note

മുംബയ്: ഇന്ത്യയിൽ കറൻസി നോട്ടുകളുടെ പ്രചാരം കുത്തനെ കൂടിയെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. 2020 കലണ്ടർ വർഷത്തിൽ 5.01 ലക്ഷം കോടി രൂപ വർദ്ധിച്ച് പ്രചാരത്തിലുള്ള മൊത്തം നോട്ടുകളുടെ മൂല്യം 27.07 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷത്തേക്കാൾ 22 ശതമാനമാണ് വർദ്ധന.

സാധാരണ ജി.ഡി.പി വളർച്ച മെച്ചപ്പെടുമ്പോഴാണ് കറൻസിക്ക് നല്ല പ്രചാരം കിട്ടുന്നത്. എന്നാൽ, 2020ൽ ജി.ഡി.പി ചരിത്രത്തിലെ ഏറ്റവും മോശം നിരക്കിലേക്ക് കൂപ്പുകുത്തിയെങ്കിലും കറൻസി പ്രചാരം കൂടി. നോട്ട് അസാധുവാക്കലിന് ശേഷം 2017-18ൽ പ്രചാരത്തിലുണ്ടായ 37 ശതമാനം വർദ്ധന മാറ്റിവച്ചാൽ, 2020ലെ വളർച്ച റെക്കാഡാണ്.

കഴിഞ്ഞ 50 വർഷത്തെ കണക്കെടുത്താൽ, അഞ്ചുവട്ടം മാത്രമാണ് കറൻസി പ്രചാരത്തിൽ 17 ശതമാനത്തിലേറെ വളർച്ച ഉണ്ടായിട്ടുള്ളത്. 1987-90, 1993-96, 2005-09 കാലയളവിൽ ജി.ഡി.പി വളർച്ചയുടെ ചുവടുപറ്റി നോട്ടിന്റെ ഡിമാൻഡ് കൂടി. നോട്ട് അസാധുവാക്കലിന് ശേഷം 2017-18ലും പ്രചാരമേറി. ഇതിനു പുറമേയാണ് കഴിഞ്ഞവർഷത്തെ വളർച്ച.

കൊവിഡ് ഭീതിയിൽ അടിയന്തര ആവശ്യത്തിനെന്നോണം ജനം വൻതോതിൽ നോട്ടുകൾ കൈവശം സൂക്ഷിച്ചതാണ് 2020ൽ പതിവിന് വിപരീതമായി കറൻസി പ്രചാരം വർദ്ധിക്കാനിടയാക്കിയത്. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, ബ്രസീൽ, ചിലി, ടർക്കി, റഷ്യ എന്നിവിടങ്ങളിലും കൊവിഡ് കാലത്ത് കറൻസിപ്രിയം ഏറിയിട്ടുണ്ട്.

കാശിനോട് പ്രിയം

₹27.70 ലക്ഷം കോടി

ഇന്ത്യയിൽ പ്രചാരത്തിലുള്ള മൊത്തം കറൻസി മൂല്യം

വളർച്ച ഇങ്ങനെ

 2011-12 : 12.4%

 2016-17 : -19.7%

 2017-18 : 37%

 2020 : 22%

12.6%

കറൻസി പ്രചാരത്തിൽ കഴിഞ്ഞ ദശാബ്ദത്തിലെ വളർച്ച

13.8%

50 വർഷത്തിനിടെ കറൻസി നോട്ടുകളുടെ മൂല്യത്തിലെ വളർച്ച.