muhammed-siraj-

സിഡ്നി : ആസ്ട്രേലിയ്ക്കെതിരായ മൂന്നാംക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപ് ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിയപ്പോൾ യുവതാരം മുഹമ്മദ് സിറാജ് വികാരാധീനനായതിനെ കുറിച്ചായിരുന്നു ഇന്ന് സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. മത്സരം ആരംഭിക്കും മുമ്പ് ദേശീയഗാനം ആലപിക്കുന്നതിനിടെയാണ് മുഹമ്മദ് സിറാജിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത്. കണ്ണ് നിറയുന്നതും, കണ്ണുനീർ കൈകൊണ്ട് തുടയ്ക്കുന്നതും വീഡിയോയിൽ കാണാം.

#AUSvIND pic.twitter.com/4NK95mVYLN

— cricket.com.au (@cricketcomau) January 6, 2021

സംഭവത്തിന്റെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ദേശീയ ഗാനത്തിനിടെ കരഞ്ഞതിനെ കുറിച്ച് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ്. സിറാജ് ഇപ്പോൾ. മരിച്ചുപോയ അച്ഛനെ ഓർമ വന്നതിനാലാണ് കണ്ണുകൾ നിറഞ്ഞതെന്നാണ് സിറാജ് പറഞ്ഞത്. ''ദേശീയ ഗാനത്തിനിടെ എനിക്ക് പിതാവിനെ ഓർമ വന്നു. ആ സമയത്ത് ഞാൻ വികാരാധീനനായിപ്പോയി. ഞാൻ ടെസ്റ്റ് കളിക്കണമെന്ന് അദ്ദേഹം ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നു. ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ത്യയ്ക്കായി കളിക്കുന്നത് അദ്ദേഹത്തിന് കാണാനാകുമായിരുന്നു.'' സിറാജ് പറഞ്ഞു.

Mohammed Siraj on why he got so emotional while the National Anthem was being played at the SCG.#TeamIndia #AUSvIND pic.twitter.com/zo0Wc8h14A

— BCCI (@BCCI) January 7, 2021

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയാണ് സിറാജിന്റെ പിതാവ് മുഹമ്മദ് ഖൗസിന്റെ വിയോഗം. അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി നാട്ടിലേക്ക് മടങ്ങാതെ ടീമിനൊപ്പം തുടരാൻ സിറാജ് തീരുമാനിക്കുകയായിരുന്നു. മൂന്നാം ടെസ്റ്റിൽ ഡേവിഡ് വാർണറെ പുറത്താക്കി ഇന്ത്യയ്ക്ക് മത്സരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ചതും സിറാജ് ആണ്. ഇത്തവണത്തെ ഓസീസ് പര്യടനത്തിൽ അപ്രതീക്ഷിതമായിട്ടാണ് സിറാജ് ടീമിൽ എത്തിയത്. മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെയാണ് സിറാജിനെ തേടി ഭാഗ്യമെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ 5 വിക്കറ്റ് നേടിയ സിറാജ് മൂന്നാം ടെസ്റ്റിലും ഫോം തുടർന്നു.