ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ കോടീശ്വരനെന്ന പട്ടം ആമസോൺ സി.ഇ.ഒ ജെഫ് ബെസോസിൽ നിന്ന് പിടിച്ചെടുത്ത് ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയുടെ സി.ഇ.ഒ എലോൺ മസ്‌ക്. 19,000 കോടി ഡോളറാണ് (14 ലക്ഷം കോടി രൂപ) മസ്‌കിന്റെ ആസ്‌തി.
2017 ഒക്‌ടോബർ മുതൽ ബെസോസ് കൈയടക്കിവച്ച പട്ടമാണ് മസ്‌ക് സ്വന്തമാക്കിയത്. ബെസോസിന്റെ ആസ്‌തി ഇപ്പോൾ 18,750 കോടി ഡോളറാണ് (13.74 ലക്ഷം കോടി രൂപ). മസ്‌കിന് 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടെസ്‌ല ഓഹരികളുടെ വിലക്കുതിപ്പാണ് അദ്ദേഹത്തിന് നേട്ടമായത്. കഴിഞ്ഞ 12 മാസത്തിനിടെയാണ് മസ്‌ക് ആസ്‌തിയിൽ 15,000 കോടി ഡോളറോളവും കൂട്ടിച്ചേർത്തത്.
മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിനെ പിന്തള്ളിയാണ് 2020ൽ ലോകത്തെ രണ്ടാമത്തെ വലിയ ശതകോടീശ്വര പട്ടം എലോൺ മസ്‌ക് എന്ന 49കാരൻ കഴിഞ്ഞവർഷം സ്വന്തമാക്കിയത്. തുടർച്ചയായി വരുമാന, ലാഭ വർദ്ധന കുറിക്കുന്ന ടെസ്‌ലയുടെ ഓഹരി വിലയിലെ വർദ്ധനയാണ് മസ്‌കിന് നേട്ടമാകുന്നത്. 2020ൽ ടെസ്‌ല ഓഹരി വില 743 ശതമാനം വർദ്ധിച്ചു. നിരീക്ഷകർ വിലയിരുത്തിയ 4.81 ലക്ഷത്തെ കടത്തിവെട്ടി 4.99 ലക്ഷം കാറുകൾ കഴിഞ്ഞവർഷം ടെസ്‌ല വിറ്റഴിച്ചതും കരുത്തായി.