ബാഴ്സലോണ 3-2ന് അത്‌ലറ്റിക് ക്ളബിനെ തോൽപ്പിച്ചു
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് അത്‌ലറ്റിക് ക്ളബിനെ തോൽപ്പിച്ച് ബാഴ്സലോണ. ഇരട്ടഗോൾ നേടിയ സൂപ്പർ താരം ലയണൽ മെസിയാണ് ബാഴ്സയുടെ തകർപ്പൻ വിജയത്തിന് ചുക്കാൻ പിടിച്ചത്.
അത്‌ലറ്റിക് ക്ളബിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽന്റെ മൂന്നാംമിനിട്ടിൽത്തന്നെ ആതിഥേയർ സ്കോർ ചെയ്ത് ബാഴ്സയെ ഞെട്ടിച്ചിരുന്നു. വില്യംസാണ് ആദ്യ ഗോൾ നേടിയത്. 14-ാം മിനിട്ടിൽ പെഡ്രി സ്കോർ ചെയ്യതോടെ കളി സമനിലയിലായി.38-ാം മിനിട്ടിലായിരുന്നു മെസിയുടെ ആദ്യഗോൾ. 62-ാം മിനിട്ടിൽ മെസി അടുത്തഗോളും നേടി. 90-ാം മിനിട്ടിൽ മുനെയ്ൻ അത്‌ലറ്റിക് ക്ളബിനായി രണ്ടാം ഗോൾ നേടി.
ഈ വിജയത്തോടെ ബാഴ്സലോണ ലാ ലിഗ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 17 കളികളിൽ നിന്ന് 31 പോയിന്റാണ് ബാഴ്സലോണയ്ക്കുള്ളത്. 15 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമത്. 17 കളികളിൽ നിന്ന് 36 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്ത്.