വാഷിംഗ്ടൺ: കലാപത്തിനിടെ കൊല്ലപ്പെട്ട ആഷ്ലി ബാബിറ്റ് മുൻ വ്യോമസേന ഉദ്യോഗസ്ഥയും ട്രംപ് അനുകൂലിയുമാണ്. കാലിഫോർണിയയിലെ സാൻ ഡിയാഗോ സ്വദേശിനിയായ ആഷ്ലി ഡൊണാൾഡ് ട്രംപിന്റെ കടുത്ത അനുകൂലിയായിരുന്നു. 14 വർഷം ഇവർ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചെന്നാണ് റിപ്പോർട്ടുകൾ.
കാപ്പിറ്റോൾ കെട്ടിടത്തിന്റെ ഉള്ളിൽ വച്ചാണ് ആഷ്ലിക്ക് വെടിയേറ്റത്. പരിക്കേറ്റ് വൈകാതെതന്നെ ഇവർ മരിച്ചതായാണ് വിവരം. വെടിവയ്പ്പിന്റെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. വെടിവയ്പ്പിനിടയാക്കിയ സാഹചര്യം അന്വേഷിച്ചുവരികയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ട്രംപിനെ അനുകൂലിച്ചു കൊണ്ടുള്ള ആഷ്ലിയുടെ ട്വീറ്റുകളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ നടന്ന റാലിയിൽ പങ്കെടുക്കുന്ന വിവരവും ട്വീറ്റുകളിലുണ്ട്. 'ഒന്നിനും നമ്മളെ തടുക്കാനാവില്ല, അവർ എത്ര ശ്രമിച്ചുകൊണ്ടിരുന്നാലും കൊടുങ്കാറ്റ് വാഷിംഗ്ടണിനു മേൽ 24 മണിക്കൂറിനുള്ളിൽ വീശും. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്', എന്നായിരുന്നു ആഷ്ലി ചൊവ്വാഴ്ച ചെയ്ത ട്വീറ്റ്.