
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തേകാൻ 83 ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ.സി.എ) തേജസ് മാർക്ക് -1 എ ജെറ്റുകൾ വാങ്ങാനുള്ള കരാറിന് അന്തിമ രൂപമായി. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ടാറ്റ-എയർബസ് നിർമ്മിക്കുന്ന 56 സി - 295 വിമാനങ്ങൾ വാങ്ങാനുള്ള കരാറിനൊപ്പം ഈ കരാറും ഒപ്പിടുമെന്നാണ് സൂചന. കരാർ പ്രാവർത്തികമായാൽ ഇന്ത്യൻ സൈനിക വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ തദ്ദേശീയ ഇടപാടായിരിക്കും എൽ.സി.എ തേജസ് കരാർ. നൂതനവും മികച്ചതുമായ പുതിയ എൽ.സി.എ തേജസ് ജെറ്റുകൾ വാങ്ങാനുള്ള കരാറിന് 37,000 കോടി രൂപയും 56 സി - 295 ജെറ്റുകൾക്ക് 13,000 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എൽ.സി.എ തേജസ് ജെറ്റുകൾ നിർമ്മിക്കുന്നത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) ആണ്. കരാർ ഒപ്പിട്ട് 3 വർഷത്തിനുള്ളിൽ ജെറ്റുകളുടെ വിതരണം ആരംഭിക്കും. ഇതിനകം തന്നെ വ്യോമസേന 40 എൽ.സി.എ തേജസ് മാർക്ക് -1 ജെറ്റുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. സി -295 ടാറ്റ-എയർബസ് ഇടപാടിൽ ആദ്യത്തെ 16 വിമാനങ്ങൾ എയർബസ് വിതരണം ചെയ്യും. ബാക്കിയുള്ള 40 വിമാനങ്ങളുടെ വിതരണം 8 വർഷത്തിനുള്ളിൽ പൂർത്തിയാക്കും.