covid-

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് കാലത്തുണ്ടായ ജാഗ്രതക്കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ള കൊവിഡ് വ്യാപനത്തിന് പിന്നിലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രിയുടെ പ്രതികരണം. കൊവിഡ് വ്യാപനം സർക്കാരിന്റെ വീഴ്ചയല്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. നിർദ്ദേശങ്ങൾ മറികടന്ന് ജനങ്ങൾ കൂട്ടം കൂടിയെന്നും മാസ്‌ക് അടക്കം ഒരു പ്രതിരോധ നടപടികളും സ്വീകരിക്കാൻ ഒരുകൂട്ടം ആളുകൾ തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് കേസുകളിൽ വർദ്ധന രേഖപ്പെടുത്തിയതിനെതുടർന്ന് കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളോട് കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. കൊവിഡിന്റെ പുതിയ വകഭേദം രാജ്യത്തും എത്തിയ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം ഒരു കാരണവശാലും കുറയ്ക്കരുത്. മറ്റുസംസ്ഥാനങ്ങൾ നടപ്പാക്കിയ പരിശോധന, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തൽ, ചികിത്സ എന്നിവ ഉൾപ്പെട്ട പദ്ധതി കാര്യക്ഷമമാക്കണം. മാസ്‌ക് ധരിക്കാനും സാമൂഹ്യ അകലം ഉറപ്പാക്കാനും നാല് സംസ്ഥാനങ്ങളും ജനങ്ങളോട് നിർദ്ദേശിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്.