസീസ്.

ഇരുവട്ടം കൈവിട്ട് പന്ത്

ഇന്നലെ അർദ്ധസെഞ്ച്വറി നേടിയ പുക്കോവ്സ്കിയെ രണ്ട് തവണയാണ് വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കൈവിട്ടത്. വ്യക്തിഗത സ്കോർ 26-ൽ നിൽക്കവേ അശ്വിന്റെ ബൗളിംഗിലായിരുന്നു ആദ്യം. 32 റൺസിലെത്തിയപ്പോൾ സിറാജിന്റെ ഒരു ഷോർട്ട്പിച്ച് പന്തിൽ ലഭിച്ച ചാൻസും പന്ത് കളഞ്ഞുകുളിച്ചു.

ഇതോടെ വിക്കറ്റ് കീപ്പർ എന്ന നിലയിലെ പ്രകടനം വീണ്ടും വിമർശനത്തിനിടയാക്കി.ആദ്യ ടെസ്റ്റിൽ കളിച്ച വെറ്ററൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് പകരം രണ്ടാം ടെസ്റ്റിൽ പന്തിനെ ടീമിലെടുത്തത് വിദേശത്തെ ബാറ്റിംഗിലെ മികവ് മാത്രം കണക്കിലെ‌ടുത്തായിരുന്നു.എന്നാൽ കീപ്പിംഗിലെ പെർഫെക്ഷൻ ഇല്ലായ്മ വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു. 2018ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച റിഷഭ് പന്ത് ആദ്യ 10 മത്സരങ്ങളിലെ ഏറ്റവുംമോശം കീപ്പിംഗ് റെക്കാഡിന് ഉടമയാണ്.

460

ആസ്ട്രേലിയ്ക്ക് വേണ്ടി ടെസ്റ്റ് കളിക്കുന്ന 460-മത്തെ പുരുഷ കളിക്കാരനാണ് വിൽ പുക്കോവ്സ്കി.

അശ്വിനെ സമ്മർദ്ദത്തിലാക്കുകയായിരുന്നു എന്റെ ലക്ഷ്യം.ക്രീസിൽ കൂടുതൽ സമയം ചെലവഴിക്കാൻ കിട്ടിയതും ലബുഷാംഗെ മികച്ച പിന്തുണ നൽകിയതുമാണ് അതിന് വഴിയൊരുക്കിയത്.

- സ്റ്റീവൻ സ്മിത്ത്

റിഷഭ് രണ്ട് ക്യാച്ചുകൾ മിസാക്കിയത് വലിയ തെറ്റായി കരുതുന്നില്ല. അതൊക്കെ കളിയുടെഭാഗമാണ്.

- മുഹമ്മദ് സിറാജ്