depression

തിരുവനന്തപുരം: വിഷാദം ഏത് പ്രായത്തിലുളളവരെയും ബാധിക്കാം. വിഷാദഭാവം, ജോലി ചെയ്യാനുള്ള താത്‌പര്യക്കുറവ്, അകാരണമായ ക്ഷീണം എന്നീ ലക്ഷണങ്ങളിലൂടെ വിഷാദം തിരിച്ചറിയാവുന്നതാണ്. എന്നാൽ, വിഷാദബാധിതരെ ഏറെ അലട്ടുന്നതും തുറന്നു പറയാൻ മടിക്കുന്നതുമായ പ്രശ്‌നം ലൈംഗിക താത്പര്യക്കുറവും അനുബന്ധപ്രശ്‌നങ്ങളുമാണ്.

വിഷാദരോഗമുളള 35 മുതൽ 47 ശതമാനം പേർക്ക് ലൈംഗിക പ്രശ്‌നങ്ങൾ ഉണ്ടാകാമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വിഷാദരോഗത്തിന്റെ തീവ്രതയും ദൈർഘ്യവും കൂടുന്നതനുസരിച്ച്‌ ലൈംഗിക പ്രശ്‌നങ്ങളും രൂക്ഷമാകാം. തീവ്രമായ വിഷാദരോഗം ബാധിച്ചവരിൽ 60 ശതമാനത്തിലേറെ പേർക്ക് ലൈംഗികപ്രശ്‌നങ്ങളുണ്ടാകാമെന്ന് കണക്കുകൾ പറയുന്നു. ലൈംഗികമായ ബുദ്ധിമുട്ടുകൾ പലപ്പോഴും വിഷാദം തീവ്രമാകാനും ആത്മഹത്യാപ്രവണതയിലേക്കും നയി‌ക്കുന്നു.

തലച്ചോറിലെ മറിമായം

തലച്ചോറിലെ നാഡീകോശങ്ങൾക്കിടയിലുളള രാസതന്മാത്രകൾ ചിന്തകളെയും ഓർമ്മകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലൈംഗികതാത്പര്യം, ഉത്തേജനം, രതിമൂർച്ഛ അടക്കമുള്ള ലൈംഗിക അനുഭൂതികൾ എന്നിവ നിയന്ത്രിക്കുന്നതിലും നിർണായക പങ്ക് ഈ രാസതന്മാത്രകൾ വഹിക്കുന്നുണ്ട്. സിറട്ടോണിൻ, നോർഎപിനെഫ്രിൻ, ഡോപമിൻ തുടങ്ങിയ രാസഘടകങ്ങൾക്കാണ് മേൽപ്പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധേയമായ സ്ഥാനമുളളത്. ഈ രാസവസ്‌തുക്കളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് വിഷാദരോഗത്തിനും അതിന്റെ ഭാഗമായുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങൾക്കും കാരണമാകുന്നത്.

വിഷാദത്തിന്റെ ലൈംഗിക മുഖം

വിഷാദത്തിന്റെ ലൈംഗിക മുഖം അത്ര പരിചിതമല്ല. അതുകൊണ്ടുതന്ന ലൈംഗികപ്രശ്‌നമുളളവർ വിഷാദത്തെ സംശയിക്കുക പോലുമില്ല. ചെയ്യാൻ ഏറ്റവും ഇഷ്‌ടമുളളതും സന്തോഷകരവുമായ കാര്യങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വിരക്തിയാണ് വിഷാദത്തിന്റെ ഏറ്റവും കൃത്യമായ ലക്ഷണം. ലൈംഗികത ഏതാണ്ടെല്ലാവർക്കും ആസ്വാദ്യകരം തന്നെ. അതുകൊണ്ടുതന്നെ വിഷാദം കടന്നു വരുമ്പോൾ ലൈംഗികതാത്‌പര്യം പെട്ടെന്ന് നഷ്ടപ്പെടും. വിഷാദരോഗികളിൽ ഭൂരിഭാഗം പേരിലും ലൈംഗികതാത്പര്യത്തിൽ കുറവു വരുന്നുണ്ട്. വിഷാദം പിടിമുറുക്കുന്നതനുസരിച്ച് പുരുഷനിൽ ഉദ്ധാരണക്കുറവും സ്ത്രീകളിൽ രതിമൂർച്ഛ ഉണ്ടാവാത്ത അവസ്ഥയിലേക്കും വരെ എത്തുന്നു. ബാഹ്യമായ മറ്റു കാരണങ്ങളില്ലാതെ ലൈംഗികതാത്പര്യം പെട്ടെന്ന് കുറഞ്ഞാൽ വിഷാദമുണ്ടോ എന്ന് സംശയിക്കണം.

സാഹചര്യങ്ങൾക്കനുസരിച്ച് വന്നുപോകുന്ന വിഷാദം താത്‌ക്കാലികമായ പ്രശ്‌നമേ ലൈംഗിക ജീവിതത്തിലുണ്ടാക്കുകയുളളൂ. മാത്രമല്ല ബോധപൂർവം ലൈംഗികബന്ധത്തിനു ശ്രമിച്ചാൽ ആ വിഷാദഭാവം മാറുകയും ചെയ്യാം. ലൈംഗികാസ്വാദനത്തിനിടയിൽ ശരീരത്തിൽ വർദ്ധിക്കുന്ന ന്യൂറോട്രാൻസ്‌മിറ്ററായ സെറട്ടോണിൻ വിഷാദത്തെ പടികടത്താൻ മാത്രം വീര്യമുളളതാണ്. എന്നാൽ, മനസിന്റെ ജൈവഘടനയിൽ മറ്റം വരുത്താൻ ശേഷിയുളള തീവ്രവിഷാദരോഗാവസ്ഥയിൽ ലൈംഗികതയെക്കുറിച്ച് ആലോചിക്കാൻ തന്നെ പറ്റിയെന്നുവരില്ല. അവിടെ ചികിത്സാ മാർഗങ്ങൾ അനിവാര്യമായിവരും.

ബൈപോളാർ ഡിസോർഡർ

ഗുരുതര മാനസിക പ്രശ്‌നങ്ങളിലൊന്നായ ബൈപോളാർ ഡിസോർഡർ ഉളളവരിൽ വന്യമായ അമിത ലൈംഗികാസക്തി പ്രകടമാകാം. ഹൈപ്പർ സെക്ഷ്വാലിറ്റി, മാനിയ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന അവസ്ഥകളിലേക്ക് എത്തിച്ചേരും.

ശക്തമായ മൂഡ് വ്യതിയാനം കാണിക്കുന്ന മൂഡ് ഡിസോർഡറാണ് ബൈപോളാർ ഡിസോർഡർ. ഈ പ്രശ്‌നം ഉളളവർക്ക് അവരുടെ വൈകാരികതയ്ക്കും വ്യക്തിബന്ധങ്ങൾക്കും ഒന്നും സ്ഥിരതയുണ്ടാവില്ല. ഈ തകരാറിന് ഇരയായവർ ഒരു സമയം അങ്ങേയറ്റം ഊർജ്ജസ്വലരും എത്ര വലിയ റിസ്‌ക് ഏറ്റെടുക്കുന്ന സാഹസപ്രിയരും ആയിരിക്കും. മറ്റൊരു സമയം ഇതിന്റെ വിപരീതധ്രുവത്തിലായിരിക്കും. വിഷാദഭരിതരും ഒരു കാര്യത്തിലും താത്‌പര്യമില്ലാത്തവരും ആയി എല്ലാത്തിൽ നിന്നും അകന്ന് മാറിനിൽക്കും.

സന്തോഷം ആസ്വദിക്കാതെ...

വിഷാദരോഗം ബാധിച്ച പുരുഷന്മാരിൽ പ്രധാനമായുണ്ടാകുന്ന പ്രശ്‌നങ്ങൾ ലൈംഗിക താത്പര്യക്കുറവും ഉദ്ധാരണശേഷിക്കുറവുമാണ്. മസ്‌‌തിഷ്‌കത്തിലെ 'ഡോപമിൻ' എന്ന രാസതന്മാത്രയുടെ വ്യതിയാനം മൂലം ലൈംഗികതയടക്കം ജീവിതത്തിലെ സന്തോഷകരമായ മറ്റ് പലതും ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിച്ചേരുന്നു. നോർഎപിനെഫ്രിന്റെ അളവ് കുറയുന്നത് ശാരീരിക ക്ഷീണത്തിനും ഉന്മേഷക്കുറവിനും കാരണമാകുന്നു. ഇത് ലൈംഗിക താത്പര്യത്തെ ദോഷകരമായി ബാധിക്കുന്നു. തലച്ചോറിലെയും സുഷുമ്‌നാനാഡിയിലെയും സിറട്ടോണിന്റെ പ്രവർത്തന വ്യതിയാനങ്ങൾ ലൈംഗിക ഉദ്ധാരണത്തെ ബാധിക്കുന്നുണ്ട്.

വിഷാദത്തോടൊപ്പം അമിത ഉത്ക്കണ്ഠയുളളവർക്ക് ശീഘ്രസ്ഖലനം ഉൾപ്പടെയുളള പ്രശ്‌നങ്ങളുണ്ടാകാം. ഉദ്ധാരണശേഷി കുറയുമ്പോൾ ലൈംഗികതയെക്കുറിച്ചുളള ആശങ്കകൾ അവരിൽ നിറയുന്നു. ഇത് വിഷാദരോഗം വഷളാകാൻ കാരണമാകുന്നു. മദ്യം, പുകയില എന്നിവയുടെ ഉപയോഗവും ലൈംഗികശേഷി കുറയുന്നതിന് കാരണമാകുന്നുണ്ട്.

നിർവികാരം...

വിഷാദരോഗമുളള സ്ത്രീകളിൽ ലൈംഗികതാത്‌പര്യക്കുറവാണ് പ്രധാന പ്രശ്‌നം. ഭർത്താവ് സ്‌പർശിക്കുന്നത് പോലും ഇവർക്ക് പ്രയാസമുണ്ടാക്കാം. കുട്ടിക്കാലത്ത് മനസിൽ കയറിക്കൂടിയ ലൈംഗികതയെക്കുറിച്ചുളള തെറ്റായ ധാരണകളും പാപബോധവും മറ്റും വിഷാദരോഗം വരുന്ന വേളകളിൽ ശക്തിപ്രാപിച്ചെന്നിരിക്കും. പുരുഷന്മാർ നിർബന്ധിച്ച്‌ ലൈംഗിക വേഴ്‌ചയ്‌ക്ക് പ്രേരിപ്പിച്ചാലും തീർത്തും നിർവികാരമായ പ്രതികരണമായിരിക്കും ഇവരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. രതിമൂർച്ഛ ആസ്വദിക്കാൻ തീർത്തും കഴിയാത്ത അവസ്ഥയും ഇവർക്കുണ്ടാകാം.

ശരീരവും വിഷാദവും

ശാരീരിക ആരോഗ്യസ്ഥിതിയും വിഷാദരോഗബാധിതരുടെ ലൈംഗിക താത്പര്യത്തെ ഗണ്യമായി സ്വാധീനിക്കും. ദീർഘകാലമായി ശാരീരികരോഗങ്ങൾ അനുഭവിക്കുന്നവർക്ക് അതേത്തുടർന്ന് വിഷാദരോഗം വരാൻ സാദ്ധ്യത കൂടുതലാണ്.

പ്രമേഹം, ഹൃദ്രോഗം, കാൻസർ, പാർക്കിൻസോണിസം, വന്ധ്യത തുടങ്ങിയ രോഗങ്ങൾ ദീർഘകാലമായി അനുഭവിക്കുന്നവർക്ക് വിഷാദരോഗം വരാൻ സാദ്ധ്യത കൂടുതലാണ്. ഇവരിൽ വിഷാദരോഗത്തിന്റെ സാന്നിദ്ധ്യം അടിസ്ഥാന ശാരീരിക രോഗം വഷളാകാൻ വഴിതെളിക്കും.

ഇത്തരക്കാരിൽ അവർക്കുളള ശാരീരിക രോഗത്തിന്റെ തീവ്രതയും ലൈംഗികതയെ ബാധിക്കും. ഉദാഹരണത്തിന് ദീർഘകാലമായി പ്രമേഹമുളള വ്യക്തിക്ക് ശരീരത്തിലെ ഓട്ടോണോമിക് നാഡീവ്യൂഹങ്ങളുടെ തകരാറ് മൂലവും രക്തക്കുഴലുകളിൽ അടവുണ്ടാകുന്നതുമൂലവും ലൈംഗികാവയവത്തിലേക്കുളള രക്തയോട്ടം കുറയുന്നതു മൂലവും ഉദ്ധാരണശേഷിക്കുറവുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഈ പ്രശ്‌നങ്ങളോടൊപ്പം വിഷാദരോഗം കൂടിയാകുന്നതോടെ പലപ്പോഴും ഉദ്ധാരണശേഷിക്കുറവ് വഷളാകുന്നതായി കാണാം. ചില രോഗങ്ങൾക്കുളള ഔഷധങ്ങൾ ദീർഘകാലം ഉപയോഗിക്കുന്നതും ലൈംഗികശേഷിയെ ബാധിക്കാം.

ലൈംഗിക ചൂഷണവും വിഷാദവും

കുട്ടിക്കാലത്തോ കൗമാരത്തിലോ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരാകേണ്ടിവന്നവരിൽ, വിഷാദരോഗം പിന്നീടുണ്ടായാൽപ്പോലും ലൈംഗിക താത്പര്യത്തെ അതു ഗണ്യമായി ബാധിച്ചേക്കാം. തങ്ങൾക്കുണ്ടായ പീഡനാനുഭവത്തെക്കുറിച്ച്‌ ചിന്തിക്കുന്നതുപോലും കടുത്ത ഉത്കണ്‌ഠക്ക് കാരണമാവുന്നു. അതുവഴി ഉദ്ധാരണശേഷിക്കുറവിനും ശീഘ്രസ്ഖലനത്തിനും കാരണമാവുകയും ചെയ്യാം.

നാളെ: അവസാനഭാഗം- വിഷാദത്തെ പമ്പ കടത്താം