തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്ന ബജറ്റിൽ ജനപ്രീയ പദ്ധതികൾ ഉണ്ടാകുമെന്ന് സൂചന. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാനും റബറിന്റെ താങ്ങുവില ഉയർത്താനുമാണ് സാദ്ധ്യത. തൊഴിൽ സൃഷ്‌ടിക്കുന്നതിനായുളള പുതുപദ്ധതികളും പതിനഞ്ചാം തീയതി അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാകുമെന്നാണ് വിവരം.
ജനക്ഷേമപദ്ധതികൾ തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെന്ന സി പി എം വിലയിരുത്തൽ ബജറ്റിനെ സ്വാധീനിക്കും. ഇത്തവണ അധികവിഭവസമാഹരണത്തിനുളള നിർദേശമൊന്നും ഉണ്ടാവില്ല. കൊവിഡിന്റെ കെടുതി തുടരുന്നതിനാൽ മുണ്ടുമുറുക്കിയുടുക്കുന്നതിന് പകരം സാദ്ധ്യമായ രീതിയിലൊക്കെ ജനത്തിന് പണം നൽകും.
തിരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനം ചെയ്‌തപോലെ ക്ഷേമപെൻഷൻ 1500 രൂപയാക്കിയെങ്കിലും ഇത്തവണ വീണ്ടും വർദ്ധിപ്പിക്കാനാണ് സാദ്ധ്യത. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശത്തിന്റെ പ്രയോജനം പൂർണതോതിൽ ലഭിക്കാൻ റബറിന്റെ അടിസ്ഥാനവില 150ൽ നിന്ന് നൂറ്റിഎഴുപത്തിയഞ്ചോ ഇരുന്നൂറോ ആക്കി ഉയർത്താനും സാദ്ധ്യതയുണ്ട്.
കൊവിഡിനെ തുടർന്ന് കഴിഞ്ഞ മേയിൽ നികുതി കൂട്ടിയതിനാൽ ഇത്തവണ മദ്യത്തിന്റെ നികുതി ഉയർത്തിയേക്കില്ല. കിഫ്ബി വഴി വൻകിട പദ്ധതികൾ ഇത്തവണ പ്രഖ്യാപിക്കില്ല. നിലവിലെ പദ്ധതികൾ നടപ്പാക്കുന്നതിൽ ശ്രദ്ധിക്കും. 15000 കോടിയുടെ പദ്ധതികൾ അടുത്ത വർഷം പൂര്‍ത്തിയാകുമെന്ന് ധനമന്ത്രി അവകാശപ്പെടുന്നു.