യുവന്റസ് 3 - എ.സി മിലാൻ 1
ടൂറിൻ : ഇറ്റാലിയൻ സെരിഎയിൽ തോൽവിയറിയാതെ 27 മത്സരങ്ങൾ എന്ന എ.സി മിലാന്റെ റെക്കാഡ് കുതിപ്പിന് തടയിട്ട് യുവന്റസ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് യുവ മിലാനെ തകർത്തുകളഞ്ഞത്. ഇരട്ടഗോളടിച്ച ഫ്രെഡറിക്കോ ചീസയും ഒരു ഗോൾ നേടിയ മക്കെന്നീയുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ളബിന് തകർപ്പൻ വിജയം നൽകിയത്
. മിലാന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 18-ാം മിനിട്ടിൽ ചീസയാണ് ആദ്യം സ്കോർ ചെയ്തത്. 41-ാം മിനിട്ടിൽ കലാബ്രിയ കളി സമനിലയിലാക്കി. 62-ാം മിനിട്ടിൽ ചീസ വീണ്ടും യുവയെ മുന്നിലെത്തിച്ചു. 76-ാം മിനിട്ടിലായിരുന്നു മക്കെന്നീയുടെ ഗോൾ.ഈ ഗോളിനും വഴിയൊരുക്കിയത് ചീസയാണ്. എന്നാൽ മത്സരം പൂർത്തിയാകുന്നതിന് മുമ്പ് ചീസയ്ക്ക് പരിക്കേറ്റുമടങ്ങേണ്ടിവന്നത് യുവയ്ക്ക് തിരിച്ചടിയായി.
ഈ വിജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി യുവന്റസ് സെരി എ പട്ടികയിൽ നാലാം സ്ഥാനത്താണ്. 16 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുള്ള എ.സി മിലാൻ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്റർ മിലാൻ 36 പോയിന്റുമായി രണ്ടാമതുണ്ട്. 33 പോയിന്റുള്ള എ.എസ് റോമയാണ് മൂന്നാമത്.