yogi

ലക്‌നൗ: നിർബന്ധിത മതപരിവർത്തനം തടയൽ നിയമപ്രകാരം യു.പിയിൽ ആദ്യം അറസ്റ്റിലായ മുസ്ലിം യുവാവിനെതിരെ തെളിവില്ലെന്ന് യോഗി സർക്കാർ. അലഹബാദ് ഹെെക്കോടതിയിൽ
സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

മതപരിവർത്തന വിരുദ്ധ നിയമപ്രകാരം എഫ്‌ഐ‌ആറിൽ പേരുനൽകിയത് തെറ്റാണെന്നും അന്വേഷണത്തിൽ യുവതിയെ മതം മാറ്റാനുള്ള ശ്രമം നടന്നതായി കണ്ടെത്താനായിട്ടില്ലെന്നും
സത്യവാങ്മൂലത്തിൽ പറയുന്നു. ഇതോടെ കേസ് ജനുവരി 15ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ അക്ഷയ് കുമാർ ത്യാഗിയാണ് തന്റെ ഭാര്യയെ നദീം,സൽമാൻ എന്നിവർ ചേർന്ന് മതം മാറ്റാൻ ശ്രമിച്ചതായി കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നത്. തന്റെ ഭാര്യയെ ഇവർ പ്രണയത്തിൽപ്പെടുത്തുകയും വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകുകയും ചെയ്‌തിരുന്നുവെന്നും അക്ഷയ് പറയുന്നു. സമ്മാനമായി സ്മാർട്ട്ഫോൺ നൽകുകയും പിന്നാലെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചെന്നും ഇയാൾ പരാതി പറഞ്ഞിരുന്നു. ഇതോടെയാണ് നിർബന്ധിത മതപരിവർത്തനം തടയൽ നിയമപ്രകാരം പൊലീസ് നദീം,സൽമാൻ എന്നിവർക്കെതിരെ കേസെടുത്തത്.