ലിഫ്റ്റ് ചോദിച്ച് വണ്ടിയിൽ കയറിയ പത്താം ക്ലാസുകാരൻ യുവതിയോട് മോശമായി പെരുമാറിയ സംഭവം മാദ്ധ്യമങ്ങളിൽ വാർത്തയായി വന്നിരുന്നു. സംഭവത്തിലെ ഇരയായ 23കാരി പുറത്തുവിട്ട വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ ചോദ്യം കേട്ട് ഉടനെ താൻ അവനെ സ്‌കൂട്ടറിൽ നിന്നും ഇറക്കിവിട്ടുവെന്നും ഇക്കാര്യം അവന്റെ മാതാപിതാക്കളെയും അവൻ പഠിക്കുന്ന സ്‌കൂളിലും അറിയിക്കുമെന്നും കൊച്ചിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി നോക്കുന്ന യുവതി പറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും യുവതി പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ നിരവധി പേരാണ് യുവതിയുടെ സമയോചിതമായ ഇടപെടലിനെയും സംഭവം തുറന്നുപറയാൻ കാട്ടിയ മനസിനെയും പിന്തുണച്ചുകൊണ്ട് രംഗത്തുവന്നത്. എന്നാൽ ഇക്കാര്യത്തിൽ യുവതിയെ കുറ്റപ്പെടുത്താനും ചിലരുണ്ടെന്ന വസ്തുത ഞെട്ടിപ്പിക്കുന്നത് തന്നെയാണ്.
കുട്ടി യുവതിയെ 'കയറിപിടിച്ചില്ലല്ലോ' എന്നും 'അനുവാദം ചോദിച്ചതല്ലേയുള്ളൂ' എന്നുമാണ് ഇക്കൂട്ടർ ന്യായീകരണം കണ്ടെത്തുന്നത്. ഇക്കൂട്ടരുടെ ചോദ്യങ്ങൾക്ക് അപർണ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.ഇങ്ങനെ ചോദിക്കുന്നവർ സംഭവത്തിന്റെ ഗൗരവം മനസിലാക്കാത്തത് താനൊരു പ്രശ്നമായി തന്നെ കാണുകയാണെന്നും യുവതി പറയുന്നു. ഒരു ചെറിയ കുട്ടി ഇത്തരത്തിൽ ഒരിക്കലും ചോദിക്കാൻ പാടില്ലെന്നും ഇതിനെ നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം ന്യായീകരിക്കുന്നതാണ് പ്രശ്നമെന്നും അപർണ വ്യക്തമാക്കി.
താൻ പരാതിയുമായി മുന്നോട്ട് പോകുന്നത് കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ വേണ്ടിയല്ലെന്നും കുട്ടിയുടെ വീട്ടുകാരും അദ്ധ്യാപകരും ഈ സംഭവം അറിയേണ്ടതുണ്ടെന്നും അപർണ വ്യക്തമാക്കി. യാതൊരു മുൻപരിചയവുമില്ലാത്ത തന്നോട് ഇങ്ങനെ പെരുമാറിയെങ്കിൽ കൂടെ പഠിക്കുന്ന പെൺകുട്ടികളോട് അവൻ എങ്ങനെയാകും പെരുമാറുക. അങ്ങനെ പെരുമാറിയാൽ ചെറിയ പെൺകുട്ടികൾ അത് തുറന്നുപറയാൻ ബുദ്ധിമുട്ടില്ലേ. അപർണ ചോദിക്കുന്നു.