gold

കൊച്ചി: സ്വർണാഭരണ മേഖലയെ പണം തിരിമറി തടയൽ നിയമത്തിന് (പി.എം.എൽ.എ) കീഴിലാക്കി, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിയന്ത്രണത്തിലാക്കിയ നടപടി കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്റിക് കൗൺസിൽ (ജി.ജെ.സി) ദേശീയ ഡയറക്‌ടർ ബോർഡ് ആവശ്യപ്പെട്ടു.

ഇന്ത്യൻ ജി.ഡി.പിയിൽ 10 ശതമാനം പങ്കുള്ള സ്വർണമേഖലയിൽ ആറുലക്ഷത്തോളം വ്യാപാരികളുണ്ട്. 10 കോടിയോളം പേർ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നു. കേന്ദ്ര ഉത്തരവിലെ നിബന്ധനകളും ഇ.ഡിയുടെ ഇടപെടലുകളും ഈ മേഖലയെ ദുർബലമാക്കുകയും അനധികൃത കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നികുതി വരുമാനം കുറയാനേ ഇത് ഇടയാക്കൂ.

കേന്ദ്ര ധനമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാനും യോഗം തീരുമാനിച്ചു. ജി.ജെ.സി ചെയർമാൻ ആശിഷ് പെതെ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖലാ ചെയർമാൻ ഡോ.ബി. ഗോവിന്ദൻ, ഡയറക്‌ടർ അഡ്വ.എസ്. അബ്ദുൽ നാസർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.