biden

വാഷിംഗ്ടൺ: ജനാധിപത്യത്തിന് നേരെയുണ്ടായ ആക്രമണമാണ് കാപിറ്റോൾ മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികൾ കാണിച്ച അക്രമമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധത്തിലൂടെയും കലാപത്തിലൂടെയും ഏറെ സഹിച്ചവരാണ് അമേരിക്കൻ ജനത. നാം ഇതും സഹിക്കുമെന്നും അതിജീവിക്കുമെന്നും ബൈഡൻ പറഞ്ഞു.

നമ്മുടെ ജനാധിപത്യം ദുർബലമാണെന്ന വേദനിപ്പിക്കുന്ന ഓർമപ്പെടുത്തലാണ് ഇന്നത്തെ സംഭവം. ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇച്ഛാശക്തിയുള്ള നേതാക്കൾ വേണം. നിവർന്നു നിൽക്കാൻ ധൈര്യമുള്ള, വ്യക്തിതാൽപര്യങ്ങൾക്കതീതമായി പൊതു നന്മക്കായി അധികാരം വിനിയോഗിക്കുന്ന നേതൃത്വം വേണം.

ലോകം മുഴുവൻ നമ്മെ കാണുകയാണ്. ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. യുദ്ധത്തിന്റേയും കലാപത്തിന്റേയും ദൂഷ്യവശങ്ങൾ ഏറെ സഹിച്ചവരാണ് അമേരിക്കൻ ജനത. നാം ഇതും സഹിക്കും. ജനാധിപത്യം, മര്യാദ, ആദരവ്, ബഹുമാനം, നിയമവാഴ്ച എന്നിവ പുന:സ്ഥാപിക്കാനാവും ഈ നിമിഷത്തിലെയും വരാനിരിക്കുന്ന നാല് വർഷത്തെയും പരിശ്രമം -ബൈഡൻ പറഞ്ഞു.

ഇപ്പോൾ നടക്കുന്നത് വിയോജിപ്പല്ല, അക്രമമാണ്. അത് രാജ്യദ്രോഹത്തിന്റെ വക്കോളമെത്തി. ഇത് അവസാനിപ്പിക്കണം. പ്രസിഡന്റ് ട്രംപ് ദേശീയ ടെലിവിഷനിലൂടെ അക്രമികളോട് പിൻവാങ്ങാൻ നിർദ്ദേശിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.