മലപ്പുറം: സിനിമാക്കഥകളെ വെല്ലുന്നതായിരുന്നു മലപ്പുറം പന്താവൂർ കാളാച്ചാൽ സ്വദേശി ഇർഷാദ് ഹനീഫയെ കൊലപ്പെടുത്താനും മൃതദേഹം ഒളിപ്പിക്കാനും സുഹൃത്തുക്കൾ നടത്തിയ ആസൂത്രണം. ഇർഷാദിന്റെ സുഹൃത്തും ക്ഷേത്ര പൂജാരിയുമായ സുബാഷും സുഹൃത്ത് എബിനുമാണ് കൊലപാതകക്കേസിൽ പിടിയിലായത്. കോടികൾ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം വാഗ്ദാനം ചെയ്ത് ഇർഷാദിൽ നിന്ന് പലപ്പോഴായി സുബാഷ് പണം വാങ്ങുകയും തിരികെ നൽകാൻ കഴിയാതായപ്പോൾ ഇർഷാദിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷം അരുംകൊലയുടെ ചുരുളഴിഞ്ഞപ്പോഴാണ് സംഭവത്തിന്റെ ആസൂത്രണവും കൊലപാതകം നടത്തിയ രീതിയും മൃതദേഹം ഒളിപ്പിച്ചതുമെല്ലാം പുറത്തായത്.
പഞ്ചലോഹവിഗ്രഹം വാഗ്ദാനം ചെയ്തു
കഴിഞ്ഞ ജൂൺ11നാണ് പന്താവൂർ കാളാച്ചാൽ സ്വദേശി ഇർഷാദ് ഹനീഫയെ കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികളും ഇർഷാദുമായുള്ള പണമിടപാട് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്ര പൂജാരിയായ സുബാഷ് പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് പറഞ്ഞ് ഇർഷാദിൽ നിന്ന് അഞ്ചുലക്ഷം രൂപ കൈക്കലാക്കി. കബളിപ്പിക്കപ്പെട്ടെന്ന് ബോദ്ധ്യമായതോടെ ഇർഷാദ് പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ ഇർഷാദിനെ വകവരുത്താനായി സുബാഷിന്റെ ശ്രമം. കൊലപാതകത്തിന് പദ്ധതി മെനഞ്ഞ സുബാഷ് സുഹൃത്ത് എബിനെയും കൂട്ടുപിടിച്ചു.
ഡ്യൂപ്ളിക്കേറ്റ് വിഗ്രഹം കാണിച്ചു
മൊബൈൽ ഫോണും ലാപ്ടോപ്പുമടക്കം ഇലക്ട്രോണിക് ഉപകരണങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയി കച്ചവടം നടത്തിയിരുന്ന ഇർഷാദിനെ പഞ്ചലോഹ വിഗ്രഹമെന്ന പേരിൽ വ്യാജമായി നിർമ്മിച്ച വിഗ്രഹം കാണിച്ചാണ് സുബാഷ് വലയിലാക്കിയത്. പാലക്കാട് കുമാരനെല്ലൂർ ക്ഷേത്രത്തിലെ പൂജാരി കൂടിയായ സുബാഷ് വിഗ്രഹം നൽകാമെന്ന് പറഞ്ഞപ്പോൾ ഇർഷാദ് വിശ്വസിച്ചു. കരാറുറപ്പിച്ച് അഞ്ച് ലക്ഷവും കൈപ്പറ്റി. പിന്നീട് തട്ടിപ്പ് മനസിലാക്കിയ ഇർഷാദ് പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ സുഹൃത്തിനെ കൊല്ലണമെന്നുറപ്പിച്ച സുബാഷ് ആദ്യം അന്വേഷിച്ചത് സുഹൃത്തിനെ കൊന്നു തള്ളാനുള്ള ഇടമാണ്. സ്ഥലം കണ്ടെത്താൻ പ്രതി ഒപ്പം കൂട്ടിയത് ഇർഷാദിനെ തന്നെ. വിഗ്രഹം ഒളിപ്പിക്കാനുള്ള സ്ഥലമാണ് വിശ്വസിപ്പിച്ചായിരുന്നു ഇരുവരുടെയും യാത്ര. ഒടുവിൽ ആ യാത്ര എത്തിയത് പൂക്കരത്തറയിലെ മാലിന്യം മൂടിയ കിണറ്റിലാണ്.
ഒളിപ്പിക്കാൻ കണ്ടെത്തിയ സ്ഥലം കുഴിമാടമാക്കി
പഞ്ചലോഹ വിഗ്രഹത്തിന്റെ ഒളിയിടമായി കൊല്ലപ്പെട്ട ഇർഷാദ് കണ്ടെത്തിയ കിണറാണ് പ്രതി സുബാഷ്, ഇർഷാദിന്റെ കുഴിമാടമാക്കിയത്. മലപ്പുറം പൂക്കരത്തറയിലെ മാലിന്യം മൂടിയ കിണറിൽ ഇർഷാദിനെ കൊന്നു തള്ളിയാൽ ആ വിവരം ഒരിക്കലും പുറംലോകം അറിയില്ലെന്നായിരുന്നു പ്രതികളുടെ വിശ്വാസം.
ജൂൺ 11-ന് പടിഞ്ഞാറങ്ങാടിയിൽനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് ഇർഷാദിനെ വട്ടംകുളത്തേക്ക് കൊണ്ടുപോയത്. വട്ടംകുളത്തെ ലോഡ്ജിൽവച്ച് പഞ്ചലോഹവിഗ്രഹം കിട്ടാനാണെന്ന്പറഞ്ഞ് സുബാഷ് പൂജാദികർമ്മങ്ങളാരംഭിച്ചു. ഭക്ഷണമുണ്ടാക്കുന്ന സ്ഥലത്തോടുചേർന്ന ചുമരിനരികിൽ ഇർഷാദിനെ കസേരയിലിരുത്തി. പൂജാ കർമ്മങ്ങൾക്കെന്ന വ്യാജേനെ ഇരുവരുംചേർന്ന് ഇർഷാദിന്റെ കൈകാലുകൾ ബന്ധിപ്പിച്ചു. കണ്ണുകൾ കെട്ടി.
ക്ളോറോഫോം ചതിച്ചു
ഇതു കൊണ്ടുവരുമ്പോൾ ഉണ്ടാകാനിടയുളള ശാരീരികാസ്വാസ്ഥ്യങ്ങൾ മാറ്റാനാണെന്ന്പറഞ്ഞ് കാഞ്ഞിരമുക്കിലെ രാജനിൽനിന്ന് വാങ്ങിയ ക്ലോറോഫോം ആവികൊള്ളുന്ന യന്ത്രത്തിലൂടെ മണപ്പിച്ചു. പക്ഷേ, 25,000 രൂപ പ്രതിഫലം പറ്റി രാജൻ നൽകിയത് ക്ലോറോഫോമല്ലാതിരുന്നതിനാൽ ഇർഷാദിന് ബോധക്ഷയമുണ്ടായില്ല.
പിന്നീട് ഇത് കുത്തിവയ്പായി നൽകിയെങ്കിലും കാര്യമുണ്ടാകാത്തതിനെത്തുടർന്നാണ് ബൈക്കിന്റെ ഷോക്ക് അബ്സോർബറിന്റെ പൈപ്പുകൊണ്ട് തലയ്ക്കടിച്ച് ബോധരഹിതനാക്കി കഴുത്തിൽ കയറിട്ടുമുറുക്കി കൊന്നത്.അന്നുതന്നെ മൃതദേഹം ചാക്കിലാക്കി പൂക്കരത്തറയിലെ കിണറ്റിലുപേക്ഷിച്ചു.
നിലത്തെ രക്തക്കറ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി. അതിനുപയോഗിച്ച വൈപ്പറും മൃതദേഹം കുഴിച്ചിടാനായി വാങ്ങി സൂക്ഷിച്ചിരുന്ന തൂമ്പയും കണ്ടെത്തി. കൃത്യം നടത്താനുള്ള സൗകര്യത്തിനാണ് കഴിഞ്ഞ ഏപ്രിലിൽ വട്ടംകുളത്ത് ക്വാർട്ടേഴ്സ് വാടകക്ക് എടുത്തത്. സംഭവത്തിനുശേഷവും സംശയംതോന്നാതിരിക്കാൻ ക്വാർട്ടേഴ്സിൽ വന്നുപോയിരുന്നതായും സുബാഷ് പറഞ്ഞു.
ഇർഷാദിന്റെ മരണകാരണം കഴുത്തിൽ പ്ലാസ്റ്റിക് കയറിട്ട് കുരുക്കിയതുതന്നെയാണെന്ന് തെളിഞ്ഞു. മൃതദേഹപരിശോധനയിൽ കഴുത്തിലെ എല്ലുകൾക്ക് ക്ഷതം കണ്ടെത്തിയിരുന്നു. നേരത്തേ ബൈക്കിന്റെ ഷോക്ക് അബ്സോർബറുപയോഗിച്ച് കൊണ്ട് തലയ്ക്കടിച്ചിരുന്നെങ്കിലും അടി മരണത്തിന് കാരണമായിരുന്നില്ല.
ദൃശ്യം മോഡൽ ആസൂത്രണം
ആറുമാസം നീണ്ട ശാസ്ത്രീയപരിശോധനകളിലൂടെയാണ് ദൃശ്യം സിനിമയിലേതിന് സമാനമായ ആസൂത്രണത്തോടെ പ്രതികൾ നടപ്പാക്കിയ കൊലപാതകം കണ്ടെത്തിയത് . ഒന്നാംപ്രതിയും പൂജാരിയുമായ വട്ടംകുളം അധികാരത്തുപടി വളപ്പിൽ സുഭാഷ് (35), കൂട്ടുകാരൻ മേനോൻപറമ്പിൽപ്പടി എബിൻ (27) എന്നിവർ കൊലപാതകത്തിനും തെളിവുനശിപ്പിക്കുന്നതിനും കൃത്യമായ ആസൂത്രണങ്ങളാണ് നടത്തിയതെന്ന് പൊലീസ് പറയുന്നു.
കുളിച്ച് കാർ കഴുകി വൃത്തിയാക്കിയശേഷം ആയുധങ്ങൾ വിവിധ സ്ഥലങ്ങളിലുപേക്ഷിച്ചു. ഇർഷാദിന്റെ ഫോൺ ഓഫാക്കിയശേഷം കോഴിക്കോട്ടേക്കുപോയി. അവിടെവച്ച് ഫോൺ ഓൺചെയ്ത് താൻ കോഴിക്കോട്ടുണ്ടെന്ന് വാട്സാപ്പ് സന്ദേശം ഇർഷാദ് അയക്കുന്നതുപോലെ വീട്ടുകാർക്ക് അയച്ച് വീട്ടുകാരെ വിശ്വസിപ്പിച്ചു. വീണ്ടും ഫോൺ ഓഫാക്കിയശേഷം സിം ഊരി ഒരു പെട്ടിയിലാക്കി അതവിടെ കടലിലുപേക്ഷിച്ചു. ഫോൺ ചമ്രവട്ടംവഴി വരവേ പുഴയിലേക്കുമെറിഞ്ഞു.
പൊലീസും വീട്ടുകാരുമന്വേഷിക്കുമ്പോളെല്ലാം ഫോൺ ലൊക്കേഷൻ കോഴിക്കോട് കാണിച്ചതോടെ തങ്ങൾ സുരക്ഷിതരായെന്ന് പ്രതികൾകരുതി. ഇർഷാദിന്റെ വീട്ടിലെത്തി ഒന്നുമറിയാത്തതുപോലെ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു.
പൊലീസ് പലവട്ടം ചോദ്യംചെയ്തപ്പോഴും നിഷ്കളങ്കരായി അഭിനയിച്ചു.
വഴിത്തിരിവായത് സിം കാർഡ്
ഇർഷാദിന്റെ പേരിൽ സുബാഷ് എടുത്തിരുന്ന ഒരു ഫോൺ നമ്പർ ഇർഷാദിന്റെ കോൾ വിവരപ്പട്ടികയിൽ നിന്ന് പൊലീസിനു ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. ആ നമ്പരിൽ നിന്ന് കോൾ പോയിരുന്നത് ഈ മൂന്നു പേരുടെയും ക്ലോറോഫോം നൽകിയ രാജന്റെയും നമ്പറുകളിൽ മാത്രമായിരുന്നു. മൂന്നാമനായ രാജനെ പാെലീസ് ചോദ്യം ചെയ്തപ്പോഴാണ് ക്ളോറോഫോം വാങ്ങിയ കാര്യം പറയുന്നത്. തുടർന്ന് പൊലീസ് തെളിവുകൾ നിരത്തിയതോടെ രണ്ടാംപ്രതി എബിൻ കുറ്റം സമ്മതിച്ചു.
സർവീസ് സെന്റർ ജീവനക്കാരൻ കാറിലെ രക്തക്കറ കണ്ടു
മൃതദേഹം പൂക്കരത്തറയിലെ കിണറ്റിലുപേക്ഷിച്ചശേഷം കാർ കഴുകാനായി ഏൽപ്പിച്ച സർവീസ് സെന്ററിലെ ജീവനക്കാരൻ ചോരപ്പാടുകളും ഇർഷാദിന്റെ പഴ്സടക്കമുള്ള സാധനങ്ങളും കാറിൽ കണ്ടതിനെത്തുടർന്ന് ഇവരോട് കാര്യമന്വേഷിച്ചിരുന്നു. എന്നാൽ, ഇയാൾ വിവരം പുറത്തുപറയാതിരിക്കാൻ പണംകൊടുത്ത് ഒതുക്കിയെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. വിവരമറിഞ്ഞിട്ടും പുറത്തുപറയാതെ ഇവരിൽനിന്ന് സാമ്പത്തികസഹായം സ്വീകരിച്ച് മനഃപൂർവം കുറ്റകൃത്യം മറച്ചുവച്ചതാണോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
കൊലപാതകത്തെ കുറിച്ച് മറ്റു ചിലർക്കും അറിയാമായിരുന്നു
കൊലചെയ്തത് രണ്ടു പേർ ചേർന്നാണെങ്കിലും വിവരമറിയാവുന്നവർ വേറെയുമുണ്ടെന്ന സൂചനയിൽ മറ്റു ചിലരെ കൂടി പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി വിവരങ്ങളാരാഞ്ഞ പൊലീസ് നിയമോപദേശത്തിനുശേഷം മാത്രം തുടർനടപടി സ്വീകരിക്കാമെന്ന തീരുമാനത്തിലാണ്. കേസിൽ ഒന്നാം പ്രതി സുബാഷുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചെങ്കിലും രണ്ടാം പ്രതി എബിന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കസ്റ്റഡിയിൽ വാങ്ങിയിട്ടില്ല. കൊവിഡ് നെഗറ്റീവായശേഷം ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
കേസ് മുന്നോട്ടുപോകണമെങ്കിൽ ഇരുവരുടെയും തെളിവെടുപ്പ് നിർണായകമാണ്. കൊലനടത്തിയ വട്ടംകുളത്തെ ലോഡ്ജിലെത്തിച്ച് കൊലനടത്തിയ രീതി മനസ്സിലാക്കേണ്ടതുണ്ട്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ, ഇർഷാദിന്റെ വസ്ത്രങ്ങൾ, ഫോൺ എന്നിവ കണ്ടെത്തണം. കോഴിക്കോട് കടലിലും പുഴയിലുമുപേക്ഷിച്ച ഫോണും സിം കാർഡും കണ്ടെത്തൽ എളുപ്പമല്ലാത്തതിനാൽ മറ്റുള്ളവ കണ്ടെത്താനാണ് ആദ്യശ്രമമെന്ന് പൊലീസ് പറഞ്ഞു. ഇർഷാദിനെ സംഭവദിവസം വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടു പോകാനുപയോഗിച്ച വാടകയ്ക്കെടുത്ത കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.