വാഷിംഗ്ടൺ: ജോ ബൈഡന്റെ വിജയത്തെ ചോദ്യം ചെയ്ത് ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ യു.എസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിന് മുന്നിലേക്ക് മാർച്ച് ചെയ്യുകയും മന്ദിരത്തിന് മുന്നിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായി കൈയാങ്കളി നടത്തുകയും ചെയ്തതോടെയാണ് കലാപത്തിന്റെ തുടക്കം.
ബാരിക്കേഡുകൾ മറികടന്ന പ്രതിഷേധക്കാർ മതിലുകളിലൂടെ വലിഞ്ഞുകയറി ജനൽച്ചില്ലുകൾ തകർത്ത് അകത്ത് കയറി. ഇടനാഴികളിലൂടെ പതാകകളും മറ്റുമായി പ്രതിഷേധക്കാർ ഇരച്ചു നീങ്ങി. ഫർണിച്ചർ തല്ലിത്തകർത്തു. സ്പീക്കർ നാൻസി പെലോസിയുടെ ഓഫീസിനകത്തു നിന്ന് ഒരാൾ ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തു. ഒരാൾ സ്പീക്കറുടെ കസേരയിൽ ഇരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് സഭാംഗങ്ങളുടെ തൊട്ടടുത്തു വരെ അക്രമികൾ എത്തി. ചിലർ വലിച്ചെറിഞ്ഞ അഗ്നിശമനിയിൽ നിന്ന് പുക പരന്നത് ആശങ്കയുണ്ടാക്കി. ചിലർ സഭാംഗങ്ങളെ ചേംബറിൽ നിന്ന് പുറത്തിറങ്ങാൻ സമ്മതിച്ചില്ല. ചിലർ ചേംബറിനകത്ത് അർദ്ധനഗ്നരായി നിന്ന് ചിത്രങ്ങൾ പകർത്തുകയും അട്ടഹസിക്കുകയും ചെയ്തു. ചേംബറിൽ അംഗങ്ങൾ നിലത്തു കിടന്നു. പതിനഞ്ച് മിനിട്ടിലേറെ നീണ്ട ഭീകരാവസ്ഥയ്ക്ക് ശേഷം അംഗങ്ങളെ പുറത്ത് രഹസ്യ വഴികളിലൂടെ സുരക്ഷാകേന്ദ്രത്തിൽ എത്തിച്ചു. പ്രതിഷേധക്കാരെ നേരിടാൻ ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ പ്രതിനിധികൾ ഒരുമിച്ചു നിന്നത് ശ്രദ്ധേയമായി. ആഷ്ലി ബാബിറ്റ് എന്ന വനിതയാണ് ആദ്യം കൊല്ലപ്പെട്ടത്. ചേംബറിലെ കോണിപ്പടികൾക്ക് സമീപമായിരുന്നു ഇവരുടെ മൃതദേഹം. സമൂഹമാദ്ധ്യമങ്ങളിൽ സംഭവത്തിന്റെ ദൃശ്യങ്ങളുമുണ്ട്.
ട്രംപിന്റെ സാമൂഹമാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചു
കലാപത്തിന് പിന്നാലെ ട്വിറ്റർ ഉൾപ്പെടെ ട്രംപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചു. മൂന്ന് വിവാദ ട്വീറ്റുകൾ നീക്കം ചെയ്തിട്ടുമുണ്ട്. 12 മണിക്കൂറാണ് ട്വിറ്റർ ട്രംപിനെ ബ്ലോക്ക് ചെയ്തിരിയ്ക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ പ്രസിഡന്റ് ലംഘിക്കുന്നു എന്നാരോപിച്ചാണിത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറാണ് ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്.
ഭരണം കൈമാറാൻ റെഡി: ട്രംപ്
കാപ്പിറ്റോൾ മന്ദിരത്തിലെ രക്തച്ചൊരിച്ചിലിനൊടുവിൽ ഭരണം കൈമാറാൻ സന്നദ്ധത പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ക്രമപ്രകാരമുള്ള കൈമാറ്റം’ ഉറപ്പാക്കുമെന്ന് പറഞ്ഞ ട്രംപ്, രാഷ്ട്രീയത്തിന്റെ മുൻനിരയിൽ താനുണ്ടാകുമെന്നും വ്യക്തമാക്കി.
'തിരഞ്ഞെടുപ്പ് ഫലം പൂർണമായും അംഗീകരിക്കുന്നില്ല. ക്രമപ്രകാരമുള്ള അധികാരമാറ്റം 20ന് നടക്കും. നിയമപ്രകാരമുള്ള വോട്ടുകൾ മാത്രം എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള പോരാട്ടം തുടരും. മഹത്തായ പ്രസിഡന്റ് ചരിത്രത്തിന്റെ ആദ്യഘട്ടം ഇവിടെ അവസാനിക്കുകയാണ്. അമേരിക്കയെ മഹത്തരമാക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമാണിത്.’– ട്രംപ് പറഞ്ഞു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതാണിത്.
ആഷ്ലി ബാബിറ്റ്: ട്രംപ് അനുകൂലി, മുൻ വ്യോമസേനാ ഉദ്യോഗസ്ഥ
കലാപത്തിനിടെ കൊല്ലപ്പെട്ട ആഷ്ലി ബാബിറ്റ് മുൻ വ്യോമസേന ഉദ്യോഗസ്ഥയും ട്രംപ് അനുകൂലിയുമാണ്. കാലിഫോർണിയയിലെ സാൻ ഡിയാഗോ സ്വദേശിനിയായ ആഷ്ലി ഡൊണാൾഡ് ട്രംപിന്റെ കടുത്ത അനുകൂലിയായിരുന്നു. 14 വർഷം ഇവർ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചെന്നാണ് റിപ്പോർട്ടുകൾ.
കാപ്പിറ്റോൾ കെട്ടിടത്തിന്റെ ഉള്ളിൽ വച്ചാണ് ആഷ്ലിക്ക് വെടിയേറ്റത്. ട്രംപിനെ അനുകൂലിച്ചു കൊണ്ടുള്ള ആഷ്ലിയുടെ ട്വീറ്റുകളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ നടന്ന റാലിയിൽ പങ്കെടുക്കുന്ന വിവരവും ട്വീറ്റുകളിലുണ്ട്. 'ഒന്നിനും നമ്മളെ തടുക്കാനാവില്ല, അവർ എത്ര ശ്രമിച്ചുകൊണ്ടിരുന്നാലും കൊടുങ്കാറ്റ് വാഷിംഗ്ടണിന് മേൽ 24 മണിക്കൂറിനുള്ളിൽ വീശും. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്', എന്നായിരുന്നു ആഷ്ലി ചൊവ്വാഴ്ച ചെയ്ത ട്വീറ്റ്.
കലാപത്തിനിടെ ഇന്ത്യൻ പതാകയും
കാപിറ്റോൾ കലാപത്തിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യൻ പതാക വൈറലാകുന്നു. വീഡിയോ ദൃശ്യങ്ങളിൽ ഇന്ത്യൻ പതാക വ്യക്തമായി കാണാം. എന്നാൽ, പതാക കൈയിലേന്തി നിൽക്കുന്നത് ആരാണെന്നോ ഇത്തരത്തിൽ ഉയർത്തുവാൻ കാരണം എന്താണെന്നോ വ്യക്തമല്ല. ബി.ജെ.പി എം.പി വരുൺ ഗാന്ധി വീഡിയോ ട്വിറ്ററിൽ റീട്വീറ്റ് ചെയ്തിട്ടുണ്ട്. 'എന്തിനാണ് അവിടുയൊരു ഇന്ത്യൻ പതാക. നമുക്ക് തീർച്ചയായും പങ്കെടുക്കേണ്ട ആവശ്യമില്ലാത്ത ഒരു പോരാട്ടമാണത്'-എന്നായിരുന്നു ട്വീറ്റ്.
അപലപിച്ച് ലോകനേതാക്കൾ
വാഷിംഗ്ടണിലെ കലാപത്തെ കുറിച്ചുള്ള വാർത്തകളിൽ ദുഃഖമുണ്ട്. സമാധാനപരമായ ഭരണകൈമാറ്റം നിർബന്ധമായും തുടരേണ്ടതുണ്ട്. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ നടപടികൾ ധ്വംസിക്കപ്പെടാൻ പാടില്ല.
-നരേന്ദ്ര മോദി, ഇന്ത്യൻ പ്രധാനമന്ത്രി
യു.എസ് കോൺഗ്രസിലുണ്ടായത് അപമാനകരമായ രംഗങ്ങളാണ്. ജനാധിപത്യത്തിനായി നിലകൊള്ളുന്ന രാജ്യമാണ് അമേരിക്ക. സമാധാനപരമായും ചിട്ടയോടെയും അധികാരകൈമാറ്റം നടത്തേണ്ടത് അത്യാവശ്യമാണ്.
ബോറിസ് ജോൺസൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി
വാഷിംഗ്ടണിൽ നടന്നത് അമേരിക്കക്കാർക്ക് ചേർന്നതല്ല. ജനാധിപത്യത്തെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്ന കുറച്ചുപേരുടെ അക്രമത്തിന് ഞങ്ങൾ വഴങ്ങില്ല.
- ഇമ്മാനുവൽ മക്രോൺ, ഫ്രഞ്ച് പ്രസിഡന്റ്
കാപിറ്റോളിലെ രംഗങ്ങൾ ജനാധിപത്യത്തിന് നേരെയുളള ആക്രമണമാണ്. ഇതിൽ, കാനേഡിയന് ജനത വളരെയധികം ദുഃഖിക്കുന്നു.
- ജസ്റ്റിൻ ട്രൂഡോ, കനേഡിയൻ പ്രധാനമന്ത്രി
ഇത് രാജ്യത്തിന് നാണക്കേടും അപമാനവുമാണ്. നുണയാണ് ഡൊണാൾഡ് ട്രംപ് നിരന്തരമായി ആവർത്തിക്കുന്നത്. അനുനായികളോട് സത്യം പറയാൻ ട്രംപ് തയ്യാറാകണം.
-ബറാക് ഒബാമ, മുൻ അമേരിക്കൻ പ്രസിഡന്റ്
കലാപകാരികളല്ല, രാജ്യ സ്നേഹികളെന്ന് ഇവാൻക
ക്യാപ്പിറ്റോളിലേക്ക് അതിക്രമിച്ച് കയറിയ കലാപകാരികളെ രാജ്യസ്നേഹികളെന്ന് വിളിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ്. 'അമേരിക്കൻ രാജ്യസ്നേഹികളെ, സുരക്ഷാ വീഴ്ചകളും ക്രമസമാധാന പാലനത്തിൽ തടസം നിൽക്കുന്നതും അംഗീകരിക്കാൻ കഴിയാത്തതാണ്. അക്രമം പെട്ടെന്ന് അവസാനിപ്പിക്കണം. സമാധാനപരമായി നിൽക്കണം' എന്നായിരുന്നു ഇവാൻകയുടെ ട്വീറ്റ്. എന്നാൽ, വിമർശനം ഉയർന്നതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തു.