siraj

സിഡ്നി : ഇന്ത്യ– ആസ്ട്രേലിയ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കുന്നതിനിടെ കരഞ്ഞ യുവ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ ദൃശ്യം വൈറലായി. സിഡ്നിയിൽ കരിയറിലെ രണ്ടാമത്തെ ടെസ്റ്റാണ് സിറാജ് കളിക്കുന്നത്. മെൽബണിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. കണ്ണീർ തുടയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വസീം ജാഫർ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ സിറാജിനെ പുകഴ്ത്തി രംഗത്തെത്തിയിട്ടുമുണ്ട്.

മൂന്നാം ടെസ്റ്റിൽ ഡേവിഡ് വാർണറെ പുറത്താക്കി ഇന്ത്യയ്ക്ക് മത്സരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ചതും സിറാജ് ആണ്. അഡ്‍ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷമിക്കു പരിക്കേറ്റതിനെ തുടർന്നാണ് രണ്ടാം ടെസ്റ്റിൽ സിറാജിന് അവസരം ലഭിച്ചത്. ആദ്യ ഇന്നിംഗ്സിൽ രണ്ട് വിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റും വീഴ്ത്തി അരങ്ങേറ്റം ഗംഭീരമാക്കി. സിറാജ് ആസ്ട്രേലിയൻ പര്യടനത്തിലായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് മരിച്ചത്. എന്നാൽ നാട്ടിലേക്കു മടങ്ങാതെ ടീമിനൊപ്പം തുടരാനാണ് സിറാജ് തീരുമാനിച്ചത്.പിതാവിനെ ഓർത്താണ് സിറാജ് കരഞ്ഞതെന്ന് കരുതുന്നു.