p

നിർമ്മാണം പൂർത്തിയാക്കിയ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നതോടെ ദേശീയ പാതയിലെ പ്രത്യേകിച്ച് കൊച്ചിയിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകും.

സംസ്ഥാന സർക്കാർ കിഫ്ബി മുഖാന്തിരം 169 കോടിരൂപ ചെലവഴിച്ചാണ് ദേശീയപാതയിലെ ഈ രണ്ട് മേൽപ്പാലങ്ങളുടെയും നിർമ്മാണം പൂർത്തീകരിച്ചത്. നാലുവരിയായി നിർമ്മിച്ച ഈ മേൽപ്പാലങ്ങളുടെ നിർമ്മാണ മേൽനോട്ടം പൂർണമായും നിർവ്വഹിച്ചത് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗമാണ്.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കൊല്ലം മുതൽ എറണാകുളം വരെയുള്ള 150 കിലോമീറ്റർ ദൂരത്തിൽ രണ്ട് ബൈപ്പാസുകളും മൂന്ന് മേൽപ്പാലങ്ങളും ഉൾപ്പെടെ സംസ്ഥാന സർക്കാർ 950 കോടി രൂപ ചെലവഴിച്ച അഞ്ച് പദ്ധതികളാണ് യാഥാർത്ഥ്യമാക്കിയത്. ഇത് അഭിമാനാർഹമായ നേട്ടമാണ്. പൊതുമരാമത്ത് വകുപ്പിന് നേതൃത്വം നൽകുന്ന മന്ത്രി ജി.സുധാകരന്റെ ഇച്ഛാശക്തിയും ഭരണനൈപുണ്യവും ഈ നേട്ടം കൈവരിക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചതെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.അദ്ദേഹത്തെ അഭിനന്ദിക്കാൻ കൂടി ഞങ്ങൾ ഈ അവസരം വിനിയോഗിക്കുകയാണ്.

കന്യാകുമാരി ദേശീയപാതയും, എറണാകുളം - ഏറ്റുമാനൂർ സംസ്ഥാനപാതയും സന്ധിക്കുന്ന വൈറ്റില ജംഗ്ഷനിലെയും ,കൊച്ചി - ധനുഷ്കോടി ,പനവേൽ -കന്യാകുമാരി ,കുണ്ടന്നൂർ - വെല്ലിംഗ്ടൺ ഐലണ്ട് എന്നീ ദേശീയപാതകൾ സംഗമിക്കുന്ന കുണ്ടന്നൂരിലെയും ഗതാഗതക്കുരുക്ക് ഒരിക്കലെങ്കിലും അനുഭവിച്ചവർക്ക് ഈ മേൽപ്പാലങ്ങൾ എത്ര ആശ്വാസകരമാകുമെന്ന് തിരിച്ചറിയാനാകും. ജനങ്ങളെ വലയ്ക്കുന്ന കൊച്ചിയിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് ഞങ്ങൾതന്നെ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ മേൽപ്പാലങ്ങൾ വരുന്നതോടെ ജനങ്ങളുടെ വിലപ്പെട്ട സമയം പാഴാവുന്നത് ഒഴിവാക്കാനാകുമെന്നത് വലിയ കാര്യംതന്നെയാണ്

കാലമേറെ എടുത്തിട്ടാണെങ്കിലും ആലപ്പുഴ ബൈപ്പാസും ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സമയം ലഭിച്ചാലുടൻ ഉദ്ഘാടന തീയതി പ്രഖ്യാപിക്കും. വിവാദങ്ങളുടെ ചുഴിയിൽപ്പെട്ട പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണം ഇ.ശ്രീധരന്റെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. മേയ് മാസത്തിൽ പണികൾ പൂർത്തിയാകും.റോഡുകളും പാലങ്ങളും ഒരു സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തെ മാത്രമല്ല ജനങ്ങളുടെ ദൈനംദിന ജീവിത ചലനങ്ങളെയും നിർണായകമായി സ്വാധീനിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അതിവേഗം സഞ്ചരിക്കാനുള്ള മാർഗങ്ങൾ വ്യവസായികളെയും ആകർഷിക്കും.

ഈ സർക്കാർ അധികാരമേറ്റപ്പോൾ മന്ത്രി ജി.സുധാകരൻ പുതിയകാലം പുതിയ നിർമ്മാണം എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച് പൊതുമരാമത്ത് വകുപ്പിനു കീഴിലുള റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും എല്ലാം നിർമ്മാണത്തിൽ നൂതനമായ മാർഗങ്ങൾ ആവിഷ്ക്കരിച്ചത് ശ്രദ്ധേയമായിരുന്നു.നിർമ്മാണരീതിയിൽ ആധുനിക സാങ്കേതിക വിദ്യ പ്രയോഗിക്കുകയും നിർമ്മാണ പുരോഗതി മന്ത്രി നേരിട്ട് ഓരോ ഘട്ടത്തിലും അവലോകനം ചെയ്യുകയും ചെയ്തു. അഴിമതി ഇല്ലാതാക്കാനുള്ള അദ്ദേഹത്തിന്റെ തീവ്രശ്രമം വലിയതോതിൽ വിജയം കാണുകയുണ്ടായി.അഴിമതിക്കു നേരത്തെ കുപ്രസിദ്ധിയാർജ്ജിച്ച പൊതുമരാമത്ത് വകുപ്പിൽ ഒരു ശുദ്ധികലശത്തിനാണ് മന്ത്രി മുതിർന്നത്. നടപടികളുടെ ഭാഗമായി രണ്ട് ചീഫ് എഞ്ചിനീയർമാരടക്കം 364 ജീവനക്കാരെ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ സസ്പെൻഡ് ചെയ്തുവെന്നു പറഞ്ഞാൽ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വ്യാപ്തി ബോദ്ധ്യമാകും.ശിക്ഷിക്കുകയെന്നതിനപ്പുറം അവരെ തെറ്റുതിരുത്തി സർവ്വീസിലേക്ക് തിരിച്ചുകൊണ്ടുവരാനും മന്ത്രി മുൻകൈയ്യെടുത്തു.ഇനി ആറുപേർ മാത്രമെ അക്കൂട്ടത്തിൽ സർവ്വീസിൽ തിരിച്ചെത്താനുളളു.

കേന്ദ്ര സഹായം ആവശ്യമായ പദ്ധതികൾക്ക് നേരിട്ട് അഭ്യർത്ഥന നടത്താനും പൂർണ്ണസഹകരണം നേടിയെടുക്കാനും പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻകൈയും ഉണ്ടായിരുന്നു.വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കാതെ പിന്തുണ നൽകുന്ന നിലപാടാണ് കേന്ദ്ര സർക്കാർ പൊതുവെ സ്വീകരിച്ചത്. 352 കോടി രൂപ ചെലവഴിച്ച കൊല്ലം ബൈപ്പാസിന്റെ നിർമ്മാണത്തിൽ ഈ സഹകരണം പ്രകടമായിരുന്നു. റെയിൽവെ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂലം മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപ്പാസിന്റെ തടസങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പരിഹരിക്കാനായതും ഓർക്കേണ്ടതാണ്.

ഓരോ വികസന പദ്ധതികളും കാലതാമസം കൂടാതെ പൂർത്തിയാക്കുമ്പോഴാണ് ജനങ്ങൾക്ക് ആത്യന്തികമായ ഗുണം ലഭിക്കുക. താത്ക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി പദ്ധതികൾ നീട്ടിക്കൊണ്ടു പോകുമ്പോൾ ആദ്യം അനുവദിച്ച എസ്റ്റിമേറ്റ് തുകയിലുണ്ടാകുന്ന ഭീമമായ വർദ്ധനവ് സർക്കാരിന് ഭാരിച്ച ബാദ്ധ്യതയാകും വരുത്തി വയ്ക്കുക. വികസന കാര്യത്തിൽ പുതിയൊരു സംസ്കാരം വളർത്തിയെടുക്കാൻ ഏവരും മുന്നോട്ടു വരണം.പുതിയ പാലങ്ങളും റോഡുകളും ഒക്കെ നാടിന്റെ പൊതു സ്വത്താണ്. ആ ബോധം ഭരിക്കുന്നവർക്കു മാത്രം പോരാ എല്ലാവർക്കും ഉണ്ടായിരിക്കണം.