city

ലണ്ടൻ : ഇംഗ്ളീഷ് ലീഗ് കപ്പ് ഫുട്ബാളിന്റെ സെമിഫൈനലിൽ കഴിഞ്ഞ രാത്രി മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന മത്സരത്തിൽ വിജയം സിറ്റിക്ക്.ഏകപക്ഷീയമായ രണ്ടുഗോളുകൾക്കാണ് സിറ്റി യുണൈറ്റഡിനെ തോൽപ്പിച്ചത്. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ സിറ്റി വീണ്ടും ഫൈനലിലെത്തി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 50-ാം മിനിട്ടിൽ ഡിഫൻഡർ ജോൺ സ്റ്റോൺസാണ് സിറ്റിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. 2017ന് ശേഷം സ്റ്റോൺസ് നേടിയ ആദ്യ ഗോളായിരുന്നു ഇത്. 83-ാം മിനിട്ടിൽ ഫെർണാൻഡീഞ്ഞോ രണ്ടാം ഗോളും നേടി.