issac

തിരുവനന്തപുരം.കൊവിഡാനന്തര കേരളം എങ്ങനെ മുന്നോട്ടു പോകണമെന്നതിന് ദിശാബോധം നൽകുന്ന പദ്ധതികൾ സംസ്ഥാന ബഡ്ജറ്റിൽ ഉണ്ടാകുമെന്ന് ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറ‌ഞ്ഞു. ഈ മാസം 15 ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിനെക്കുറിച്ച് കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴിൽ പദ്ധതി

അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള വൻപദ്ധതി ബഡ്ജറ്റിലുണ്ടാകും. കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കൃത്യമായ രൂപരേഖയാണ് അവതരിപ്പിക്കുക. തൊഴിലില്ലാത്ത അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ തന്നെയാണ് ബഡ്ജറ്റിലെ കേന്ദ്രബിന്ദുവെന്നും ഐസക് വ്യക്തമാക്കി. ഇക്കാര്യത്തിൽ താൻ ബഡ്ജറ്റിൽ പറയാൻ പോകുന്ന കാര്യങ്ങൾ (ഏകദേശം അതേ രീതിയിൽ) മുൻകൂട്ടി പ്രവചിക്കുന്നവർക്ക് സമ്മാനം നൽകാൻ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു.

വാക്സിൻ സൗജന്യം തന്നെ

നാളെ ലഭ്യമാക്കിയാലും കൊവിഡ് വാക്സിൻ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായിത്തന്നെ നൽകും.

ശമ്പള പരിഷ്കരണം ഉടൻ

ശമ്പള പരിഷ്കാര കമ്മിഷന്റെ റിപ്പോർട്ട് ലഭ്യമായാലുടൻ അത് നടപ്പിലാക്കും. സർക്കാരിന്റെ വരുമാനം കൂടി കണക്കിലെടുത്താകും കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

മദ്യ നികുതി കൂട്ടില്ല

സംസ്ഥാന ബഡ്ജറ്റിൽ മദ്യത്തിന്റെ നികുതി കൂട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇനി നികുതി കൂട്ടിയാൽ അത് വ്യാജമദ്യത്തിന് വഴിയൊരുക്കലാകും.

സാമ്പത്തിക പ്രതിസന്ധിയില്ല

സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയില്ല. വായ്പയെടുത്ത് കാര്യങ്ങൾ നടത്തുന്നതിനാൽ പ്രശ്നമില്ല. എന്നാൽ വരുമാനം കൂട്ടാനുള്ള മാർഗങ്ങളും ആവിഷ്കരിക്കും. ആളോഹരി കടത്തിന്റെ കണക്കുകൾ പെരുപ്പിച്ചു കാട്ടുന്നതിൽ കാര്യമില്ല. ഏത് സർക്കാരും അഞ്ചു വർഷമാകുമ്പോൾ മുൻകാല കടം ഇരട്ടിയാകുന്നത് പതിവാണ്.

ഭരണത്തുടർച്ച ഉറപ്പ്

എൽ.ഡി.എഫ് സർക്കാരിന് ഭരണത്തുടർച്ച ഉറപ്പാണ്. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. താൻ വീണ്ടും മത്സരിക്കുമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്.

(അഭിമുഖത്തിന്റെ പൂർണരൂപം കൗമുദി ടിവി ഞായറാഴ്ച രാത്രി എട്ടു മണിക്ക് സംപ്രേഷണം ചെയ്യും)​