തിരുവനന്തപുരം കടയ്ക്കാവൂരിൽ വക്കം സ്വദേശിയായ സ്ത്രീ 14കാരനായ തന്റെ മകനെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് അദ്ധ്യാപികയായ ഡോ.അനുജ ജോസഫ്. ഇത്തരത്തിൽ അങ്ങേയറ്റം മോശമായ പെരുമാറുന്ന ഒരു സ്ത്രീയെ അമ്മയെന്ന് വിളിക്കാനാകുമോ എന്നും മാതാപിതാക്കളും കുട്ടികളും തമ്മിൽ നിലനിൽക്കുന്നത് പരിപാവനമായ ബന്ധമാണെന്നും ഈ സംഭവം സ്വന്തം അച്ഛനെയും അമ്മയെയും വരെ സംശയത്തോടെ നോക്കാൻ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കുന്നതാണെന്നും അദ്ധ്യാപിക തന്റെ കുറിപ്പിലൂടെ പറയുന്നു.
കഴിഞ്ഞ വർഷം ഡിസംബർ അവസാന വാരത്തോട് ചേർന്നാണ് സംഭവം നടന്നത്. ഒരു പോക്സോ കേസിൽ ഇരയുടെ അമ്മ പൊലീസ് പിടിയിലാകുന്നത് കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്.അമ്മയാൽ ഉപദ്രവിക്കപ്പെട്ട കാര്യം കുട്ടി തന്റെ അച്ഛനോടാണ് ആദ്യം പറഞ്ഞത്. ശേഷം ചൈൽഡ്‌ലൈൻ പ്രവർത്തകർ മുഖേന ഇവർ പൊലീസിൽ പരാതി നൽകുകയും ഡിസംബർ 28ന് പൊലീസ് കുറ്റക്കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിലവിൽ ഇവർ റിമാൻഡിലാണ്.
കുറിപ്പ് ചുവടെ:
'മറ്റുള്ളവരുടെ ജീവിതം പൊതുസമൂഹത്തിന്റെ മുന്നിൽ ഒരു തുറന്ന പുസ്തകമായി ചിത്രീകരിക്കുന്ന ചില ടിവി പ്രോഗ്രാംസിനോടൊക്കെ ചിലപ്പോഴൊക്കെ അതൃപ്തി തോന്നിയിട്ടുണ്ട്. വ്യക്തികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നത് നല്ല കാര്യം. അതിനു പകരം അഞ്ചാറു വ്യക്തികൾ ചോദ്യങ്ങൾ ആരായുന്നു. സ്വകാര്യജീവിതത്തെ പ്രതി വിരൽ ചൂണ്ടുന്നു. അങ്ങനെ പോകുന്ന ചർച്ചകൾ പരമ്പര ആയിട്ടു കാണിക്കേണ്ട ആവശ്യമുണ്ടോ എന്ന ചിന്ത ഇല്ലാതില്ല.
എന്നാൽ കുറച്ചു നാൾക്ക് മുൻപ് ഇത്തരത്തിൽ ഒരു പ്രോഗ്രാമിൽ ഭർത്താവും അദ്ദേഹത്തിന്റെ അമ്മയുമായി അരുതാത്ത ബന്ധമുണ്ടെന്നു ആരോപിച്ച യുവതിയോട് നീരസം തോന്നിയിരുന്നു. അമ്മയും മകനുമെന്ന പരിപാവന ബന്ധത്തെ എന്തിന്റെ പേരിലായാലും, ജയിക്കാനായി തോന്നിയവാസം പറഞ്ഞ ആ പെങ്കൊച്ചിന്റെ കരണം നോക്കി ഒന്നു കൊടുക്കാനായിരുന്നു അപ്പോൾ തോന്നിയത്.
ചില വിശ്വാസങ്ങളുണ്ട്, നേരും നെറിയുമുള്ള ബന്ധങ്ങൾ എന്നു വിചാരിക്കുന്നവ. എന്നാൽ കാലം പോയപ്പോൾ മനുഷ്യൻ അധംപതിച്ചു. തിരുവനന്തപുരം കടക്കാവൂരിൽ 14വയസ്സുള്ള മകനെ അമ്മയെന്നു വിളിക്കുന്ന സ്ത്രീ 4 വർഷമായി പീഡനവിധേയമാക്കിയ വാർത്ത വേദനിപ്പിക്കുന്നതാണ്. ഇത്രയും നെറികെട്ടവളെ അമ്മയെന്നു വിളിക്കാൻ കഴിയുമോ. പ്രസവിച്ചു പാലൂട്ടിയ കുഞ്ഞിന്റെ ഇളം മേനിയിലും കാമം തോന്നിയല്ലോ ആ പിശാചിന്!
കാമം നിറഞ്ഞ കണ്ണുകളോടെ തന്റെ കുഞ്ഞിനെ പോലും വെറുതെ വിടാത്ത അസുരജന്മങ്ങൾ. ഈ സമൂഹത്തിൽ ഇനിയങ്ങോടു കുഞ്ഞുങ്ങൾക്ക് അമ്മയും അച്ഛനുമെന്നത് ഭയം നിറയ്ക്കും. ഒരു വശത്ത് പരിപാവന ബന്ധങ്ങൾ നിലനിൽക്കേ ഇത്തരം വാർത്തകൾ അവയെ പോലും കരിനിഴൽ പടർത്തും. സ്കൂൾ തലം മുതൽക്കെ കുട്ടികൾക്ക് കൗൺസിലിംഗ് പോലുള്ളവ ഉറപ്പു വരുത്തണം.
കുട്ടികൾക്ക് സംസാരിക്കാനുള്ള ഇടങ്ങൾ ഉണ്ടാവുക മാത്രമല്ല, അവിടെയും അവർ ചൂഷണം ചെയ്യപ്പെടാത്ത സ്ഥിതി ആയിരിക്കണം. ആരെങ്കിലും തങ്ങളോട് മോശമായ രീതിയിൽ ഇടപെടൽ നടത്തിയാൽ പ്രതികരികരിക്കാൻ കഴിയുന്ന നിലയിലേക്ക് നമ്മുടെ കുട്ടികൾ വളരണം. ഒരമ്മക്കും അപ്പനും മേൽപ്പറഞ്ഞ സംഭവത്തിലേതു പോലെ കുഞ്ഞുങ്ങളുടെ മുന്നിൽ തരംതാണ് പോകാതിരിക്കട്ടെ.'