വാഷിംഗ്ടൺ: കാപിറ്റോൾ മന്ദിരത്തിലെ രക്തച്ചൊരിച്ചിലിനൊടുവിൽ ഭരണം കൈമാറാൻ സന്നദ്ധത പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സജീവ രാഷ്ട്രീയത്തിൽ താനുണ്ടാകുമെന്നും ട്രംപ് സൂചിപ്പിച്ചു.
അക്രമത്തിന് പിന്നാലെ, യു.എസ് കോൺഗ്രസ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ട്രംപ് പ്രസ്താവനയിറക്കിയത്.
‘ക്രമപ്രകാരമുള്ള കൈമാറ്റം’ ഉറപ്പാക്കുമെന്നു പറഞ്ഞ ട്രംപ്, രാഷ്ട്രീയത്തിന്റെ മുൻനിരയിൽ താനുണ്ടാകുമെന്നും വ്യക്തമാക്കി.‘തിരഞ്ഞെടുപ്പ് ഫലം പൂർണമായും അംഗീകരിക്കുന്നില്ല. യാഥാർഥ്യങ്ങൾ അങ്ങനെയാണ് അനുഭവപ്പെടുന്നത്. ക്രമപ്രകാരമുള്ള അധികാരമാറ്റം 20ന് നടക്കും. നിയമപ്രകാരമുള്ള വോട്ടുകൾ മാത്രം എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള പോരാട്ടം തുടരും. മഹത്തായ പ്രസിഡന്റ് ചരിത്രത്തിന്റെ ആദ്യഘട്ടം ഇവിടെ അവസാനിക്കുകയാണ്. അമേരിക്കയെ മഹത്തരമാക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമാണിത്.’– പ്രസ്താവനയിൽ ട്രംപ് പറഞ്ഞു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതാണു ട്രംപിന്റെ വാക്കുകൾ.
അതേസമയം ട്വിറ്റർ ഉൾപ്പെടെ ട്രംപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്.
മൂന്ന് വിവാദ ട്വീറ്റുകൾ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്. 12 മണിയ്ക്കൂറാണ് ട്വിറ്റർ ട്രംപിനെ ബ്ലോക്ക് ചെയ്തിരിയ്ക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ പ്രസിഡന്റ് ലംഘിയ്ക്കുന്നു എന്നാണ് കമ്പനികളുടെ വാദം. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്. 24 മണിയ്ക്കൂറിലേക്കാണ് ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്.