വാഷിംഗ്‌ടൺ: അധികാരം ഒഴിഞ്ഞാലുളള നിയമനടപടികൾ ഒഴിവാക്കാൻ ഡൊണാൾഡ് ട്രംപ് നീക്കം തുടങ്ങി. സ്വയം മാപ്പ് നൽകാൻ പ്രസിഡന്റിന് അധികാരമുണ്ടെന്നാണ് ട്രംപിന്റെ വാദം. കുറ്റാരോപിതർക്ക് മാപ്പ് നൽകാനുളള പ്രസിഡന്റിന്റെ അധികാരം ഉപയോഗിക്കാനാണ് ട്രംപ് നീക്കം നടത്തുന്നത്. നിയമ വിദഗ്ദ്ധരുമായി അദ്ദേഹം കൂടിയാലോചന നടത്തുകയാണ്.
അതേസമയം, രാജ്യത്ത് കലാപത്തിന് ആഹ്വാനം ചെയ്‌തതിന്റെ പേരിൽ യു എസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡൊണാൾഡ് ട്രംപിനെ പുറത്താക്കാനുളള നീക്കവും നടക്കുന്നുണ്ട്. കാലാവധി തീരും മുമ്പ് ഇരുപത്തഞ്ചാം ഭരണഘടനാ ഭേദഗതി പ്രകാരം പ്രസിഡന്റിനെ സ്ഥാനഭ്രഷ്‌ടനാക്കണമെന്ന് ഡെമോക്രാറ്റിക് പാർട്ടി ആവശ്യപ്പെടുന്നു. എന്നാൽ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഈ നീക്കത്തെ എതിർക്കുകയാണ്.
ഇതിനിടെ, കാപിറ്റോൾ മന്ദിരം ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയുണ്ടായ കലാപത്തിൽ ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനും മരിച്ചു. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ട്രംപിനാണെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ കുറ്റപ്പെടുത്തി. കോൺഗ്രസിൽ ട്രംപ് അനുകൂലികൾ നടത്തിയത് പ്രതിഷേധമല്ലെന്നും മറിച്ച് കലാപമാണെന്നും ബൈഡൻ പറഞ്ഞു.
ബൈഡന്റെ വിജയത്തിന് പാർലമെന്റ് അംഗീകാരം നൽകിയതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു നിയുക്ത പ്രസിഡന്റ് ട്രംപിനെതിരെ തുറന്നടിച്ചത്. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌ത് ട്രംപ് നടത്തിയ പ്രസ്‌താവനകളാണ് കലാപനത്തിന് കാരണമെന്ന് യു കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കുറ്റപ്പെടുത്തി. ആക്രമണങ്ങളെ പുകഴ്‌ത്തുന്ന വീഡിയോകൾ നിരോധിച്ചതായി ടിക് ടോക് അറിയിച്ചു.