തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. സ്‌പീക്കർക്കെതിരേയും സർക്കാരിനെതിരേയും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. അഴിമതി സർക്കാർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. നയപ്രഖ്യാപന പ്രംഗത്തിന് മുമ്പ് സംസാരിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമം നടത്തിയെങ്കിലും നടന്നില്ല. ബഹളം വച്ച പ്രതിപക്ഷ എം എൽ എമാരോട് തന്റെ ഭരണഘടന കർത്തവ്യം ഗവർണർ ഓർമ്മിപ്പിച്ചു. ഗവർണർ നയപ്രഖ്യാപനം തുടർന്നതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തിന് പിന്നാലെ പി സി ജോർജും സഭ വിട്ടു.
ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണ് ഇതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് ആരെയും പട്ടിണി കിടത്താതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചു. കൊവിഡ് മഹാമാരി സാമ്പത്തിക നിലയെ ബാധിച്ചു. കൊവിഡ് കാലത്ത് ആദ്യമായി ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. സൗജന്യ ഭക്ഷ്യകിറ്റും സൗജന്യ ചികിത്സയും അടക്കം സംസ്ഥാനം നൽകിയെന്നും ഗവർണർ ഓർമ്മിപ്പിച്ചു.
പ്രകടനപത്രിക നടപ്പാക്കിയ സർക്കാരാണിത്. നൂറുദിന കർമ്മപരിപാടി പ്രകാരം തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു. മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ മുന്നിൽ നിന്ന സർക്കാരാണിത്. കേന്ദ്ര ആനുകൂല്യങ്ങൾ വാങ്ങിയെടുക്കാൻ സർക്കാരിനായി. ഫെഡറലിസം സംരക്ഷിക്കുന്നതിൽ കേരളം മുന്നിലാണ്.
കേരളം മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമെന്നാണ് നിക്ഷേപകർ കരുതുന്നത്. പ്രവാസി പുനരധിവാസത്തിന് മുൻഗണന നൽകും. സാമൂഹ്യ സുരക്ഷ പെൻഷനുകൾ കൂട്ടി. പരമാവധി തൊഴിൽ ഉറപ്പാക്കുമെന്നും ഗവർണർ വ്യക്തമാക്കി.
കൊവിഡ് മൂലമുളള സാമ്പത്തിക മാന്ദ്യം നേരിടാൻ ഇപ്പോഴത്തെ സാമ്പത്തിക സഹായം പോരാ
ഗെയിൽ പദ്ധതി അഭിമാനകരം
സന്നദ്ധ സേവകരുടെ പ്രവർത്തനം കൊവിഡ് കാലത്ത് നല്ലതുപോലെ ഉപയോഗിക്കാൻ കഴിഞ്ഞു
കേന്ദ്രത്തിന്റെ കാർഷിക-വാണിജ്യ കരാറുകളെ അപലപിക്കുന്നു
മത്സ്യത്തൊഴിലാളി മേഖലയ്‌ക്കായി നിരവധി പദ്ധതികൾ ആവിഷ്‌കരിക്കാനായി
വാണിജ്യ കരാറുകൾ റബർ പോലുളള വിളകളെ തകർക്കും
കൊവിഡ് പ്രതിരോധത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിൽ സർക്കാർ വിജയിച്ചു
കാർഷിക നിയമം താങ്ങുവില സമ്പ്രദായത്തെ തകർക്കും
കാർഷിക ഭേദഗതി പൂഴ്‌ത്തിവയ്‌പ്പിന് കളമൊരുക്കും
ഈ സാമ്പത്തിക വർഷം ക്ഷേമപ്രവർത്തനങ്ങൾക്കായി 8000 കോടി ചെലവഴിച്ചു
കാർഷിക സ്വയംപര്യാപ്‌തതക്ക് കേരളം ശ്രമിക്കും
കർഷക സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനിൽപ്പ്
കേരളം പോലുളള ഉപഭാക്‌തൃ സംസ്ഥാനങ്ങൾക്ക് കാർഷിക നിയമ ഭേദഗതി തിരിച്ചടിയുണ്ടാക്കും
കാർഷിക നിയമഭേദഗതി കുത്തകകളെ സഹായിക്കാൻ
പൗരത്വപ്രശ്‌നത്തിൽ മതേതരത്വത്തിനായി നിലകൊണ്ടു
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴെയാക്കുകയാണ് ലക്ഷ്യം
പോസ്റ്റ് കൊവിഡ് രോഗികളേയും കൃത്യമായി പരിശോധിക്കാനുളള സംവിധാനം ഒരുക്കി
സംസ്ഥാനത്ത് മുഴുവൻ സാമൂഹിക അടുക്കള തുടങ്ങാനായി
കൊവിഡ് കാലത്ത് ഏകോപനത്തോടെ പ്രവർത്തിച്ചു
സുസ്ഥിര വികസനത്തിന് കേരള ബാങ്ക് സഹായകരമാകും
കേന്ദ്രഏജൻസികൾ വികസനത്തിന് തുരങ്കം വയ്‌ക്കാൻ ശ്രമിച്ചു
സർക്കാരിന്റെ അഭിമാന പദ്ധതികൾ തടസപ്പെടുത്താൻ ശ്രമം
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നിന്നു
സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കും
പൊതുമേഖലയെ സർക്കാർ ശക്തിപ്പെടുത്തി
തദ്ദേശപോരിൽ ജനവിശ്വാസം ആർജിക്കാനായി