ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെയുളള കർഷകരുടെ സമരം നാൽപത്തിനാലാം ദിവസത്തിലേക്ക് കടന്നതോടെ കർഷക സംഘടനകളുമായി കേന്ദ്രത്തിന്റെ എട്ടാംവട്ട ചർച്ച ഇന്ന് നടക്കും. ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് ചർച്ച. നിയമങ്ങൾ പിൻവലിക്കില്ല എന്ന നിലപാട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വീണ്ടും ആവർത്തിച്ചിട്ടുണ്ട്.
അതേസമയം, താങ്ങുവിലയുടെ കാര്യത്തിൽ നിയമപരമായ പരിരക്ഷ നൽകാമെന്ന കാര്യമാണ് സർക്കാർ മുന്നോട്ട്‌വയ്‌ക്കുന്നത്. എന്നാൽ ഇക്കാര്യം മാത്രമായി ഒരു നീക്കുപോക്കിന് തയ്യാറല്ല എന്ന നിലപാടിലാണ് കർഷകർ. കർഷക സംഘടനകളുമായുളള ചർച്ചയ്‌ക്ക് മുമ്പ് നിലപാട് കടുപ്പിച്ചിരിക്കുകയാണ് സർക്കാർ. കുടുതൽ പരിഷ്ക്കാര നടപടികൾ ഉണ്ടാകുമെന്ന് കൃഷിസഹമന്ത്രി കൈലാഷ് ചൗധരി പറയുന്നു.
വിത്തു ബില്ലും കീടനാശിനി നിയന്ത്രണ ബില്ലും സർക്കാർ പാസാക്കും. അതിനിടെ കർഷക സമരം ഒത്തുതീർപ്പാക്കാൻ ആത്മീയനേതാവിന്റെ പിന്തുണയും കേന്ദ്രസർക്കാർ തേടിയിട്ടുണ്ട്. സിഖ് ആത്മീയനേതാവ് ബാബാ ലഖൻ സിംഗിനെ കണ്ട കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ കർഷകരെ അനുനയിപ്പിക്കാൻ ഇടപെടണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.