മേഴ്സിക്കുട്ടന്റെ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പു വിജയം റദ്ദാക്കി എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ
തി്രുവനന്തപുരം : കടുവയെ കിടുവ പിടിക്കുന്നതുപോലെയുള്ള സംഭവങ്ങളാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിൽ അരങ്ങേറുന്നത്. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം മത്സരങ്ങൾ പുനരാരംഭിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ ഒന്നും ചെയ്യാതെ പഴികേട്ട കൗൺസിൽ ഇപ്പോൾ കായിക അസോസിയേഷൻ തിരഞ്ഞെടുപ്പിലെ തർക്കങ്ങളിൽ മുഴുകിയിരിക്കുകയാണ്.
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സി കുട്ടനെഎറണാകുളം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിന്ന് എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽഅയോഗ്യയാക്കിയതാണ് പുതിയ വാർത്ത. നവംബർ 21ന് നടന്ന ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മേഴ്സി കുട്ടനെ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷനിലേക്കുള്ള പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നു.എന്നാൽ മേഴ്സി കുട്ടൻ പ്രതിനിധീകരിക്കുന്ന അത്‌ലറ്റിക് ക്ലബായ മേഴ്സി കുട്ടൻ അക്കാഡമിയുടെ സാക്ഷ്യപത്രം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഇതോടെ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന സംസ്ഥാന സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പും പ്രതിസന്ധിയിലായി. ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാന വൈസ് പ്രസിഡന്റായി മേഴ്സി കുട്ടൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എറണാകുളം ജില്ലാ അസോസിയേഷൻ തിരഞ്ഞെടുപ്പ് തന്നെ വിവാദത്തിലായിരുന്നു.ജില്ലാ സ്പോർട്സ് കൗൺസിൽ നിരീക്ഷകനായി ജില്ലാപ്രസിഡന്റ് നേരിട്ടാണ് എത്തിയത്. ക്ളബുകളുടെ രജിസ്ട്രേഷനും മറ്റും കൃത്യമായി പരിശോധിച്ചപ്പോൾ നിരവധിപ്പേർക്ക് വോട്ടവകാശം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ജില്ലയിലെ 34 അത്‌ലറ്റിക് ക്ലബുകളുടെ പട്ടികയാണ് വോട്ടെടുപ്പിനായി നൽകിയത്. ഈ പട്ടികക്കെതിരെ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ പരാതി ഉയർന്നു.
നിരീക്ഷകൻ രേഖകൾ പരിശോധിച്ചപ്പോൾ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടു. 20 ക്ലബുകൾക്ക് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്നു വിധിച്ചു. 14 ക്ലബുകൾക്കു മാത്രമായി വോട്ടവകാശം. ക്ലബുകളുടെ പ്രതിനിധികളായി വോട്ടെടുപ്പിൽ പങ്കെടുക്കുന്നവർ ക്ലബിന്റെ പ്രസിഡന്റോ സെക്രട്ടറിയോ സാക്ഷ്യപ്പെടുത്തിയ കത്ത് നൽകണമെന്നാണ് ചട്ടം.
തിരഞ്ഞെടുപ്പ് ദിനം ഇതാരും ഹാജരാക്കിയില്ലെങ്കിലും പിന്നീട് ഹാജരാക്കണമെന്ന വ്യവസ്ഥയിൽ തിരഞ്ഞെടുപ്പ് നടന്നു. ജെയിംസ് മാത്യു പ്രസിഡന്റും സി.ജെ.ജെയ്മോൻ സെക്രട്ടറിയുമായ കമ്മിറ്റിയാണു തിരഞ്ഞെടുക്കപ്പെട്ടത്. മേഴ്സി കുട്ടനും നിലവിൽ ദേശീയ അത്‌ലറ്റിക് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറിയായ പി.ഐ.ബാബുവും സംസ്ഥാന അസോസിയേഷനിലേക്കുള്ള പ്രതിനിധികളായി.
ഇതിനു ശേഷമാണ് തിരഞ്ഞെടുപ്പിൽ പങ്കെടുത്ത 14 ക്ലബ് പ്രതിനിധികളുടെ ക്ലബുകളിൽ നിന്നുള്ള സാക്ഷ്യപത്രം അസോസിയേഷൻ ഹാജരാക്കിയത്. ഇതിൽ മേഴ്സി കുട്ടനെ പ്രതിനിധിയായി നോമിനേറ്റ് ചെയ്തുള്ള മേഴ്സി കുട്ടൻ അക്കാഡമിയുടെ സാക്ഷ്യ പത്രത്തിൽ സാക്ഷ്യപ്പെടുത്തുന്ന ആളുടെ ഒപ്പ് മാത്രമേയുണ്ടായിരുന്നുള്ളൂ. പേരോ സ്ഥാനമോ ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് തീയതിയും വ്യക്തമാക്കിയിരുന്നില്ല.
ചട്ടലംഘനമുള്ളതിനാൽ മേഴ്സി കുട്ടനു തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനോ മത്സരിക്കാനോ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി നിരീക്ഷകൻ റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണു മേഴ്സി കുട്ടന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഇക്കാര്യം വ്യക്തമാക്കിയും മറ്റു ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് അംഗീകരിച്ചും ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ സർക്കുലർ പുറത്തിറങ്ങി.
നിയമപ്രകാരമുള്ള നടപടക്രമങ്ങൾ മാത്രമാണ് ജില്ലാസ്പോർടസ് കൗൺസിൽ ചെയ്തിരിക്കുന്നത്. മേഴ്സി കുട്ടന് പരാതിയുണ്ടെങ്കിൽ കായിക ട്രൈബ്യൂണലിനെ സമീപിക്കാം.
- അഡ്വ.പി.വി ശ്രീനിജൻ,എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്