jee-

ന്യൂഡൽഹി:ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് പരീക്ഷ ജൂലായ് മൂന്നിന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു. ഖരഗ്‌പൂർ ഐ.ഐ.ടിക്കാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല.

പ്രവേശനത്തിനുള്ള അടിസ്ഥാന മാനദണ്ഡമെന്ന നിലയിൽ പ്ലസ്‌ടുവിന് 75 ശതമാനം മാർക്ക് വേണമെന്ന കാര്യത്തിൽ കൊവിഡ് സാഹചര്യത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ജെ.ഇ.ഇ മെയിനിൽ യോഗ്യത നേടിയ 2.5 ലക്ഷം പേർക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് 2021 ന് അപേക്ഷിക്കാം.അപേക്ഷിക്കുന്നവർ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയുടെ യോഗ്യത കൂടി ഇതോടൊപ്പം നേടേണ്ടതുണ്ട്. ജനുവരി 16 വരെ പരീക്ഷയ്ക്കായി അപേക്ഷിക്കാം.

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നാലുസെഷനുകളായാണ് ജെ.ഇ.ഇ. (മെയിൻ) പരീക്ഷ നടത്തുക. ഫെബ്രുവരി 23 മുതൽ 26 വരെയുള്ള സെഷനിലാണ് തുടക്കം. അതുകഴിഞ്ഞ് മാർച്ച് 15 മുതൽ 18, ഏപ്രിൽ 27 മുതൽ 30, മേയ് 24 മുതൽ 28 എന്നിങ്ങനെയാകും പരീക്ഷകൾ.

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകൾ മേയ് നാല് മുതൽ ജൂൺ പത്തുവരെ നടത്തുമെന്നും ഫലം ജൂലായ് 15ന് പ്രഖ്യാപിക്കുമെന്നും മന്ത്രി നേരത്തേ അറിയിച്ചിരുന്നു.