
കാസർകോട് : ബദിയടുക്ക നീർച്ചാൽ ചെടേക്കാലിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി തുണിയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിന്റെ അടിയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെടേക്കാലിൽ ഷാഫിയുടെ ഭാര്യ കെ. ഷാഹിന എന്ന സൈനയെ (26) ആണ് ബേഡകം ഇൻസ്‌പെക്ടർ ടി. ഉത്തംദാസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കാസർകോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുഞ്ഞിനെ ജനിച്ചയുടൻ ആരുമറിയാതെ ഈയർഫോൺ കേബിൾ കഴുത്തിൽ മുറുക്കി കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ചുവെന്ന് ചോദ്യം ചെയ്യലിൽ ഷാഹിന മൊഴിനൽകി. അമിത രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ശാഹിനയെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം വെളിപ്പെട്ടത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഭർത്താവ് ഷാഫി വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. ഷാഹിന ഗർഭിണിയായ കാര്യം ഭർത്താവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഗ്യാസിന്റെ അസുഖമാണ് എന്നാണ് പറഞ്ഞിരുന്നത്. ബദിയടുക്ക എസ്. ഐ അനീഷ് അന്വേഷിച്ചിരുന്ന കേസ് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ബേഡകം ഇൻസ്‌പെക്ടർ ടി. ഉത്തംദാസ് ഏറ്റെടുത്താണ് മാതാവിനെ അറസ്റ്റ് ചെയ്തത്. ഷാഹിനയുടെ മൂത്ത കുട്ടിക്ക് ഒരു വയസും മൂന്ന് മാസവുമാണ് പ്രായം. ഈ കുട്ടിയെ പ്രസവിച്ച് മൂന്ന് മാസമായപ്പോൾ യുവതി ഗർഭിണിയായി. ആദ്യം ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ അയഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞും ഗ്യാസ് ആണെന്ന് പറഞ്ഞും വീട്ടുകാരുടെ മുമ്പിൽ പിടിച്ചുനിന്നു. പ്രസവിച്ചതോടെ ഭർത്താവിനെയും ബന്ധുക്കളെയും അഭിമുഖീകരിക്കാനുള്ള ജാള്യത കാരണം കുഞ്ഞിനെ ഇല്ലാതാക്കി എന്നാണ് പൊലീസ് ചോദ്യംചെയ്യലിൽ വെളിപ്പെട്ടത്. യുവതി ഗർഭം ധരിച്ചത് സംബന്ധിച്ച് ഭർത്താവിനോ വീട്ടുകാർക്കോ മറ്റു സംശയങ്ങൾ ഒന്നും ഇല്ലെന്നും പൊലീസ് പറയുന്നു.
കൊല്ലാനുള്ള മനോഭാവം?
പിഞ്ചു കുഞ്ഞുങ്ങളെ വകവരുത്തുന്ന ഇത്തരം മാതാപിതാക്കളുടെ മാനസികാവസ്ഥയെ കുറിച്ച് പഠിക്കാൻ ഗൂഗിളിന്റെ സഹായം തേടുകയായിരുന്നു ബേഡകം ഇൻസ്‌പെക്ടർ ടി. ഉത്തംദാസ്. അടുപ്പിച്ച് രണ്ടുതവണ ഗർഭം ധരിച്ചതിനാൽ ബന്ധുക്കളുടെയും സമൂഹത്തിന്റെയും മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോൾ നവജാത ശിശുവിനെ വകവരുത്തി എന്നാണ് പൊലീസ് നിഗമനം. പ്രസവാനന്തര വിഷാദം (പോസ്റ്റ് പോർട്ടം ഡിപ്രഷൻ) ആയിരിക്കാം ഇതെന്നാണ് ഗൂഗിൾ ഭാഷ്യം. ചാഞ്ചാട്ടമുള്ള മനസിന് ഉടമകളായ ചില സ്ത്രീകളിൽ ഈയൊരു മനോഭാവം പ്രകടമാകാറുണ്ട്.