speaker

തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ കസ്‌റ്റംസിന് മുന്നിൽ ഹാജരായി. ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അയ്യപ്പൻ കസ്‌റ്റംസിന് മുന്നിലെത്തിയത്. ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാൻ പ്രത്യേക പരിരക്ഷയില്ലെന്ന് വ്യക്തമാക്കിയ കസ്റ്റംസ്, ഇന്നലെ വീണ്ടും നോട്ടീസ് നൽകിയതോടെ ഇന്നു ഹാജരാകാൻ തീരുമാനിക്കുകയായിരുന്നു.

റൂൾസ് ഒഫ് ബിസിനസ് 165 ചട്ടപ്രകാരം സ്പീക്കറുടെ ജീവനക്കാർക്കും പരിരക്ഷ ബാധകമാണെന്ന് നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ നൽകിയ കത്ത് സ്വീകാര്യമല്ലെന്ന് കസ്റ്റംസ് മറുപടി നൽകുകയായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല ചട്ടം 165 എന്ന് മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. സെക്രട്ടറിയെ ചോദ്യംചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ല. അറസ്റ്റ് ചെയ്യുകയാണെങ്കിൽ മാത്രമേ അനുമതി ആവശ്യമുള്ളൂവെന്ന് കസ്റ്റംസ് വ്യക്തമാക്കുകയും ചെയ‌്തു. സ്പീക്കറുടെ യാത്രാവിവരങ്ങളും സന്ദർശകരുടെ വിവരങ്ങളും ടൂർ ഡയറിയിലെ വിവരങ്ങളും തേടിയാണ് അയ്യപ്പനെ ചോദ്യം ചെയ്യുന്നത്.